സന്നാഹം ജയിച്ച് ബ്രസീൽ; ഇരട്ട ഗോളടിച്ച് ബ്രണ്ണർ
text_fields
മുംബൈ: കളിക്കുന്നത് പരിശീലന മത്സരമാണെങ്കിലും തോൽക്കാൻ മഞ്ഞപ്പടക്ക് മനസ്സില്ല. അതായിരുന്നു മുംബൈ ഫുട്ബാൾ അറീനയിൽ ന്യൂസിലൻഡുമായി നടന്ന അണ്ടർ 17 ലോകകപ്പിലെ പരിശീലന കളിയിൽ കണ്ടത്. ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് കിവികളെ ബ്രസീൽ തോൽപിച്ചു. സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിെൻറ അസാന്നിധ്യത്തിൽ ആക്രമണം നയിച്ച മുൻനിരക്കാരൻ ബ്രണ്ണറാണ് മഞ്ഞപ്പടയുടെ ഇരു ഗോളുകളും നേടിയത്. കിവികളുടെ ആശ്വാസ ഗോൾ മധ്യനിരക്കാരൻ മാക്സ് മാടയുടെ വകയായിരുന്നു.
ആദ്യ പകുതിയിൽ പരിശീലന കളിയുടെ ആയാസമായിരുന്നു ശരീര ഭാഷയെങ്കിൽ രണ്ടാം പകുതി ഗോൾവേട്ടയുടേതായിരുന്നു. ലാറ്റിനമേരിക്കൻ കപ്പിൽ ബ്രസീലിയൻ ഗോൾവേട്ടക്ക് പന്തെത്തിച്ച് ലോക ശ്രദ്ധനേടിയ അലൻ ഡിസൂസയുടെ വരവറിയിച്ചതായിരുന്നു 50ാം മിനിറ്റിൽ കിവികളുടെ വലകുലുക്കിയ ബ്രെണ്ണറുടെ ആദ്യ ഗോൾ.
അലൻ നൽകിയ പാസിൽ ഇടതു വിങ്ങിലായിരുന്ന ബ്രെണ്ണർ പന്ത് നിഷ്പ്രയാസം വലയിലാക്കി. ആദ്യ പകുതിയിൽ സൈഡ് ബെഞ്ചിലായിരുന്നു അലെൻറ ഇരിപ്പ്.
83ാം മിനിറ്റിലായിരുന്നു ബ്രെണ്ണറുടെ രണ്ടാം ഗോൾ. കിവികളുടെ പ്രതിരോധ നിരയിൽ നിന്ന് മാർകോസ് ആെൻറാണിയൊ പിടിച്ചെടുത്ത പന്ത് പെനാൽറ്റി ബോക്സിലേക്ക് നീട്ടി നൽകി. ബ്രെണ്ണർ പന്ത് വലയിലുമാക്കി. ഇൻജുറി ടൈമിൽ വീണുകിട്ടിയ പെനാൽറ്റിയിലൂടെയാണ് കിവികളുടെ ആശ്വാസ ഗോൾ.
പ്രതിരോധത്തിനിടെ മാക്സിനെ പെനാൽറ്റി ബോക്സിൽ ഫൗൾചെയ്തതിനാണ് റഫറി മഞ്ഞപ്പടക്കെതിരെ പെനാൽറ്റി വിധിച്ചത്.ആദ്യ പകുതിയിൽ ഇരു ടീമുകളും പലകുറി ഗോൾമുഖത്തെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സര ശേഷം നടന്ന പരിശീലന പെനാൽറ്റി ഷൂട്ടൗട്ടിലും മഞ്ഞപ്പടക്കു തന്നെയാണ് വിജയം. അഞ്ചിൽ അഞ്ചും ബ്രസീൽ വലയിലാക്കിയപ്പോൾ കിവികൾക്ക് നാലെണ്ണമെ വലയിലെത്തിക്കാനായുളളൂ. ഒരെണ്ണം ബ്രസീലിയൻ ഗോളി ഗബ്രിയേൽ ബ്രസാവൊ തട്ടിയകറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.