സോറി ഒാസിൽ, താങ്കളെ ജർമനി അർഹിക്കുന്നില്ല
text_fieldsസമകാലിക ഫുട്ബാളിലെ അനുഗൃഹീത കാൽപന്തുകളിക്കാരിൽ മുൻനിരയിലാണ് താങ്കളുടെ സ്ഥാനം. അലസനെന്ന് തോന്നിപ്പിക്കുന്ന പാദചലനങ്ങളോടെ കളത്തിൽ നിലയുറപ്പിക്കുന്ന താങ്കളുടെ മാന്ത്രികസ്പർശമുള്ള കാലുകളിൽനിന്ന് പുറപ്പെടുന്ന മാസ്മരികമായ പാസുകളും കൃത്യതയാർന്ന ഷോട്ടുകളും ലോകത്താകമാനമുള്ള കളിപ്രേമികളുടെ മനസ്സുകളിലേക്കാണ് അസിസ്റ്റുകളായും ഗോളുകളായും പടർന്നുകയറിയത്.
കാൽപന്തുകളിയുടെ സമ്മോഹനമുഹൂർത്തങ്ങളേറെ സമ്മാനിച്ച താങ്കൾ ഇനി ജർമനിയുടെ ജഴ്സിയിൽ പന്തുതട്ടാനില്ലെന്ന് ഹൃദയവേദനയോെട പ്രഖ്യാപിക്കുേമ്പാൾ നഷ്ടം താങ്കൾക്കല്ല, ഫുട്ബാൾ ലോകത്തിനാണ്. ദേശീയ ടീമിനുവേണ്ടി, അത്രമേൽ ദേശസ്നേഹത്തോടെ കളിക്കാൻ ഇനി താങ്കളുണ്ടാവില്ലെന്നത് വിശ്വസിക്കാനാവുന്നില്ല.
സ്വന്തം രാജ്യത്തെ ഫുട്ബാൾ നടത്തിപ്പുകാരിൽനിന്നുള്ള വംശീയതയും അനാദരവും കാരണമാണ് കളി നിർത്തുന്നതെന്ന് പറയുേമ്പാൾ ഫുട്ബാളിലെ വിവേചനവും വംശീയതയും ഒാർത്ത് തലകുനിക്കാതിരിക്കാൻ ആർക്കുമാവില്ല. ഇത്രമാത്രം വംശീയമാണോ ജർമനിയിലെ ഫുട്ബാൾ ഫെഡറേഷെൻറ തലപ്പത്തുള്ളവരുടെ മനസ്സ്? വർണ, വർഗ, മത, ഭാഷ, ദേശ വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കായികയിനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബാളിനുതന്നെ നാണക്കേടാണല്ലോ ജർമൻ ഫുട്ബാൾ ഫെഡറേഷൻ (ഡി.എഫ്.ബി) അധികൃതരേ, നിങ്ങളുടെ ഇൗ വംശീയ കാൽപന്തുകളി.
ഒാസിൽ, ലോകത്തെ ഏതു മികച്ച പ്രതിരോധപ്പൂട്ടും അനായാസ ഡ്രിബ്ലിങ്ങുമായി മറികടക്കുന്ന താങ്കൾ അതേ അനായാസതയോടെ ജർമൻ ഫുട്ബാൾ ഫെഡറേഷെൻറ ടാക്ലിങ്ങിനെയും അതിജീവിച്ചിരിക്കുന്നു. താങ്കളുടെ വേരുകളുള്ള ഒരു നാടിനെ ഇഷ്ടപ്പെടുന്നതും അവിടത്തെ നേതാവിനെ ആദരിക്കുന്നതും തെറ്റായി കാണുന്ന ഒരു രാജ്യത്തെ ഫുട്ബാൾ നടത്തിപ്പുകാർക്കും അതിനെ അനുകൂലിക്കുന്ന ജനവിഭാഗത്തിനും ഫുട്ബാളിെൻറ വിശാലതയെക്കുറിച്ചും അത് മുന്നോട്ടുവെക്കുന്ന സഹവർത്തിത്വത്തെക്കുറിച്ചും വാചാലരാകാൻ എന്തർഹതയാണുള്ളത്?
10 വർഷത്തിനിടെ ജർമനിക്കായി 92 മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുള്ള താങ്കൾ അവയിലോരോന്നിലും കളത്തിലിറങ്ങിയത് രാജ്യത്തിനായി കളിക്കുന്നു എന്ന അഭിമാനത്തോടെയാണ്. ജർമനിക്കായി നേടിയ 23 ഗോളികളിൽ ഒാേരാന്നും ആരാധക ഹൃദയത്തിലെന്നപോലെ താങ്കളും ദേശസ്നേഹത്തിെൻറ ഒാർമച്ചെപ്പുകളിൽ സൂക്ഷിച്ചുവെക്കുന്നുണ്ടെന്നും ഞങ്ങൾക്കറിയാം.
80 വർഷത്തിനുശേഷം ജർമനി ലോകകപ്പിെൻറ നോക്കൗട്ട് റൗണ്ടിലെത്താതെ മടങ്ങിയതിന് കാരണക്കാരിൽ മുന്നിൽ ദേശീയ ടീം കോച്ച് യൊആഹിം ലൊയ്വാണ്, ടീം ഡയറക്ടർ ഒലിവർ ബിയേറാഫാണ്, സർവോപരി ജർമൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് റെയ്ൻഹാർഡ് ഗ്രിൻഡൽ ആണ്. താങ്കളടക്കമുള്ള ടീമിനും അതിെൻറ ഉത്തരവാദിത്തമുണ്ടെങ്കിലും താങ്കൾ മാത്രമാണ് അതിന് ബലിയാടാക്കപ്പെട്ടത്. നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളും താങ്കൾക്കൊപ്പം നിന്നില്ല.
ഒാസിൽ, നിങ്ങളെ കുറിച്ചോർത്ത് അഭിമാനമുണ്ട്. ഗ്രിൻഡലിന് തെൻറ ജോലി ശരിക്ക് ചെയ്യാനറിയാത്തതിന് ബലിയാടാവാൻ എന്നെ കിട്ടില്ല എന്ന് ധീരതയോടെ തുറന്നടിച്ച താങ്കളുടെ നിലപാട് സത്യസന്ധമാണ്.
തികച്ചും വംശീയവും വിവേചനപരവുമായ നിലപാടാണ് ജർമനിയുടേത്. മനുഷ്യാവകാശവിരുദ്ധനെന്ന് മുദ്രകുത്തുന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനോടൊപ്പം താങ്കളും സഹതാരം ഇൽകായ് ഗുണ്ടോഗനും ഫോേട്ടായെടുത്തത് വിവാദമാക്കുന്നവർക്ക് ഇതിഹാസതാരം ലോതർ മത്തേവൂസ് യൂറോപ്പും അമേരിക്കയും മനുഷ്യാവകാശവിരുദ്ധനെന്ന് വിളിക്കുന്ന വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതൊന്നും വിഷയമല്ല. കാരണം, മത്തേവൂസ് കുടിയേറ്റ പശ്ചാത്തലമുള്ളവനല്ലല്ലോ.
സോറി ഒാസിൽ, താങ്കളെപ്പോലൊരു വ്യക്തിയെ ഇൗ ജർമൻ ഫുട്ബാൾ അർഹിക്കുന്നില്ല. താങ്കളുടെ കളി ഞങ്ങൾക്ക് കാണാതിരിക്കാനാവില്ല. ജർമൻ ജഴ്സിയിൽ അതിനി സാധ്യമല്ലെങ്കിലും ആഴ്സനലിെൻറ കളിക്കുപ്പായത്തിൽ താങ്കളുടെ ചുവടുകൾക്കായി ഞങ്ങൾ കാത്തിരിക്കും.
വിരമിക്കൽ പ്രഖ്യാപിച്ച് ഒാസിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ
ജയിക്കുേമ്പാൾ മാത്രം ഞാൻ അവർക്ക് ജർമൻകാരനാണ്. തോൽക്കുേമ്പാൾ കുടിയേറ്റക്കാരനും. ജർമനിക്കായി ലോകകപ്പ് നേടിയിട്ടും, ഇവിടെ നികുതി അടച്ചിട്ടും, സ്കൂളുകൾ പണിതിട്ടും സമൂഹം എന്നെ അംഗീകരിക്കുന്നില്ല. ഒരുപിടി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടും അവർക്ക് അന്യനാവുന്നു. ഇതിന് വല്ല മാനദണ്ഡവുമുണ്ടോ. മിറോസ്ലാവ് േക്ലാസെയും, ലൂകാസ് പൊഡോൾസ്കിയും ജർമൻ-പോളിഷുകാരായിട്ടും അവരെ ഒരിക്കൽപോലും അങ്ങനെ പരാമർശിച്ചിട്ടില്ല. പിന്നെങ്ങനെ ഞാൻ മാത്രം ജർമൻ-തുർക്കിക്കാരനാവും. തുർക്കി ആയതാണോ, അതോ ഞാൻ മുസ്ലിം ആയതാണോ?. എന്താണ് യഥാർത്ഥ പ്രശ്നം. ഞാൻ ജനിച്ചതും പഠിച്ചതും ജർമനിയിലാണ്. പിന്നെ എന്നെമാത്രം ജർമൻകാരനായി സ്വീകരിക്കാത്തത് എന്താണ്...?
ഉർദുഗാനൊപ്പമുള്ള ചിത്രത്തിന് രാഷ്ട്രീയലക്ഷ്യമോ പ്രാധാന്യമോ ഇല്ല. എെൻറ കുടുംബത്തിെൻറ, വേരുകളുടെ രാജ്യത്തെ ഏറ്റവും
പ്രധാനപ്പെട്ട വ്യക്തിയെ ആദരിക്കുക മാത്രമാണ് ചെയ്തത്. ഇനി ജർമനിക്കായി അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ ഞാനില്ല.
അതിനുമാത്രം വംശീയതയും അനാദരവുമാണ് ഞാൻ അനുഭവിച്ചത്. വംശീയത ഒരിക്കലും അംഗീകരിക്കപ്പെടരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.