കൊച്ചിയിൽ കൊറിയൻ മിസൈൽ തടുക്കാൻ നൈജർ കാലാൾപ്പട
text_fieldsകൊച്ചി: മരണഗ്രൂപ്പിൽ എളുപ്പം തല്ലിക്കൊല്ലാനാവില്ല നൈജറിനെയും ഉത്തര കൊറിയയെയും. കണ്ണിൽ ചോരയില്ലാത്ത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്ന ഭരണാധികാരി കിം ജോങ് ഉന്നിെൻറ പാതയിലാണ് മൈതാനത്ത് ഉത്തര കൊറിയക്കാർ. ആഫ്രിക്കയിൽ നിന്നുള്ള അത്താഴപ്പട്ടിണിക്കാരായ നൈജർ എന്ന കൊച്ചു രാജ്യത്തിനും കാലുകളിൽനിന്ന് പ്രവഹിപ്പിക്കാനുള്ളത് പോരാട്ടവീര്യം മാത്രമാണ്. ബ്രസീൽ-സ്പെയിൻ ഹൈവോൾട്ടേജ് പോരാട്ടത്തിനുശേഷം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നൈജർ-കൊറിയ പോരിന് സാക്ഷിയാകും. രാത്രി എട്ടിനാണ് ഡി ഗ്രൂപ്പിലെ രണ്ടാമങ്കം.
നൈജറിെൻറ നൈപുണ്യം
ലോകകപ്പ് ഫുട്ബാളിൽ ആദ്യമായി പന്തുതട്ടുന്ന നൈജറിന് വമ്പൻ പ്രതീക്ഷകളൊന്നുമില്ല. പരമാവധി പൊരുതുക, എളുപ്പം കീഴടങ്ങാതിരിക്കുക എന്നതാണ് പോളിസി. കാഴ്ചക്കാരെക്കൊണ്ട് മോശം പറയിപ്പിക്കരുതെന്നാണ് കോച്ച് സൗമാലിയ പയ്യന്മാരോട് പറഞ്ഞിരിക്കുന്നത്. നൈജർ സീനിയർ ടീമിൽ പ്രതിരോധഭടനും ഫുട്ബാൾ അക്കാദമിയുടെ അമരക്കാരനുമായ കോച്ചിെൻറ പ്രതീക്ഷ തെറ്റിക്കാൻ കുട്ടികൾ ഒരുക്കമല്ല. അഞ്ചുതവണ ജേതാക്കളായ നൈജീരിയയെ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത മത്സരത്തിൽ കെട്ടുകെട്ടിച്ച നൈജറിന് കൊറിയയെ ഉത്തരംമുട്ടിക്കാനാവുമെന്നാണ് കോച്ചിെൻറ പ്രതീക്ഷ. ഗോളടി വീരനായ ഇബ്രാഹിം ബൗബാക്കർ മാരോയാണ് ശ്രദ്ധേയതാരം. ബൗബാക്കറടക്കം ടീമിലെ ആറ് താരങ്ങളുടെ ജനന തീയതി അവസാനദിവസമായ 2000 ജനുവരി ഒന്നാണെന്ന പ്രത്യേകതയുമുണ്ട്. എന്തിനും ‘മുതിർന്ന’ താരങ്ങൾ മെയ്ക്കരുത്തിലും കൊറിയയെ വെല്ലും. മുന്നേറ്റനിരയിൽ കെയ്റു അമോസ്തഫയാകും ബൗബാക്കറിെൻറ കൂട്ട്. റഷീദ് അൽഫാരിയും കരീം ഡെന്നിയുമടങ്ങുന്ന മധ്യനിരയാണ് ടീമിെൻറ കരുത്ത്. കോച്ച് ഒളിപ്പിച്ചുവെച്ച ആയുധങ്ങൾ ഉത്തര കൊറിയൻ മിസൈലിനെ അഗ്നിക്കിരയാക്കാൻ തക്ക പ്രഹര ശേഷിയുള്ളതാണ്.
ഉത്തരം ജയം മാത്രം
ഇന്ത്യൻ മണ്ണ് ഉത്തര കൊറിയൻ കൗമാരക്കൂട്ടത്തിന് പരിചിത ഭൂമികയാണ്. ഗോവയിൽ നടന്ന അണ്ടർ 16 എ.എഫ്.സി കപ്പിൽ സെമിയിലെത്തിയതോടെയാണ് ടീം ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കിയത്. അന്ന് സെമിയിൽ ഇറാനോട് പെനാൽറ്റിയിൽ തോൽക്കാനായിരുന്നു വിധി. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെകിസ്താെൻറ ഗോൾ കിക്ക് കൊറിയൻ വലയിൽ കയറി ഗോളായി മാറിയിരുന്നു. ഗോളി യാങ് പിയാക് ഹോയെയും കോച്ച് യുൻ ജോങ് സുവിനെയും ടീം അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. കിം യോങ്ങ് സുവാണ് പുതിയ പരിശീലകൻ. ആകർഷകമല്ലാത്ത കളി രീതികൾ പുറത്തെടുക്കുന്ന ടീം പ്രതിരോധത്തിനാണ് മുൻതൂക്കം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.