കാളികാവ് ഫ്രണ്ട്സിെൻറ ഗോൾവലയം കാത്ത മുഹമ്മദ് ഇനി ഓർമ
text_fieldsകാളികാവ്: എൺപതുകളിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് താരം പ്രേംനാഥ് ഫിലിപ് അടക്കമുള്ള ദേശീയതാരങ്ങൾക്കൊപ്പം കാളികാവ് അമ്പലക്കുന്ന് മൈതാനിയിൽ നിറഞ്ഞുകളിച്ച മുഹമ്മദ് ഓർമയായി. കാളികാവ് ഫ്രണ്ട്സ് ക്ലബിന് കീഴിൽ രണ്ടുപതിറ്റാണ്ട് കാൽപന്തുവിസ്മയം പുറത്തെടുത്തിരുന്ന മുഹമ്മദ് ഗോൾ പോസ്റ്റിന് കീഴിലും പ്രതിരോധ നിരയിലും കളിവീര്യം പുറത്തെടുത്ത് പതറാതെ പോരാടിയ കളിക്കാരനായിരുന്നു.
മെയ്വഴക്കംകൊണ്ടും ചടുലതകൊണ്ടും ആദ്യകാല ഫുട്ബാൾ കളിക്കാരിൽ പേരെടുത്ത വ്യക്തിയാണ് മുഹമ്മദ്. വറുതിയുടെ കാലത്ത് ലോഡിങ് ജോലിചെയ്താണ് ക്ഷീണം വകവെക്കാതെ മുഹമ്മദ് കളി മൈതാനത്തെത്തിയിരുന്നത്. ഫ്രണ്ട്സ് ക്ലബ് രൂപവത്കരണത്തിനുശേഷം ജില്ലക്കകത്തും പുറത്തും നിരവധി ടൂർണമെൻറുകളിൽ കളിച്ചു. പ്രശസ്തമായ ഫുട്ബാൾ ലീഗ് മത്സരത്തിൽ ബ്രൂസ് കോഴിക്കോടിനുവേണ്ടി ബൂട്ടണിഞ്ഞു.
1972-73 കാലഘട്ടത്തിൽ കുറ്റിപ്പുറത്തുവെച്ച് നടന്ന ജില്ല ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഫ്രണ്ട്സ് കാളികാവിെൻറ പടയെ നയിച്ചതും ചാമ്പ്യൻമാരാക്കിയതും മുഹമ്മദിെൻറ കളിമികവ് തന്നെയായിരുന്നു. കാളികാവിലെ ആദ്യ കളിക്കാരായ മുഹമ്മദലി, നാണി, അലവിക്കുട്ടി, ശങ്കരൻ, ഖാലിദ്, യൂസഫ്, ഇബ്രാഹീം, അബ്ബാസ് എന്നിവർക്കൊപ്പം ജില്ലയിലുടനീളം നിരവധി സെവൻസ് മൈതാനങ്ങളിൽ കാൽപന്തുകളിയിൽ നിറഞ്ഞുനിന്ന മുഹമ്മദ് 60 പിന്നിട്ടിട്ടും പലപ്പോഴും ബൂട്ടണിഞ്ഞു. അസുഖബാധിതനായി വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.