ജയിക്കണം, ജർമനിക്കും സ്പെയിനിനും; കൊച്ചിയിൽ ഇന്ന് അവസാന ഗ്രൂപ് മത്സരങ്ങൾ
text_fieldsകൊച്ചി: ലോക ഫുട്ബാളിലെ രണ്ടു പ്രബല നിരകൾക്ക് കൊച്ചിയുടെ മൈതാനത്ത് നിലനിൽപിെൻറ പോരാട്ടം. കൗമാര ലോകകപ്പിലെ പ്രീക്വാർട്ടർ ലൈനപ്പ് നിർണയത്തിലേക്ക് വെള്ളിയാഴ്ച പന്തുരുളുേമ്പാൾ പ്രതാപം കാക്കാൻ ജർമനിക്കും സ്പെയിനിനും കലൂരിലെ കളിയരങ്ങിൽ കരുത്തുകാട്ടിയേ തീരൂ. ടിക്കിടാക്കയുടെ മനോഹര നീക്കങ്ങളിൽ പ്രതീക്ഷകളിലേക്ക് പന്തുതട്ടിക്കയറുന്ന സ്പെയിനിന് കടന്നുകൂടാൻ വടക്കൻ കൊറിയക്കെതിരെ സമനില മതിയെങ്കിൽ, ആഫ്രിക്കൻ ശൗര്യവുമായി ബൂട്ടുകെട്ടുന്ന ഗിനിക്കെതിരെ നില ഭദ്രമാക്കാൻ ജർമനിക്ക് ജയത്തിൽ കുറഞ്ഞതൊന്നും പോരാ.
നാണക്കേട് മായ്ക്കാൻ ജർമനി
ഗ്രൂപ് ‘സി’യിലെ ആദ്യ രണ്ടു മത്സരങ്ങൾ ഗോവയിൽ കളിച്ച ശേഷമാണ് അവസാന മത്സരത്തിനായി ജർമനിയും ഗിനിയും കൊച്ചിയിലെത്തിയത്. പത്തു തവണ ലോകകപ്പിൽ മത്സരിച്ച് ഒരുതവണ പോലും കപ്പിൽ മുത്തമിടാനാകാതെപോയ ജർമനി, തങ്ങളുടെ കളിചരിത്രത്തിലെ ഞെട്ടിക്കുന്ന പ്രഹരങ്ങളിലൊന്ന് ഏറ്റുവാങ്ങിയാണ് മലയാളമണ്ണിലെത്തിയത്. ഗ്രൂപ് ചാമ്പ്യന്മാരാകാൻ ഏറ്റവും സാധ്യത കൽപിക്കപ്പെട്ട ടീം രണ്ടാമത്തെ മത്സരത്തിൽ ഇറാനോട് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് കൊമ്പുകുത്തുകയായിരുന്നു. ആദ്യ മത്സരത്തിലാകെട്ട, കോസ്റ്ററീകയോട് അവസാനഘട്ട ഗോളിൽ 2-1നാണ് ജർമൻകാർ കഷ്ടിച്ച് രക്ഷപ്പെട്ടത്. ആദ്യ രണ്ടു മത്സരങ്ങളിലെയും നിറംകെട്ട പ്രകടനത്തിെൻറ നിരാശ പൊതിഞ്ഞുനിൽക്കുന്ന ടീമിന് വെള്ളിയാഴ്ച ഗിനിക്കെതിരെ ജയിച്ചുകയറാനായില്ലെങ്കിൽ പ്രീക്വാർട്ടർ പ്രതീക്ഷകളിൽ ഇരുൾപടരും.
ബുണ്ടസ്ലിഗയിൽ അരങ്ങേറ്റംകുറിച്ച ക്യാപ്റ്റൻ യാൻ ഫീറ്റ് ആർപ്, ഇലിയാസ് അബൂചബാക, ഡെനിസ് ജാസ്ട്രെംബ്സ്കി, സഹ്വെർദി സെറ്റിൻ, നികളസ് കുൻ എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ തോമസ് മ്യൂളറുടെയും ടോണി ക്രൂസിെൻറയുമൊക്കെ പകരക്കാരാവാൻ കോപ്പുള്ളവരാണെന്ന് കോച്ച് ക്രിസ്റ്റ്യൻ വുക് സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും ഇറാനെതിരെ അതൊന്നും കളത്തിൽ കണ്ടില്ല. സമസ്ത മേഖലയിലും പരാജയമായ ടീമിെൻറ മനോവീര്യം വീണ്ടെടുക്കുകയാവും അവസാന മത്സരത്തിൽ വുകിന് മുന്നിലെ പ്രധാന വെല്ലുവിളി. കലൂർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകീട്ട് ഒരുമണിക്കൂറോളം ടീം പരിശീലനത്തിലേർപ്പെട്ടു. എതിരാളികൾ കരുത്തരാണെന്നും ജയം മാത്രമാണ് മനസ്സിലുള്ളതെന്നും പരിശീലനശേഷം വുകും ആർപും മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗിനിയാകെട്ട, വിടുകൊടുക്കാൻ മനസ്സില്ലാതെയാകും പോരടിക്കുക. ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വലപ്രകടനം കാഴ്ചവെച്ച് ലോകകപ്പിന് യോഗ്യത നേടിയ ടീമിന്, ജർമനിയെ അട്ടിമറിച്ചാൽ പ്രീക്വാർട്ടറിൽ കടക്കാനാവും. 14കാരൻ സ്ട്രൈക്കർ ഫാഞ്ചെ ടൂറെ, മിഡ്ഫീൽഡർ അഗ്വിബു കമാറ, പാപെ ബംഗൂര, ദോസ് സൗമ എന്നിവരടങ്ങിയ ടീം അദ്ഭുതങ്ങൾ കാഴ്ചവെക്കാൻ കഴിയുന്നവരാണെന്നത് കഴിഞ്ഞ കളികളിൽ തെളിയിച്ചിട്ടുമുണ്ട്.
കളിയഴകിൽ പ്രതീക്ഷയർപ്പിച്ച് സ്പെയിൻ
മരണ ഗ്രൂപ്പായ ‘ഡി’യിൽ കരുത്തരായ ബ്രസീലിനെതിരെ ആദ്യ കളിയിൽ 2-1ന് കീഴടങ്ങിയ സ്പെയിൻ അത്യദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ വ. കൊറിയയെ കീഴടക്കി അവസാന 16ലെത്തും. രണ്ടാം മത്സരത്തിൽ സ്വതസിദ്ധമായ ടിക്കിടാക്ക ശൈലിയിൽ കളം നിറഞ്ഞ് നൈജറിനെ എതിരില്ലാത്ത നാലുഗോളിന് നിലംപരിശാക്കിയ പ്രകടനത്തിെൻറ ആവർത്തനമാണ് യൂറോപ്യൻ ജേതാക്കൾ ഉന്നമിടുന്നത്. മുൻനിരയിൽ ക്യാപ്റ്റൻ ആബേൽ റൂയിസും മധ്യനിരയിൽ സെർജിയോ ഗോമസും തകർപ്പൻ ഫോമിലേക്കുയർന്നത് സ്പെയിനിന് പ്രതീക്ഷ പകരുന്നുണ്ട്. ഫെറാൻ ടോറസ്, മുഹമ്മദ് മുഖ്ലിസ്, യുവാൻ മിറാൻഡ, സെസാർ ഗിലാബർട്ട് എന്നിവരും മികവുകാട്ടുന്നത് കോച്ച് സാൻറിയാഗോ ഡെനിയക്ക് ആത്മവിശ്വാസം പകരുന്നു. സ്പെയിനിനെതിരെ പിടിച്ചുനിൽക്കാൻ കൊറിയക്കാർ ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും പുറത്തെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.