സന്തോഷ് ട്രോഫി: തകർപ്പൻ പ്രകടനവുമായി കേരളം സെമിയിൽ
text_fieldsകൊൽക്കത്ത: കണക്കുകൂട്ടൽ പിഴക്കാതെ 72ാമത് സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളം സെമിഫൈനലിൽ. ഗ്രൂപ് ‘എ’യിലെ മൂന്നാം മത്സരത്തിൽ മഹാരാഷ്ട്രയെ 3-0ത്തിന് തോൽപിച്ചാണ് കേരളം സെമിഫൈനൽ ഉറപ്പിച്ചത്. ചണ്ഡിഗഢിനെ ഒരു ഗോളിന് തോൽപിച്ച് ബംഗാളും അവസാന നാലിൽ ഇടംപിടിച്ചു. ഒരു മത്സരം ബാക്കിയിരിക്കെ കേരളത്തിനും ബംഗാളിനും ഒമ്പത് പോയൻറായി. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെതിരായ അവസാന മത്സരത്തിൽ ആശങ്കകളില്ലാതെ കേരളത്തിന് കളത്തിലിറങ്ങാം. ക്യാപ്റ്റൻ രാഹുൽ രാജ്, ജിതിൻ എം.എസ്, രാഹുൽ കെ.പി എന്നിവരാണ് ഗോൾ നേടിയത്.
മണിപ്പൂരിനെ ആറു ഗോളുകൾക്ക് മുക്കിയതിെൻറ ആവേശത്തിലാണ് മഹാരാഷ്ട്രക്കെതിരെ കേരളം കളത്തിലിറങ്ങിയത്. തുടക്കംമുതലെ എതിരാളികൾക്ക് അവസരംനൽകാതെ കേരളം കളംവാണു. എതിർനിരയുടെ പ്രതിരോധവിള്ളൽ മനസ്സിലാക്കി അഫ്ദാലും ജിതിനും മഹാരാഷ്ട്ര ഗോൾമുഖത്ത് അപകടം തീർത്തുകൊണ്ടിരുന്നു. 23ാം മിനിറ്റിൽ എതിരാളികളുടെ കണക്കൂട്ടൽ തെറ്റിച്ച് അനുരാഗ് നൽകിയ ത്രൂപാസാണ് ആദ്യ ഗോളിന് വഴിയൊരുക്കുന്നത്. മഹാരാഷ്ട്ര പ്രതിരോധതാരം പ്രമോദ് പാണ്ഡെയെ മറികടന്ന് ബോക്സിലേക്ക് കുതിച്ച അഫ്ദാൽ ഗോളിനരികെയെത്തിയപ്പോൾ, ഫൗൾ ചെയ്യാനല്ലാതെ മഹാരാഷ്ട്ര താരങ്ങൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സമയം ഒട്ടുംവൈകിക്കാതെ പെനാൽറ്റി സ്പോട്ടിലേക്ക് റഫറി വിരൽചൂണ്ടി. കിക്കെടുത്ത കേരള ക്യാപ്റ്റൻ രാഹുൽ വി. രാജ് ഉന്നംതെറ്റാതെ പന്ത് വലയിലാക്കുകയും ചെയ്തു.
പിന്നാലെ, ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പുതന്നെ ലീഡുയർത്തി കേരളം കളി വരുതിയിലാക്കി. ഇത്തവണ വലതു വിങ്ങിലൂടെ ബോക്സിലേക്ക് കയറി മനോഹരഗോളിൽ ജിതിനാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പ്രതിരോധം കനപ്പിച്ച് കേരളം, മഹാരാഷ്ട്ര മുന്നേറ്റത്തെ തടുത്തിട്ടു. ഇതിനിടക്ക് മധ്യനിരതാരം രാഹുലും (57) മഹാരാഷ്ട്രയുടെ വല കുലുക്കിയതോടെ കേരളം ജയം ഉറപ്പിച്ചു. 27നാണ് കേരളം-ബംഗാൾ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.