കൊച്ചിയിൽ മഞ്ഞപ്പടക്ക് ആദ്യ ജയം
text_fields
കൊച്ചി: മഞ്ഞയിൽ കളിച്ചാടാനുള്ളതാണ് കൊച്ചിയുടെ കളിമുറ്റമെന്നത് മലയാളക്കരയുടെ മുദ്രാവാക്യം. പുതുചരിത്രത്തിലേക്ക് പീതവർണക്കുപ്പായമിട്ടിറങ്ങിയ ബ്രസീലിെൻറ കളിനിരക്കൊപ്പവും ആ മുദ്രാവാക്യവുമായി ആരാധകർ ഒപ്പംനിന്നു. റയോ െഡ ജനീറോയിലെയോ സാവോപോേളായിലെയോ കളിയരങ്ങ് പോലെ തോന്നിച്ച കലൂരിൽ ആഘോഷമായിത്തന്നെ സാംബാ ബോയ്സ് അരങ്ങേറി. കൗമാരലോകകപ്പിൽ ഫൈനലിനൊത്ത പോരാട്ടമെന്ന് ലോകം വിലയിരുത്തിയ കൊച്ചിയിലെ ആദ്യമത്സരത്തിൽ, പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ ബ്രസീൽ മലർത്തിയടിച്ചത് യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെ. നാലാം മിനിറ്റിൽ വെസ്ലിയുടെ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ മഞ്ഞപ്പട വീറോടെ പടനയിച്ച ലിേങ്കാണിെൻറയും പൗളിഞ്ഞോയുടെയും കളിമിടുക്കിൽ ആദ്യപകുതിയിൽതന്നെ തിരിച്ചടിച്ചതോടെ മരണഗ്രൂപ്പിലെ നിർണായക പോരിൽ ആധിപത്യമുറപ്പിച്ച് മൂന്നു പോയൻറ് സ്വന്തമാക്കി.
ബ്രസീലിെൻറ പാസിങ്ങിൽ തുടങ്ങിയ കളിയിൽ പതിയെ സ്പെയിൻ ഇടമുറപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഫെറാൻ ടോറസും മോഹയെന്ന മുഹമ്മദ് മുഖ്ലിസും ആൽവാരോ ഗാർസിയയും അടക്കമുള്ളവർ മധ്യനിരയിൽ കളം ഭരിച്ചതോടെ എതിർ ഗോൾമുഖത്തേക്ക് സ്പെയിൻ കയറിയെത്തിത്തുടങ്ങി. ബാഴ്സലോണാ താരമായ സ്പാനിഷ് ക്യാപ്റ്റൻ ആേബൽ റൂയിസിനെ വിടാതെ മാർക്ക് ചെയ്തായിരുന്നു മഞ്ഞപ്പട മറുതന്ത്രം മെനഞ്ഞത്. എന്നാൽ, നാലാം മിനിറ്റിൽത്തന്നെ സ്പെയിൻ ആദ്യ അവസരം തുറന്നെടുത്തു. ഫെറാെൻറ പാസിൽ വലതുവിങ്ങിലൂടെ കയറി വലയുടെ ഇടതുമൂലയിലേക്ക് റൂയിസ് തൊടുത്ത ഷോട്ട് ബ്രസീൽ ഗോളി ഗബ്രിയേൽ ബ്രസാവോ ശ്രമകരമായി വഴിതിരിച്ചുവിട്ടു.
മോഹത്തുടക്കവുമായി സ്പെയിൻ
ഇതിെൻറ അലയൊലിയടങ്ങുംമുേമ്പ അടുത്ത മിനിറ്റിൽ മഞ്ഞപ്പടയുടെ നെഞ്ചകം തകർത്ത് എതിരാളികൾ നിറയൊഴിച്ചു. വലതു വിങ്ങിൽ രണ്ടു ബ്രസീലിയൻ ഡിഫൻഡർമാരെ വകഞ്ഞുമാറ്റി മുന്നോട്ടുകുതിച്ച ഫെറാൻ ബോക്സിെൻറ ഒാരത്തുനിന്ന് സമാന്തരമായി തട്ടീനീക്കിയ പന്ത് കാത്തിരുന്ന മോഹയിലെത്തും മുേമ്പ ക്ലിയർചെയ്യാൻ കൊതിച്ച വെസ്ലിയുടെ നീക്കം പിഴച്ചു. ഗോളിക്ക് അവസരം നൽകാതെ പന്ത് വലയിലേക്ക് പാഞ്ഞുകയറിയപ്പോൾ സെൽഫ് ഗോളിെൻറ രൂപത്തിൽ സ്പെയിൻ മുന്നിൽ. മുറിവേറ്റ ബ്രസീൽ തിരിച്ചുവരവിെൻറ മോഹവുമായി കൂടുതൽ ഒത്തിണക്കം കാട്ടിയപ്പോൾ കളിയുടെ ഒഴുക്ക് മാറിത്തുടങ്ങുകയായിരുന്നു.
ബ്രസീൽ, വീണ്ടും ബ്രസീൽ
ഒരു ഗോൾ ലീഡിെൻറ ആലസ്യത്തിൽ ആക്രമിക്കാൻ അമാന്തിച്ചുനിന്ന സ്പെയിനിന് തിരിച്ചടിയായി 25ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ ബ്രെണ്ണർ ബോക്സിലേക്ക് വെച്ചുനീട്ടിയ പന്ത് തടഞ്ഞിട്ട സ്പാനിഷ് ഡിഫൻഡർ ഡീഗോ പാംപിനോയെ ഹതാശനാക്കി പന്ത് ഉരുണ്ടുനീങ്ങിയത് പോസ്റ്റിനു മുന്നിൽ കാത്തുനിന്ന ലിേങ്കാണിനു മുന്നിലേക്ക്. േക്ലാസ്റേഞ്ചിൽനിന്ന് ഒമ്പതാം നമ്പറുകാരൻ ഉടനടി പന്തിനെ വലയിലടിച്ചുകയറ്റിയപ്പോൾ മഞ്ഞയിൽ മുങ്ങിയ ഗാലറിക്ക് ആേഘാഷമായി. ഒരുഗോളിെൻറ ബാധ്യത തീർക്കാൻ സ്പെയിൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഉറച്ച അവസരങ്ങളൊന്നും തുറന്നെടുക്കാൻ അവർക്കായില്ല. മറുതലക്കൽ കളിയിൽ ആധികാരികമായി കാലുറപ്പിച്ചുകഴിഞ്ഞ സാംബാ ബോയ്സ് ഇടവേളക്കു നിമിഷങ്ങൾ ബാക്കിയിരിക്കെ ഒരുതവണ കൂടി െവടിപൊട്ടിച്ചു. മാനസികമായി ഉണർവു നഷ്ടമായവരെപ്പോലെ തോന്നിച്ച സ്പെയിനിെൻറ അമാന്തം മുതലെടുത്ത് അേൻറാണിയോ ഡിഫൻഡർമാർക്കിടയിലൂടെ ഗോൾമുഖത്തേക്ക് ചിപ് ചെയ്ത പന്ത് പിടിച്ചെടുത്ത് പൗളിഞ്ഞോ സമർഥമായി വലയിലേക്ക് തള്ളുകയായിരുന്നു.
ഒപ്പംപിടിക്കാൻ സ്പെയിൻ, വിടാതെ ബ്രസീൽ
ഇടവേളക്കുശേഷം രണ്ടു കൽപിച്ചുള്ള സ്പാനിഷ് അർമഡയുടെ ഇരമ്പലായിരുന്നു. ബ്രസീൽ പിൻനിരയിലേക്ക് പിൻവലിഞ്ഞപ്പോൾ കളി സ്പാനിഷ് കരുനീക്കങ്ങൾക്കൊപ്പമായി. തുടരെ നാലു കോർണർ കിക്കുകൾ ലഭിച്ചിട്ടും അവർക്ക് മുതലെടുക്കാനായില്ല. സ്പെയിൻ മുന്നേറ്റം ശക്തമാക്കിയെങ്കിലും പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത കാട്ടി മഞ്ഞപ്പട അണുവിട വിട്ടുകൊടുത്തില്ല. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഒരു തവണ സ്പെയിൻ വലയിൽ പന്തെത്തിയെങ്കിലും റഫറി ഫൗൾകിക്കിന് വിസിലൂതി. മാർകോസ് അേൻറാണിയോ എതിർ ഡിഫൻഡറെ കടന്ന് ബോക്സിലെത്തി ഗോളിമാത്രം നിൽക്കെ പൗളിഞ്ഞോക്ക് നൽകിയ പാസ് ഗോളാകുമെന്നുറപ്പിച്ചു നിൽക്കെ ഗോളി ആൽവാരോ ചാടിവീണ് പന്ത് തട്ടിയെടുത്തു. ഇഞ്ചുറി ടൈമിൽ സ്പെയിൻ പലകുറി എതിർഗോൾമുഖം റെയ്ഡ് ചെയ്യാനിറങ്ങിയെങ്കിലും പന്ത് ലക്ഷ്യത്തിൽനിന്നകന്നുപറന്നതോടെ മഞ്ഞപ്പടയുടെ വിജയഭേരിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.