സെവിയ്യക്ക് രണ്ട്ഗോൾ ജയം
text_fieldsമഡ്രിഡ്: എൽ ക്ലാസികോ കഴിഞ്ഞാൽ സ്പെയിൻ ഉറ്റുനോക്കുന്ന ‘സെവിയ്യ ഡെർബി’ വീട്ടിലിരിക്കാൻ വിധിക്കപ്പെട്ട ആരാധകർക്ക് ഒരു വിഡിയോ ഗെയിംപോലെ കടന്നുപോയി. നൂറ്റാണ്ടിലേറെ പഴക്കവും പരസ്പരവൈരവും നുരയുന്ന പോരാട്ടത്തിന് സാധാരണ അരലക്ഷത്തോളം പേർ ഗാലറിയിൽ നിറയും.
പക്ഷേ, കോവിഡിന് ശേഷം സ്പെയിനിലെ ഗാലറി ഉണർന്നപ്പോൾ പഴയതെല്ലാം ഓർമചിത്രംപോലെയായി മാറി. ആളും ആരവവുമില്ലാത്ത സ്റ്റേഡിയം. പക്ഷേ, പന്തിൽ ടച്ച് വീണതോടെ അതെല്ലാം മാറി. ഉഗ്ര പോരാട്ടം കാഴ്ചവെച്ച് സെവിയ്യയും റയൽ ബെറ്റിസും ലാ ലിഗ തിരിച്ചുവരവിന് കിക്കോഫ് കുറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളിന് ജയിച്ച സെവിയ്യ പോയൻറ് പട്ടികയിലെ മൂന്നാം സ്ഥാനത്തിന് ഒന്നുകൂടി സിമൻറിട്ടു.
കോവിഡിനു ശേഷം ആദ്യം പുനരാരംഭിച്ച ജർമനിക്കു പിന്നാലെ കിക്കോഫ് കുറിച്ച യൂറോപ്പിലെ മുൻനിര ലീഗുകളിലൊന്നായ ലാ ലിഗക്ക് ഇനിയുള്ള ദിനങ്ങളിൽ പോരാട്ടം മുറുകും. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷമായിരുന്നു രണ്ടു ഗോളിെൻറയും പിറവി. 56ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൂകാസ് ഒകാംപസ് ടീമിന് മുൻതൂക്കം നൽകി.
അധികം വൈകും മുേമ്പ (62ാം മിനിറ്റ്) ഫെർണാണ്ടോ രണ്ടാംഗോൾകൂടി നേടി വിജയം ഉറപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന ആരോഗ്യ സുരക്ഷകളോടെയാണ് കളി നടന്നത്. പരസ്പര ആലിംഗനമോ, ഗോൾ ആഘോഷമോ ഇല്ല. റഫറിമാരുമായും സാമൂഹിക അകലം. എന്നാൽ, മത്സര ശേഷം വീറുറ്റ ഡെർബിയിൽ ജയിച്ചതിെൻറ സന്തോഷം ഫാൻ സ്റ്റാൻഡിന് മുന്നിലെത്തി ആഘോഷിച്ചാണ് കളിക്കാർ സ്റ്റേഡിയം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.