അണ്ടർ 17 ലോകകപ്പ്: പുല്ല് ഓകെയെന്ന് ഫിഫ സംഘം
text_fieldsകൊച്ചി: അണ്ടർ 17 ലോകകപ്പ് വേദികൾ ഫിഫ സംഘം പരിശോധിച്ചു. ഫിഫ ടർഫ് കൺസൽട്ടൻറ് ഡീൻ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളും പരിശോധിച്ചത്. പുൽപ്രതലങ്ങളുടെ കാര്യത്തിൽ സംഘം തൃപ്തി പ്രകടിപ്പിച്ചു. കൊച്ചി മത്സരങ്ങൾക്ക് യോഗ്യമാണെന്ന് ഇവർ ഫിഫക്ക് റിപ്പോർട്ട് നൽകിയെങ്കിൽ മാത്രമേ മത്സരങ്ങൾ കൊച്ചിയിൽ നടക്കൂ. ഗ്രൗണ്ടിലെ പുൽപ്രതലങ്ങളാണ് ഇവർ പരിശോധിച്ചത്. രാവിലെ 10ന് തുടങ്ങിയ പരിശോധന വൈകീട്ട് നാലോടെയാണ് അവസാനിച്ചത്. പുല്ല് വെച്ചുപിടിപ്പിച്ച പരിശീലന മൈതാനങ്ങളിൽ അടുത്തഘട്ടത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഇവർ കരാറുകാർക്ക് നിർദേശം നൽകി. ലോകകപ്പ് മത്സരങ്ങൾക്ക് കൊച്ചിയിലെ പ്രധാന വേദിയായ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സജ്ജമാണെന്ന് സംഘം ഫിഫക്ക് റിപ്പോർട്ട് നൽകും. അനിശ്ചിതത്വത്തിനൊടുവിൽ പ്രധാന കടമ്പയാണ് കൊച്ചി കടന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ കൊച്ചിയിലെ മെല്ലെപ്പോക്കിനെ നിശിതമായി വിമർശിച്ചിരുന്നു.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പുല്ല് വെച്ചുപിടിപ്പിക്കൽ ജോലികൾ നേരത്തേ പൂർത്തിയായിരുന്നു. പരിശീലന മൈതാനങ്ങളിൽ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ മാത്രമാണ് പുല്ല് കിളിർത്തു തുടങ്ങിയത്. പനമ്പിള്ളിനഗർ മൈതാനത്ത് നാലു ദിവസം മുമ്പാണ് പുല്ല് വെച്ചുപിടിപ്പിക്കാൽ പൂർത്തിയായത്. ഫോർട്ടുകൊച്ചി വെളി, പരേഡ് മൈതാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ജോലികൾ പൂർത്തിയായത്. സ്റ്റേഡിയങ്ങളിലെ പ്രതലങ്ങളുടെ കാര്യത്തിൽ പരിശോധന സംഘത്തിന് സംശയമൊന്നുമില്ലെന്നും ഇവർ ഫിഫക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്നും നോഡൽ ഓഫിസർ പി.എ.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.