സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ആന്ധ്രയെ തകർത്തത് ഏഴ് ഗോളിന്
text_fieldsബംഗളൂരു: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടിൽ കേരളം തകർപ്പൻ ജയത്തോടെ തുടങ്ങി. കളിയിലുടനീളം ആക്രമണം മാത്രം ലക്ഷ്യമിട്ട കേരളം മറുപടിയില്ലാത്ത ഏഴു ഗോളുകൾക്കാണ് ആന്ധ്രയെ കശക്കിയെറിഞ്ഞത്. അണ്ടർ 21 താരം കെ.പി. രാഹുലും കാലിക്കറ്റ് സർവകലാശാല താരം വി.കെ. അഫ്ദലും ഇരട്ട ഗോൾ നേടിയപ്പോൾ സജിത്ത് പൗലോസ്, വിബിൻ തോമസ് എന്നിവർ ഒാരോ ഗോൾ വീതവും നേടി. മികച്ച പ്രകടനത്തിന് കേരളത്തിനുള്ള ആന്ധ്രയുടെ സമ്മാനമായി ഒരു സെൽഫ് ഗോളും പിറന്നു.
പിഴവില്ലാത്ത ലൈനപ്പ്
സന്തോഷ് ട്രോഫിയിൽ ആദ്യമായി മുഖ്യ പരിശീലക വേഷത്തിലെത്തിയ സതീവൻ ബാലെൻറ കണക്കുകൂട്ടലുകളെല്ലാം കൃത്യമായിരുന്നു. 4---4-2 ശൈലിയിൽ വിന്യസിച്ച ടീമിൽ മുന്നേറ്റത്തിന് നിയോഗിച്ചത് അഫ്ദലിനെയും സജിത്ത് പൗേലാസിനെയും. വലതുവിങ്ങിൽ എം.എസ്. ജിതിനും ഇടതു വിങ്ങിൽ കെ.പി. രാഹുലും. രണ്ടുപേരും അണ്ടർ-21 താരങ്ങൾ.
ആദ്യ വിസിൽ മുഴങ്ങി കേരളം പന്ത് തൊട്ടതുമുതൽ ബാറിനു കീഴിൽ മിഥുൻ കാഴ്ചക്കാരനായിരുന്നു. കളിയിൽ ഒരൊറ്റ തവണ മാത്രമാണ് എതിരാളികൾക്ക് കേരള ഗോൾ മുഖം പരീക്ഷിക്കാനായത്. വല്ലപ്പോഴുമുള്ള ആന്ധ്ര നീക്കങ്ങളാകെട്ട കേരള പ്രതിരോധത്തിെൻറ സമർഥമായ ഒാഫ്സൈഡ് കെണിയിൽ കുരുങ്ങുകയും ചെയ്തു.
പ്രതീക്ഷിച്ച തുടക്കം
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ആന്ധ്രവലയിൽ പന്തെത്തിച്ചാണ് കേരളം ആക്രമണം തുടങ്ങിവെച്ചത്. വലതുവിങ്ങിൽനിന്ന് ജിതിൻ നീട്ടി നൽകിയ പാസ് സ്വീകരിച്ച് സമയമൊട്ടും കളയാതെ സജിത്ത് പൗലോസ് വലയിലാക്കുേമ്പാൾ ആന്ധ്ര താരങ്ങൾ കളിയിലേക്ക് ഉണർന്നുവരുന്നതേയുണ്ടായിരുന്നുള്ളൂ. കെ.പി. രാഹുലും ഫോമിലായതോടെ വിങ്ങുകളിൽ കളി മെനഞ്ഞ കേരളം ആദ്യ 20 മിനിറ്റിൽ ഇടതടവില്ലാതെ ആന്ധ്ര ഗോൾമുഖം പരീക്ഷിച്ചു. ആറാം മിനിറ്റിൽ ഷംനാസ് നൽകിയ ക്രോസ് സ്വീകരിച്ച് എതിർ ബോക്സിലേക്ക് കടന്ന രാഹുലിന് സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് ദുർബലമായിരുന്നു.
വൈകാതെ കേരളത്തിെൻറ രണ്ടാംഗോളും ഭാഗ്യത്തിെൻറ പിന്തുണയുള്ള മൂന്നാം ഗോളും പിറന്നു. മധ്യനിരയിൽനിന്ന് സ്വീകരിച്ച പന്ത് അഫ്ദൽ വലതുവിങ്ങിൽനിന്ന് ബോക്സിലേക്ക് മറിച്ചുനൽകിയത് കിട്ടിയപാടെ രാഹുൽ വലയിലേക്ക് തട്ടിയിടുേമ്പാൾ 13 മിനിറ്റേ ആയിരുന്നുള്ളൂ. കാൽമണിക്കൂർ പിന്നിട്ടതോടെ മൂന്നാം ഗോളും വീണു. മൈതാനമധ്യത്തിൽനിന്ന് കൗമാര താരം ജസ്റ്റിൻ ജോർജ് തൊടുത്തുവിട്ട നെടുനീളൻ ഷോട്ട് ക്ലിയർ ചെയ്യുന്നതിനിടെ ആന്ധ്രയുടെ പ്രതിരോധ താരം വിനോദിെൻറ കാലിൽ നിന്ന് വലയിലേക്ക് തെറിക്കുകയായിരുന്നു. ഒത്തിണക്കത്തോടെ കളിച്ച കേരളം നിരവധി അവസരങ്ങൾ തുറന്നെങ്കിലും ആദ്യ പകുതിയിൽ പിന്നീട് ഗോളൊഴിഞ്ഞുനിന്നു. ഇടവേളക്ക് തൊട്ടുമുമ്പ് ജസ്റ്റിൻ- രാഹുൽ-അഫ്ദൽ കൂട്ടുകെട്ട് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഒാഫ്സൈഡ് വിസിൽ മുഴക്കി.
സടകുടഞ്ഞ് രണ്ടാം പകുതി
ബാറിന്കീഴിൽ പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്ന മിഥുനെ തിരിച്ചുവിളിച്ച് രണ്ടാം പകുതിയിൽ എസ്. ഹജ്മലിന് അവസരം നൽകി. കേരളത്തിന് പിന്തുണയുമായെത്തിയ മഞ്ഞപ്പട ഫാൻസ് മുഴക്കിയ ‘വി വാണ്ട് മോർ’ മുദ്രാവാക്യത്തിനും ഫലം കണ്ടു. 49ാം മിനിറ്റിൽ രാഹുലിെൻറ രണ്ടാം ഗോൾ. മധ്യനിരയിൽനിന്ന് ബി.എൽ. ഷംനാസിെൻറ പാസ് സ്വീകരിച്ച് മുന്നേറിയ സജിത്ത് പൗലോസ് വലതുവിങ്ങിൽ ജിതിന് പന്ത് ൈകമാറി. ആന്ധ്ര ബോക്സിലേക്ക് വന്നിറങ്ങിയ ജിതിെൻറ ക്രോസിലേക്ക് ഒാടിയടുത്ത രാഹുൽ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയത് സെക്കൻഡ് പിഴക്കാത്ത കൃത്യതയോടെയായിരുന്നു. നാലു മിനിറ്റുകൾക്ക് ശേഷം കേരള പൊലീസ് താരം വിബിൻ തോമസ് ഫ്രീകിക്കിലൂടെ ടീമിെൻറ അഞ്ചാം ഗോളും കുറിച്ചു. ബോക്സിന് പുറത്ത് സജിത്തിെന ആന്ധ്ര പ്രതിരോധം വീഴ്ത്തിയതിനായിരുന്നു റഫറി ഫ്രീകിക്ക് അനുവദിച്ചത്.
ഗോളിനു പിന്നാലെ രാഹുൽ മികച്ച രണ്ട് അവസരങ്ങളൊരുക്കിയെങ്കിലും മുന്നേറ്റ താരങ്ങൾക്ക് പന്ത് കണക്ട് ചെയ്യാനായില്ല. ഒരേ തിരക്കഥയിലായിരുന്നു ആറാമത്തെയും ഏഴാമത്തെയും ഗോളിെൻറ പിറവി. 63ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധതാരം മുഹമ്മദ് ഷരീഫ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് അഫ്ദൽ തലയിലുരുമ്മി നേരെ ആന്ധ്രവലയിലാണ് വിശ്രമിച്ചത്. 75ാം മിനിറ്റിലായിരുന്നു അവസാന ഗോൾ. വലതു വിങ്ങിൽ ഒാടിക്കകയറിയ ഷരീഫ് നൽകിയ ക്രോസിന് കാൽവെച്ചുകൊടുക്കേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ അഫ്ദലിന്.
കേരള നിരയിൽ അവസാന സമയങ്ങളിൽ ജിതിന് പകരം ശ്രീകുട്ടനും വിബിൻ േതാമസിന് പകരം ലിജോയും കളത്തിലിറങ്ങിയപ്പോൾ ആന്ധ്ര തുടരെ മൂന്നു മാറ്റങ്ങൾ വരുത്തി. കളിയിൽ ആന്ധ്ര താരങ്ങൾ പലപ്പോഴും ഫൗളിന് തുനിഞ്ഞു. മധ്യനിര താരം ഷംനാസിനെ വീഴ്ത്തിയ ആന്ധ്രയുടെ സിങ്കമ്പള്ളി വിനോദ് മഞ്ഞക്കാർഡും കണ്ടു. ഗ്രൂപ്പിൽ മൂന്നു പോയൻറുമായി മുന്നിലുള്ള കേരളത്തിന് തിങ്കളാഴ്ച വൈകീട്ട് നാലിന് തമിഴ്നാടിനെതിരെയാണ് അവസാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.