വിവാദ ഗോൾ ആഘോഷം: താരങ്ങൾക്ക് രണ്ട് മൽസരങ്ങളിൽ വിലക്ക്
text_fieldsമോസ്കോ: സെർബിയ-സ്വിറ്റ്സർലാൻറ് മൽസരത്തിനിടെ ഗോളടിച്ച ശേഷം സ്വിസ് താരങ്ങൾ നടത്തിയ വിവാദമായ ആഹ്ലാദ പ്രകടനത്തിൽ നടപടി. ഗ്രിനിത് സാക്ക, ജെർദാൻ ഷകീരി എന്നീ താരങ്ങൾക്ക് രണ്ടു മൽസരങ്ങളിൽ വിലക്കേർപ്പെടുത്തി. ഗോൾ നേടിയ ശേഷം ഇരുവരും കൈകൾ നെഞ്ചിനോട് ചേർത്ത് വെച്ച് കോസവൊയുടെ കൊടിയടയാളമായ ഇരുതലയുള്ള പരുന്തിെൻറ രൂപം ആംഗ്യത്തിലൂടെ കാണിച്ചിരുന്നു.
90കളിൽ സെർബിയയുടെ വംശീയാധിക്രമത്തിനിരയായ കോസവൻ ജനതയുടെ ഭാഗത്തു നിന്നുള്ള മധുര പ്രതികാരമായാണ് കോസവൻ വേരുകളുള്ള സ്വിസ് താരങ്ങളുടെ ആഹ്ലാദപ്രകടനം വിലയിരുത്തപ്പെട്ടത്. ഏറെ രാഷ്ട്രീയ മാനമുള്ള ഇൗ ആഹ്ലാദ പ്രകടനം കായിക, രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചകൾക്കു വഴി വെച്ചിരുന്നു. താരങ്ങളുടെ പ്രവൃത്തിക്കെതിരെ അതൃപ്തിയുമായി സ്വിസ് കോച്ചും രംഗത്തെത്തിയിരുന്നു. ഫുട്ബോളും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
കോസവയിൽ വേരുകളുള്ള മൂന്ന് താരങ്ങൾ സ്വിസ് ടീമിലുണ്ട്. മത്സരത്തിനു മുമ്പ് തന്നെ ഇത് വാർത്തയിലിടം പിടിച്ചതുമാണ്. സെർബിയക്കെതിരെ കളിക്കാനിറങ്ങിയ ഷകീരിയുടെ ബൂട്ടുകളിലൊന്നിൽ സ്വിസ് പതാകയുടെ ചിഹ്നവും മറ്റൊന്നിൽ കൊസവൊ കൊടിയടയാളവുമായിരുന്നു. ഇങ്ങനെയാവും താൻ മൽസരത്തിനിറങ്ങുകയെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.