സന്തോഷ് ട്രോഫി: ബംഗാളിനെയും വീഴ്ത്തി കേരളം
text_fieldsകൊൽക്കത്ത: നിലവിലെ ജേതാക്കളായ ബംഗാളിനെ നാട്ടുകാർക്ക് മുന്നിൽ കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് റൗണ്ടിൽ ഒന്നാമത്. ഗ്രൂപ് ‘എ’യിലെ അവസാന മത്സരത്തിൽ കരുത്തരായ എതിരാളിക്ക് മുന്നിൽ ഗോളിനായി അലഞ്ഞ കേരളത്തിന് 90ാം മിനിറ്റിലാണ് വിജയഗോൾ കണ്ടെത്താനായത്. സമനിലയെന്നുറപ്പിച്ചിരിക്കെ മുന്നേറ്റ താരം കെ.പി. രാഹുലിെൻറ ബൂട്ടിൽ നിന്നായിരുന്നു മനോഹരമായ ഗോളിെൻറ പിറവി. ഇതോടെ തുടർച്ചയായ നാലു ജയവുമായി 12 പോയൻറ് നേടിയ കേരളം ഗ്രൂപ് ജേതാക്കളായാണ് സെമിയിൽ ഇടംപിടിച്ചത്.
‘ബി’ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാവും സെമിയിലെ എതിരാളി. ഇന്നത്തെ മിസോറം x കർണാടക, പഞ്ചാബ് x ഗോവ മത്സരം കഴിഞ്ഞാൽ ഇക്കാര്യത്തിൽ തീർപ്പാവും.
ബംഗാളിനെ നേരിടും മുേമ്പ സെമി ഉറപ്പിച്ച കേരളം െപ്ലയിങ് ഇലവനിൽ സുപ്രധാന മാറ്റങ്ങൾക്ക് തയാറായി. ഒന്നാം നമ്പർ ഗോളി മിഥുന് പകരം ഹജ്മലായിരുന്ന വലകാത്തത്. ജിതിൻ ഗോപാലൻ, ജിയാദ് ഹസൻ, ജസ്റ്റിൻ ജോർജ് എന്നിവർക്ക് പകരം ശ്രീരാഗ്, ഷംനാസ്, വിബിൻ തോമസ് എന്നിവർ പകരക്കാരായി. എം.എസ്. ജിതിൻ, അഫ്ദാൽ എന്നിവർ കളത്തിലിറങ്ങി. ആദ്യ മിനിറ്റുമുതലേ ആക്രമിച്ചുകളിച്ചെങ്കിലും പ്രതിരോധത്തിൽ ഇരുനിരയും വിട്ടുവീഴ്ച ചെയ്തില്ല. എണ്ണംപറഞ്ഞ അരഡസനോളം മുന്നേറ്റങ്ങളിലൂടെ കേരളം ബംഗാൾ ഗോൾമുഖം വിറപ്പിച്ചെങ്കിലും നിർഭാഗ്യവും എതിരാളിയുടെ മിടുക്കുംകൊണ്ട് ഗോൾ അകന്നു. ബംഗാളും സമാനമായ അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. ഒടുവിൽ ഇഞ്ചുറി ടൈം വിസിലിനു മുന്നിൽ ജിതിൻ നൽകിയ ലോക്രോസിൽ രാഹുൽ ആതിഥേയ വലകുലുക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്ര മണിപ്പൂരിനെ 7-2ന് തരിപ്പണമാക്കി. ആദ്യ പകുതിയിൽ 1-2ന് പിന്നിൽ നിന്ന ശേഷമായിരുന്നു മഹാരാഷ്ട്രയുടെ ഉജ്ജ്വല തിരിച്ചുവരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.