അവസാന ലാപ്പിൽ കൊച്ചിക്ക് വേഗം
text_fieldsകൊച്ചി: മെല്ലെപ്പോക്കിെൻറ പേരിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ കൊച്ചിയുടെ ഒരുക്കങ്ങൾ അവസാന ലാപ്പിൽ റൈറ്റ് ട്രാക്കിൽ. ഗൗരവമില്ലാതെ ലോകകപ്പിനെ സമീപിച്ചതായിരുന്നു ആദ്യഘട്ടത്തിൽ തിരിച്ചടിയായത്. മാര്‍ച്ചിൽ നവീകരണം പൂര്‍ത്തിയാക്കണമെന്ന് ഫിഫ നിര്‍ദേശിച്ചെങ്കിലും പരിശോധനക്കെത്തിയപ്പോള്‍ എല്ലാം പഴയപടി. നിരാശ പരസ്യമാക്കിയ ഫിഫ അന്തിമതീയതി മേയ് 15 ആക്കി കൊടുത്തതോടൊപ്പം അതിനുള്ളില്‍ കാര്യങ്ങൾ ഒാെക ആയില്ലെങ്കിൽ സംഗതി പ്രശ്നമാകുമെന്ന് മുന്നറിയിപ്പും നല്കി.ആരാധക ബാഹുല്യം കാരണം കൊച്ചിക്ക് സെമിഫൈനല്‍ മത്സരം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇക്കാര്യം ഫിഫ അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് സമ്മതിക്കുകയും ചെയ്തു.
എന്നാൽ, മെല്ലെപ്പോക്കില്‍ അസംതൃപ്തരായ ഫിഫ മത്സരക്രമം പ്രഖ്യാപിച്ചപ്പോള്‍ പ്രാഥമിക മത്സരങ്ങള്‍ക്കുപുറമെ കൊച്ചിയെ ക്വാര്‍ട്ടര്‍ ഫൈനലിലൊതുക്കി. ഫൈനല്‍ നടക്കുന്ന കൊല്‍ക്കത്തയിലേക്ക് നേരിട്ട് വിമാന സര്‍വിസില്ല എന്ന സാങ്കേതിക കാരണത്തില്‍ ആരാധകര്‍ തൃപ്തരല്ല. ഇപ്പോള്‍ സെമിഫൈനല്‍ കൊച്ചിയില്‍ നടത്താന്‍ സമ്മര്‍ദം ചെലുത്താനുള്ള മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശ്രമം എത്രത്തോളം വിലപ്പോവുമെന്ന് കണ്ടറിയണം. പരിശീലന മൈതാനങ്ങളുടെ നവീകരണ ചുമതലയുണ്ടായിരുന്ന കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, കിറ്റ്കോ തുടങ്ങിയ ഏജന്‍സികള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് സെമി നഷ്ടത്തിന് പ്രധാന കാരണം.
അവസാന നിമിഷം ശടപടേ...
പരീക്ഷക്ക് തലേദിവസം ഒന്നിനും സമയം ലഭിക്കാത്ത ഉഴപ്പനായ പഠിപ്പിസ്റ്റിന് തുല്യമാണ് സംഘാടകർ. ആദ്യം അനങ്ങാതിരുന്നവര്‍ ഇപ്പോള്‍ വേഗത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണം അന്തിമഘട്ടത്തിലാണ്. 7000 കസേര ഘടിപ്പിച്ചു. 4500 കസേരകൂടി മാറ്റണം. അഗ്നിശമന സംവിധാനവും ശീതീകരണ ജോലികളും 80 ശതമാനം പൂര്‍ത്തിയായി. 162 പൊതുശൗചാലയവും സ്ഥാപിച്ചു. പരിശീലന മൈതാനമായ മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ ഫ്ലഡ് ലിറ്റ് സ്ഥാപിക്കല്‍ നാലുദിവസത്തിനകം പൂര്‍ത്തിയാകും. പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മൈതാനം, ഫോര്‍ട്ട്കൊച്ചി വെളി, പരേഡ് ഗ്രൗണ്ട് എന്നിവയില്‍ പുല്ല് കിളിര്‍ത്തുതുടങ്ങി. വെളി, പനമ്പിള്ളി നഗര്‍ മൈതാനങ്ങളില്‍ സ്ഥിരം ഫ്ലഡ് ലിറ്റ് സംവിധാനമാണ് ഒരുക്കുന്നത്. എങ്ങനെയെങ്കിലും മേയ് 31നകം പൂര്‍ത്തിയാക്കി ഫിഫക്ക് കൈമാറി മുഖംരക്ഷിക്കാനാണ് അധികൃതരുടെ നെട്ടോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.