പട്ടാളത്തിലും സൺ നമ്പർ വൺ
text_fieldsസോൾ: കളിക്കളത്തിൽ ഒന്നാമനാവുന്ന ശീലം പട്ടാളത്തിലും ഹ്യൂങ് മിൻ സൺ മാറ്റിയില്ല. കോവിഡ് കാരണം ഫുട്ബാളിന് ഫുൾസ്റ്റോപ് വീണപ്പോൾ നാട്ടിലേക്ക് മടങ്ങി സൈനിക പരിശീലനത്തിനിറങ്ങിയ ടോട്ടൻഹാം സൂപ്പർ താരം പട്ടാള പരിശീലനത്തിലും ഒന്നാമതായി. മൂന്നാഴ്ച നീണ്ട പരിശീലനം പൂർത്തിയാക്കിയപ്പോൾ 157 പേരുടെ ബാച്ചിൽ സൺ ഒന്നാമനായി.
ജേജു ദ്വീപിലെ നാവികസേന ക്യാമ്പുകളിലൊന്നായ സ്യോഗ്വിപോയിലായിരുന്നു സണ്ണിെൻറ ട്രെയിനിങ്. ഷൂട്ടിങ്, ശാരീരിക-മാനസിക പരിശീലനം എന്നിവയിൽ മുഴുവൻ മാർക്കും നേടിയ താരത്തിന് മികച്ചരീതിയിൽ പരിശീലനം പൂർത്തിയാക്കുന്നവർക്കുള്ള ‘പിൽസങ്’ പുരസ്കാരം സമ്മാനിച്ചു. സോളിൽ തിരിച്ചെത്തിയ സൺ കോവിഡ് മുൻകരുതലിെൻറ ഭാഗമായി 14 ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞശേഷം ലണ്ടനിലേക്ക് മടങ്ങും. ജൂൺ എട്ടിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
സൈനിക പരിശീലനം പൂർത്തിയാക്കിയ സൺ അടുത്ത 34 മാസത്തിനുള്ളിൽ 544 മണിക്കൂർ സാമൂഹിക സേവനം ചെയ്യണം. ദക്ഷിണ കൊറിയയിൽ ശാരീരികക്ഷമതയുള്ള എല്ലാ പുരുഷന്മാർക്കും ചുരുങ്ങിയത് രണ്ടുവർഷം സൈനിക സേവനം നിർബന്ധമാണ്. 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത് പരിഗണിച്ച് ഹ്യൂങ് മിൻ സണ്ണിന് ഇളവ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.