സ്വന്തം മണ്ണിൽ വെനിസ്വേലയോടും സമനില; അർജൻറീനയുടെ ലോകകപ്പ് മോഹങ്ങൾ ആശങ്കയിൽ
text_fieldsബ്യൂണസ് ഐറിസ്: അതിജീവനത്തിനായി പൊരുതുന്ന അർജൻറീന സ്വന്തം മണ്ണിൽ വെനിസ്വേലയോടും സമനില വഴങ്ങിയതോടെ നീലപ്പടയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ആശങ്കയിലായി. തെക്കേ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 1-1 എന്ന സ്കോറിനാണ് വെനസ്വേലയാണ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല, മൗറോ ഇക്കാര്‍ഡി എന്നി സൂപ്പർതാരങ്ങൾ നീലക്കുപ്പായത്തിലിറങ്ങിയിട്ടും സ്വന്തം കാണികള്‍ക്ക് മുന്നില്‍ അര്‍ജന്റീനക്ക് വിജയിക്കാനായില്ല. ലോകകപ്പ് പ്രവേശനമെന്ന സ്വപ്നം നേരത്തേ തകർന്ന വെനസ്വേല അർജൻറീനയെ വെള്ളം കുടിപ്പിച്ചു. രണ്ടാം പകുതിയില്‍ ജോണ്‍ മ്യുറില്ലോ വെനസ്വേലക്കായി ആദ്യ ഗോൾ നേടി. മൂന്ന് മിനിറ്റിനകം അര്‍ജന്റീന തിരിച്ചടിച്ചു. സെല്‍ഫ് ഗോളിലാണ് അര്‍ജന്റീന രക്ഷപ്പെട്ടത്. റോള്‍ഫ് ഫ്‌ളെച്ചറാണ് സ്വന്തം വല കുലുക്കിയത്. ഇതിനിടെ 25-ാം മിനിറ്റില്‍ ഡി മരിയക്ക് പരിക്കേറ്റ് കളം വിട്ടത് അർജൻറീനക്ക് ക്ഷീണമുണ്ടാക്കി.
വെനിസ്വേലയോട് സമനില വഴങ്ങിയതോടെ ഇതോടെ ഇനിയുള്ള രണ്ടു മത്സരങ്ങള്‍ അര്‍ജന്റീനക്ക് നിര്‍ണയാകമായി. ജയിച്ചതുകൊണ്ട് മാത്രം റഷ്യയിലേക്ക് ടിക്കറ്റുറപ്പാവില്ല, എതിരാളികളുടെ ഫലവും ലോകകപ്പ് യോഗ്യതയെ ആശ്രയിക്കും. ഒക്ടോബറില്‍ നടക്കുന്ന മത്സരത്തില്‍ പെറുവും ഇക്വഡോറുമാണ് എതിരാളികള്‍. 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്ക് മാത്രമാണ് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തുള്ളവര്‍ക്ക് പ്ലേ ഒാഫിലൂടെ യോഗ്യത നേടാം.
അതേസമയം മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ഒന്നാം പകുതിയുടെ അധിക സമയത്ത് (47') വില്ല്യനാണ് ബ്രസീലിനായി വലകുലുക്കിയത്. പിന്നീട് 56ാം മിനിറ്റിൽ റെഡാമെല്‍ ഫാല്‍ക്കാവൊ കൊളംബിക്കായി തിരിച്ചടിച്ചു. കൊളംബിയയോട് സമനില വഴങ്ങിയത് ബ്രസീലിനെ ബാധിക്കില്ല. പട്ടികയില്‍ ബ്രസീല്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. അതേസമയം കൊളംബിയ 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്. പെറുവും അര്‍ജന്റീനയും വെല്ലുവിളിയുമായി തൊട്ടുപിന്നിലുണ്ട്. മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാഗ്വയെ പരാജയപ്പെടുത്തി. ഇതോടെ ഉറുഗ്വെ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.