സെവൻസ് ഫുട്ബാളിന് കിക്കോഫ്; ഇത്തവണ 47 ടൂർണമെൻറുകൾ
text_fieldsമലപ്പുറം: സംസ്ഥാനത്ത് സെവൻസ് ഫുട്ബാൾ ടൂർണമെൻറുകൾക്ക് തുടക്കമായി. പാലക്കാട് ജില്ലയിൽ കുപ്പൂത്ത്, എടത്തനാട്ടുകര എന്നിവിടങ്ങളിൽ ടൂർണമെൻറുകൾ തുടങ്ങി. ചൊവ്വാഴ്ച മമ്പാട്ട് മത്സരം തുടങ്ങും. ടൂർണമെൻറുകളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ പത്തു ശതമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബാക്കി തുക ഫുട്ബാൾ പരിശീലനത്തിനും കളിസ്ഥലങ്ങളുടെ വിപുലീകരണത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്ന് കേരള സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ പറഞ്ഞു.
സീസണിനിടെ റമദാൻ നോമ്പും പാർലമെൻറ് തെരഞ്ഞെടുപ്പും വരുന്നതിനാൽ ഇത്തവണ ടൂർണമെൻറുകൾ കുറവാണ്. മുൻവർഷം 50 ടൂർണമെൻറുകൾ ഉണ്ടായിരുന്നപ്പോൾ ഇൗ വർഷം 47 എണ്ണമാണ്. ഏപ്രിൽ അവസാനത്തോടെ ടൂർണമെൻറുകൾ തീരുന്ന രീതിയിലാണ് സമയക്രമം. ഇക്കുറി മൂന്ന് ഇതര സംസ്ഥാന ടീമുകളടക്കം 37 ടീമുകൾ മാറ്റുരക്കും. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ ഇത്തവണ സെവൻസിനുണ്ട്. മൂന്ന് വിദേശ താരങ്ങൾക്ക് ടീമിൽ കളിക്കാൻ അനുമതി തുടരും. അസോസിയേഷൻ നിയമിക്കുന്ന റഫറിമാരായിരിക്കും കളി നിയന്ത്രിക്കുക. കളിക്കാർക്കും റഫറിമാർക്കും ഇൻഷുറൻസ് പരിരക്ഷ ശക്തിപ്പെടുത്തും. കളിക്കിടെയുണ്ടായ അപകടങ്ങളിൽ മരണം സംഭവിച്ചാൽ ലഭിക്കുന്ന ഇൻഷുറൻസ് ക്ലയിം രണ്ട് ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.