കൗമാര ലോകകപ്പിലെ പ്രായത്തട്ടിപ്പ്
text_fieldsകൗമാര ലോകകപ്പിൽ പന്തുതട്ടുന്ന താരങ്ങളെല്ലാം സഹസ്രാബ്ദത്തിൽ പിറന്നവരാവണമെന്നാണ് ഫിഫയുടെ നിർദേശം. 24 ടീമുകളിലെ 504 താരങ്ങളും 18ന് ചുവടെ പ്രായമുള്ളവരായിരിക്കണമെന്ന് ചുരുക്കം. പക്ഷേ, ആവശ്യമായ തീയതിയിൽ ജനന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനും പ്രായം തിരുത്താനും ബുദ്ധിമുട്ടില്ലാത്ത ആഫ്രിക്കയിലേത് പോലുള്ള രാജ്യങ്ങളിലെ താരങ്ങളുടെ പ്രായം തെളിയിക്കുക ഫിഫക്കും എന്നും തലവേദനയാണ്. പക്ഷേ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫിഫ ഇക്കാര്യത്തിലും ശാസ്ത്രീയ മാർഗത്തിലായി കഴിഞ്ഞു.
നൈജീരിയൻ തട്ടിപ്പ്
അഞ്ചു തവണ കൗമാര ലോകകിരീടമണിഞ്ഞ നൈജീരിയയാണ് പ്രായത്തട്ടിപ്പിൽ പരസ്യമായി പിടിക്കപ്പെട്ടവർ. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ അവർക്കെതിരെ ആരോപണവുമുന്നയിച്ചിരുന്നു. തുടർച്ചയായി രണ്ടു തവണ ലോകചാമ്പ്യന്മാരായവർക്ക് ഇക്കുറി യോഗ്യത നേടാനാവാതെ പോയതിനു പിന്നിലും ഇൗ പ്രായത്തട്ടിപ്പ് പിടികൂടിയതായിരുന്നു കാരണം. 2016 ആഗസ്റ്റിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിന് തലേന്നായിരുന്നു തട്ടിപ്പ് പുറത്തായത്.
നൈജറുമായി ആദ്യ ഹോം മത്സരത്തിനൊരുങ്ങവെ തലേദിവസം നടന്ന പരിശോധനയിൽ 28 അംഗ ടീമിലെ 26 പേരും 17ന് മുകളിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തി. കോച്ച് അടക്കം മുഴുവൻ പേരെയും ആഫ്രിക്കൻ ഫെഡറേഷൻ അയോഗ്യരാക്കി. തട്ടിക്കൂട്ടിയ ടീമുമായി അടുത്ത ദിവസം ഇറങ്ങിയ ലോകചാമ്പ്യന്മാർ 1-0ത്തിന് കഷ്ടിച്ച് ജയിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞ് നടന്ന എവേമാച്ചിൽ ദയനീയമായി തോറ്റു (3-1). അരങ്ങേറ്റക്കാരായ നൈജർ ആഫ്രിക്കൻ നേഷൻസിന് യോഗ്യത നേടിയപ്പോൾ അഞ്ചു തവണ ജേതാക്കളായ നൈജീരിയയുടെ ലോകകപ്പ്, ആഫ്രിക്കൻ നേഷൻസ് സ്വപ്നം തകർന്നടിഞ്ഞു. 2013 ലോകകപ്പിലും സമാന സംഭവം നൈജീരിയക്കുണ്ടായിരുന്നു. അന്ന് പ്രധാന താരങ്ങളില്ലാതെയാണ് അവർ കളിച്ചതും കിരീടമണിഞ്ഞതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.