വിക്കറ്റിന് പിന്നിൽ നിന്ന് ഗോൾ പോസ്റ്റിന് മുന്നിൽ
text_fieldsചീറിയെത്തുന്ന പന്തുകളെ അടിച്ചുപറത്തിയ സചിൻ ടെണ്ടുൽകറുടെ ബാറ്റും വിക്കറ്റിനു പിറകിൽ ചോരാത്ത കൈയുമായി നിന്ന ആദം ഗിൽക്രിസ്റ്റിെൻറ ഗ്ലൗസും പ്രതിരോധത്തിെൻറ വൻമതിലുകൾ തീർത്ത രാഹുൽ ദ്രാവിഡിെൻറ കഠിനാധ്വാനവുമെല്ലാം നിറഞ്ഞ കൗമാരസ്വപ്നങ്ങളിൽ അഭിരമിക്കവെ ഫുട്ബാൾ താരത്തിലേക്കുള്ള വലിയ മാറ്റമായിരുന്നു ആ കാലം. ഹൈസ്കൂൾ വിദ്യാർഥിയായപ്പോൾ പഠനത്തേക്കാൾ കളിയോടുതന്നെയായിരുന്നു പ്രിയം.
കൊണ്ടോട്ടി ഗവ. യു.പി സ്കൂളിലായിരുന്നു ഏഴാം ക്ലാസു വരെ. എട്ടിലേക്ക് കടന്നപ്പോൾ ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലേക്ക്. 2001-02ലെ സ്കൂൾ വാർഷിക കായികമേളയുടെ ഭാഗമായ ഫുട്ബാൾ മത്സരം നടക്കുമ്പോൾ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറായ എന്നെപ്പിടിച്ച് കൂട്ടുകാർ ഗോൾകീപ്പറാക്കി. സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകൻ സി.ടി. അജ്മൽ മാഷെന്ന മുൻ ജില്ല ടീം അംഗം അവിടെ ഫുട്ബാൾ ടീം ഉണ്ടാക്കിയതും ആ വർഷമായിരുന്നു. സ്കൂൾ ടീമിൽനിന്ന് കിട്ടുന്ന പാഠങ്ങൾ അവധി ദിവസങ്ങളിൽ കൂട്ടുകാർക്കൊപ്പം ഞങ്ങളുടെ മുണ്ടപ്പാലത്തെ പാണാളി മൈതാനത്തും അഭ്യസിച്ചു.
അജ്മൽ മാഷിെൻറ ശിക്ഷണംതന്നെയായിരുന്നു പ്രചോദനം. ഇടക്കിടെ അടുത്തു വിളിച്ചിരുത്തി സ്വപ്നംകാണേണ്ട മൈതാനങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞുതന്നു. മുംബൈ കൂപ്പറേജും കൊൽക്കത്ത സാൾട്ട്ലേക്കും ഗോവ ഫറ്റോർഡയും ആയിരുന്നു അവ. പിന്നീട് ഇവിടങ്ങളിലൊക്കെ പന്തുതട്ടാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തിെൻറ വാക്കുകൾ ഓർമയിലെത്തി. പ്ലസ് ടു കഴിയുന്നതുവരെ ഇ.എം.ഇ.എ സ്കൂൾ ടീമിനും മാഷിെൻറ നാടായ അരിമ്പ്രയിലെ നെഹ്റു യൂത്ത് ക്ലബിനും കളിച്ചു. ജില്ല സ്കൂൾ ഫുട്ബാളിലും ജില്ല ഫുട്ബാൾ അസോസിയേഷൻ ലീഗ് ടൂർണമെൻറുകളിലും സാന്നിധ്യമറിയിക്കാനായി.
വിങ്ങ്ബാക്കായും ഫോർവേഡായും ഹാഫ്ബാക്കായും ചില നിർണായക ഘട്ടങ്ങളിൽ സ്റ്റോപ്പർ ബാക്ക് പൊസിഷനിലും പരീക്ഷിച്ചു. പഠനാവശ്യത്തിനും മറ്റുമായി പണം സമ്പാദിക്കാൻ സെവൻസ് മൈതാനങ്ങളെ ശരണംപ്രാപിക്കാനൊരുങ്ങിയപ്പോൾ ‘നീ ഈ പ്രായത്തിൽ ഇത്രയധികം സെവൻസ് കളിക്കരുത്’ എന്ന് സ്നേഹത്തോടെ ഉപദേശിച്ചിരുന്നു മാഷ്. ആഴ്ചയിൽ ഒന്നോ രണ്ടോ സെവൻസ് മത്സരങ്ങളിൽ. ബാക്കി സ്വന്തം സ്കൂളിലെയും മുണ്ടപ്പാലത്തെ കൊച്ചു മൈതാനത്തും ചെലവഴിക്കാനായിരുന്നു ഉപദേശം.
മഞ്ചേരി എൻ.എസ്.എസ് കോളജിൽ പഠിക്കുമ്പോഴാണ് സ്റ്റോപ്പർ ബാക്ക് പൊസിഷനിലേക്ക് മാറുന്നത്. പിന്നീട് മുംബൈയിലും പുണെയിലുമൊക്കെയായി വർഷങ്ങൾ. ഫിഫ അണ്ടർ 17 ലോകകപ്പ് ഇതാദ്യമായി നമ്മുടെ രാജ്യത്തെത്തുമ്പോൾ അത് ഇന്ത്യൻ ഫുട്ബാളിന് ലഭിച്ച സൗഭാഗ്യമായാണ് ഞാൻ കാണുന്നത്. വർഷങ്ങൾക്കുശേഷം ഫിഫ റാങ്കിങ്ങിൽ ആദ്യ 100 ലെത്തി സീനിയർ ടീം. നാളെ ലോകോത്തര താരങ്ങളാകാനിരിക്കുന്നവരുമായാണ് നമ്മുടെ കുട്ടികൾ കളിക്കാനിറങ്ങുന്നത്. ഇതിലും വലിയൊരു അവസരം കിട്ടാനില്ല. ഇവർക്കൊപ്പം ഇന്ത്യൻ ഫുട്ബാളും വളർന്ന് സീനിയർ ലോകകപ്പ് വേദിയിൽ ത്രിവർണ പതാക പാറിപ്പറക്കുന്ന നാൾ വിദൂരത്തല്ലെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.