പന്തുരുളാൻ ഇനി 49 നാൾ
text_fieldsകൊച്ചി: ലോക കൗമാര മാമാങ്കത്തിേലക്ക് ഇനി 49 ദിവസത്തിെൻറ ദൂരം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ആതിഥ്യംവഹിക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഒക്ടോബർ ആറിന് വൈകീട്ട് അഞ്ചുമണിക്ക് ന്യൂഡൽഹിയിലും നവി മുംബൈയിലും ഒരേസമയം കിക്കോഫ് നടക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊളംബിയ-, ഘാനയെ നേരിടും. ഇതേസമയം, നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ്, തുർക്കിയെയും നേരിടും. ആതിഥേയരായ ഇന്ത്യയും ആദ്യ ദിവസം കളിക്കാനിറങ്ങുന്നുണ്ട്. ഡൽഹിയിൽ രാത്രി എട്ടുമണിക്ക് നടക്കുന്ന മത്സരത്തിൽ കരുത്തരായ യു.എസ്.എയാണ് ഇന്ത്യയുടെ എതിരാളികൾ.
ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോക കിരീടത്തിനായി ഏറ്റുമുട്ടുന്നത്. കൊച്ചിക്ക് പുറമെ ന്യൂഡൽഹി, മുംബൈ, ഗോവ, കൊൽക്കത്ത, ഗുവാഹതി നഗരങ്ങളിൽ ലോക മാമാങ്കം അരങ്ങ് തകർക്കും. ഗ്രൂപ് ഡി മത്സരങ്ങൾക്ക് വേദിയാകുന്ന കൊച്ചിയിൽ ആദ്യ മത്സരം ഒക്ടോബർ ഏഴിന് വൈകീട്ട് അഞ്ചിനാണ്. ഈ ലോകകപ്പിലെ ഗ്ലാമർ പോരാട്ടമാവും ഇത്. ലോക ഫുട്ബാളിലെ കരുത്തിെൻറ പര്യായമായ ബ്രസീലും സ്പെയിനും ഏറ്റുമുട്ടും. ഉത്തര കൊറിയ, നൈജർ ടീമുകളും കൊച്ചിയിൽ കളിക്കുന്നുണ്ട്. ഗോവയിൽ ഗ്രൂപ് സി മത്സരങ്ങൾ കളിക്കുന്ന ജർമനിയുടെ അവസാന ഗ്രൂപ് മാച്ചും കൊച്ചിയിലാണ്.
ഓൺലൈൻ ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. ഇനി ടിക്കറ്റ് വിൽപനയുടെ കാര്യത്തിൽ വൻ പുരോഗതി പ്രതീക്ഷിക്കുന്നുവെന്ന് ടൂർണമെൻറ് ഡയറക്ടർ ഹാവിയർ സെപ്പി പറഞ്ഞു. ടീം ഇന്ത്യക്ക് സമ്പൂർണ പിന്തുണ നൽകണമെന്ന് ലോകകപ്പ് പ്രോജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.