ദാരിദ്ര്യം ഡ്രിബ്ൾചെയ്ത് അവർ വരുന്നു; വിശ്വമേളയിൽ പന്തുതട്ടാൻ
text_fieldsന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൗമാരമേളക്ക് പന്തുരുണ്ടുതുടങ്ങുന്ന വെള്ളിയാഴ്ച നീലക്കുപ്പായത്തിൽ അണിനിരക്കുന്ന ആതിഥേയ താരങ്ങൾക്ക് സ്വപ്നസാക്ഷാത്കാരം. കപ്പിന് വേദി അനുവദിച്ചപ്പോൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നിക്കളോയ് ആഡം എന്ന വിദേശ പരിശീലകൻ കണ്ടെത്തിയ താരങ്ങൾക്കേറെയും പറയാനുള്ളത് പട്ടിണിയുടെയും പരിവട്ടത്തിെൻറയും കഥകൾ മാത്രം. ഫുട്ബാളിനെ മാത്രം മനസ്സിൽ ധ്യാനിച്ച് കളിയെ നെഞ്ചേറ്റിയ കൗമാരം പ്രതിസന്ധികളെ അതിജയിച്ച് ടീമിൽ ഇടം ഉറപ്പിച്ചപ്പോൾ കൈവന്നത് സമാനതകളില്ലാത്ത വിശേഷണങ്ങൾ. ഇതാദ്യമായി രാജ്യത്തെ ലോകകപ്പിൽ പ്രതിനിധാനം ചെയ്യുന്നതിെൻറ അപൂർവത. ആ അസുലഭ മുഹൂർത്തത്തിന് സാക്ഷ്യംവഹിക്കാൻ ജീവിതം അവരുടെ സ്വപ്നങ്ങൾക്കു മാത്രം മാറ്റിവെച്ച മാതാപിതാക്കളുമെത്തും. ജീവിതോപാധി തേടി കാതങ്ങൾ നടന്ന് കണ്ട സ്വപ്നങ്ങളിലേക്ക് അവർ പറന്നെത്തുകയാണ്. വിമാനയാത്രാചെലവും ഭക്ഷണവും താമസസൗകര്യവുമെല്ലാം ഒരുക്കുന്നത് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ.
ജീവിതത്തിെൻറ പരുപരുത്ത യാഥാർഥ്യങ്ങളോട് മല്ലിട്ടാണ് മണിപ്പൂരുകാരനായ അമർജിത് സിങ് കിയാം നായകെൻറ കുപ്പായത്തിലേക്ക് വളരുന്നത്. കർഷകനായ പിതാവ് ചന്ദ്രമണി സിങ് കിയാം കൃഷിയില്ലാത്ത വേളകളിൽ ആശാരിപ്പണിയുമെടുത്തു. അമ്മ അഷാങ്ബി ദേവിയാകെട്ട മത്സ്യവിൽപനക്കാരിയും. ദിവസേന കിലോമീറ്റർ നടന്ന് തലസ്ഥാനനഗരിയിലെത്തിയാണ് അവരുടെ മത്സ്യവിൽപന. എന്നാൽ, ഇൗ കഷ്ടപ്പാടുകളൊന്നും അമർജിത്തിെൻറ സ്വപ്നങ്ങൾക്ക് വിലങ്ങായില്ല. ചണ്ഡിഗഢ് ഫുട്ബാൾ അക്കാദമിയിലെത്തുംവരെ അവർ മകനുവേണ്ടി എല്ലാം സഹിച്ചു. ഒടുവിൽ ദേശീയ ക്യാമ്പിലെത്താനായത് ആ കുടുംബത്തിെൻറ മോഹങ്ങൾക്ക് ചിറകുനൽകി. അമർജിത്തിൽനിന്ന് ഏറെ വ്യത്യസ്തമല്ല സിക്കിമുകാരനായ കോമൾ തട്ടാലിെൻറ കഥ.
ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെട്ട പിതാവ് അരുൺകുമാറും മാതാവ് സുമിത്രയും തുന്നൽക്കാരാണ്. അവരുടെ ചെറിയ കടക്കു മുന്നിൽ കൂട്ടിയിട്ട തുണിക്കഷണങ്ങളും പ്ലാസ്റ്റിക്കും ചുരുട്ടിക്കൂട്ടി ഉണ്ടാക്കിയ പന്തുമായാണ് കോമൾ കളി തുടങ്ങിയത്. ഒരു പന്തും കിറ്റും കിട്ടാൻപോലും പ്രയാസപ്പെട്ട പത്താം നമ്പർ ജഴ്സിയണിയുന്ന കോമൾ അപ്പോഴൊക്കെ തുണയുമായെത്തിയ കൂട്ടുകാരെ നന്ദിയോടെ ഒാർക്കുന്നു. ബംഗളൂരുവിലെ തെരുവിൽ തുണിക്കച്ചവടക്കാരിയായ പരമേശ്വരിയുടെ മകനാണ് സഞ്ജീവ് സ്റ്റാലിൻ. അച്ഛൻ കൂലിപ്പണി ചെയ്യുേമ്പാൾ അമ്മയുടേതായിരുന്നു ആ കുടുംബത്തിെൻറ പ്രധാന വരുമാനമാർഗം. പന്തും ബൂട്ടുമൊക്കെ അക്കരെപ്പച്ചയായി നിൽക്കുേമ്പാഴും കളി ഒരു വികാരമായി കൊണ്ടുനടന്ന പ്രതിരോധനിരക്കാരൻ ചണ്ഡിഗഢ് ഫുട്ബാൾ അക്കാദമിയിലൂടെയാണ് ദേശീയ ക്യാമ്പിലെത്തുന്നത്. ഇംഫാലിൽ മത്സ്യ വിൽപനക്കാരനാണ് മധ്യനിരക്കാരൻ ഖുമാൻതം സിങ്തോയിങ്ങാബയുടെ പിതാവ്. കൊൽക്കത്തക്കാരനായ ജിതേന്ദ്ര സിങ്ങിെൻറ പിതാവ് വാച്ച്മാെൻറ റോളിലാണ് ജീവിതം നയിക്കുന്നത്. ഇങ്ങനെ ടീമിലേറെ പേർക്കും സമാനമായ ജീവിതസാഹചര്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.