ഇനി എട്ടിൻെറ കളി
text_fieldsകൊച്ചി: കൗമാര ലോകകപ്പിെൻറ പോർക്കളത്തിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളുടെ വീറ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ക്വാർട്ടർ മത്സരങ്ങൾക്ക് പന്തുരുളുേമ്പാൾ 24 പടയണികളിൽനിന്ന് ആറ്റിക്കുറുക്കിയെടുത്ത എട്ടു കരുത്തുറ്റ നിരകൾ സെമി പ്രതീക്ഷകളോടെ ബൂട്ടുകെട്ടുന്നു. യൂറോപ്പിെൻറ കളിക്കരുത്തുമായി വമ്പന്മാരായ സ്പെയിൻ, ഇംഗ്ലണ്ട്, ജർമനി, തെക്കനമേരിക്കൻ ചാമ്പ്യന്മാരായ ബ്രസീലിെൻറ മഞ്ഞപ്പട, ആഫ്രിക്കൻ ഫുട്ബാളിെൻറ വന്യസൗന്ദര്യവുമായി ഘാന, മാലി, കണക്കുകൂട്ടലുകൾ തകർത്ത വിസ്മയച്ചുവടുകളുമായി ഏഷ്യൻ പ്രതിനിധികളായി ഇറാൻ, അമേരിക്കൻ സോക്കറിെൻറ പ്രവചനാതീതവുമായി യു.എസ്.എ എന്നീ നിരകളാണ് അവസാന എട്ടിെൻറ അങ്കത്തട്ടിലുള്ളത്.
ഒക്ടോബർ 21 (5.00pm- ഗുവാഹതി)
മാലി x ഘാന
ഇത്തവണത്തെ ആഫ്രിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ് ഫൈനലിെൻറ തനിയാവർത്തനത്തിനാണ് ആദ്യ ക്വാർട്ടറിൽ ഗുവാഹതി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ അരങ്ങൊരുങ്ങുന്നത്. പ്രീക്വാർട്ടറിൽ ഇറാഖിനെ 5-1ന് മുക്കിയ മാലിയും നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയ ഘാനയും ആക്രമണ ഫുട്ബാളിലൂന്നിയ ഗെയിമാണ് ടൂർണമെൻറിൽ ഇതുവരെ കെട്ടഴിച്ചത്. എറിക് ആയിയ തേരുതെളിക്കുന്ന ഘാനയുടെ ആക്രമണഫുട്ബാളിന് ഏതു നിരയെയും വീഴ്ത്താനുള്ള വെടിമരുന്നുണ്ട്. അഞ്ചുഗോളുമായി നിലവിൽ ടോപ്സ്കോറർ സ്ഥാനത്തുള്ള ലസാന എൻഡിയെ നയിക്കുന്ന മാലി മുന്നേറ്റത്തെ പിടിച്ചുകെട്ടുകയാവും ഘാനക്കുമുമ്പിലുള്ള പ്രധാന വെല്ലുവിളി. പ്രതിരോധത്തിൽ കൂടുതൽ ചങ്കുറപ്പു കാട്ടുന്ന ഘാന ആ മേഖലയിൽ മികവുതുടർന്നാൽ മാലിക്ക് അത്യധ്വാനം ചെയ്യേണ്ടിവരും.
(8,00pm ഗോവ)
ഇംഗ്ലണ്ട് x അമേരിക്ക
യൂറോപ്യൻ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനു മുന്നിൽ മുട്ടുമടക്കിയ ഇംഗ്ലണ്ട് ടൂർണമെൻറിലെ ഏറ്റവും കരുത്തുറ്റ നിരകളിലൊന്നെന്ന വിശേഷണവുമായാണ് കളത്തിലിറങ്ങൂന്നത്. സൂപ്പർ സ്ട്രൈക്കർ ജാഡൻ സാഞ്ചോ ടൂർണമെൻറിനിടെ തെൻറ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിെൻറ വിളികേട്ട് നാട്ടിലേക്ക് തിരിച്ചുപറന്നെങ്കിലും പകരക്കാരുടെ ബെഞ്ചിൽ പ്രതിഭകൾ ഏറെയുള്ളതിനാൽ കോച്ച് സ്റ്റീവ് കൂപ്പറിന് ആശങ്കപ്പെടാനില്ല. ഗ്രൂപ്പിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഒന്നാമതായ ഇംഗ്ലീഷുകാർ പ്രീക്വാർട്ടറിൽ ജപ്പാെൻറ കടുത്ത വെല്ലുവിളി ഷൂട്ടൗട്ടിൽ മറികടന്നാണ് അവസാന എട്ടിലെത്തിയത്.
ഏതു വമ്പൻനിരയേയും നേർക്കുനേർ വെല്ലുവിളിക്കാനുള്ള കരുത്താണ് അമേരിക്കയെ വേറിട്ടു നിർത്തുന്നത്. പരഗ്വേയെ പ്രീക്വാർട്ടറിൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തുവിട്ട അമേരിക്കൻ പ്രഹരശേഷിയുടെ മുനയൊടിച്ചാൽ മാത്രമേ ഗോവയിൽ ഇംഗ്ലണ്ടിെൻറ മോഹങ്ങൾ ലക്ഷ്യം കാണൂ. മുൻ ലോക ഫുട്ബാളർ ജോർജ് വിയയുടെ മകൻ തിമോത്തി വിയ പ്രീക്വാർട്ടറിൽ ഹാട്രിക് നേടി ഇംഗ്ലണ്ടിന് ശക്തമായ മുന്നറിയിപ്പാണ് നൽകിയത്. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഏയ്ഞ്ചൽ ഗോമസും റീഡിങ്ങിെൻറ ഡാനി ലോഡറും സാഞ്ചോയുടെ അഭാവത്തിലും ഇംഗ്ലീഷ് സ്വപ്നങ്ങളിലേക്ക് വലകുലുക്കാൻ കെൽപുള്ളവരാണ്.
ഒക്ടോബർ 22 (5,00pm കൊച്ചി)
സ്പെയിൻ x ഇറാൻ
ഗ്രൂപ്പുഘട്ടത്തിൽ ജർമനിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുക്കിയ ഇറാനെ സ്പെയിൻ വല്ലാതെ ഭയക്കേണ്ടിവരും. പ്രീക്വാർട്ടറിൽ മെക്സികോയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് ഏഷ്യയുടെ ഏക പ്രതിനിധികളായി ഇറാൻ അവസാന എട്ടിലെത്തിയത്. ഇൗ ലോകകപ്പിൽ കൊച്ചി വേദിയാവുന്ന അവസാന മത്സരത്തിൽ കിരീടമോഹങ്ങളിലേക്ക് ഒരുപടികൂടി മുന്നേറണമെങ്കിൽ സ്പെയിൻ ഇതുവരെ കളിച്ച കളിയൊന്നും മതിയാവില്ല. ഫ്രാൻസിനെതിരെ അവസാന നിമിഷ ഗോളിൽ ക്വാർട്ടറിൽ കടന്നുകൂടിയ സ്പെയിനിെൻറ ടികിടാക ശൈലിയുടെ മുനയൊടിക്കാൻ മധ്യനിരയിൽ ഇറാന് കഴിഞ്ഞാൽ കളിയുടെ ഗതി മാറും. ക്യാപ്റ്റൻ ആബേൽ റൂയിസിെൻറ ഫോമും ബാഴ്സലോണ, റയൽ മഡ്രിഡ് അക്കാദമി താരങ്ങളുടെ കളിമികവുമാണ് സ്പെയിനിന് പ്രതീക്ഷ നൽകുന്നത്. യൂനുസ് ഡെൽഫിയും മുഹമ്മദ് ശരീഫിയും മുഹമ്മദ് ഗൊബീഷവിയും നയിക്കുന്ന ആക്രമണങ്ങൾക്ക് മധ്യനിരയിൽ എത്രമാത്രം വേരൂന്നാൻ കഴിയുമെന്നതാവും ഇറാൻ സ്വപ്നങ്ങളെ സ്വാധീനിക്കുക.
(8.00pm കൊൽക്കത്ത)
ജർമനി x ബ്രസീൽ
വംഗനാടിനൊപ്പം ലോകവും കാത്തിരിക്കുന്ന രാജകീയ പോരാട്ടമാണിത്. ഫുട്ബാളിലെ രണ്ടു പവർ ഹൗസുകളിൽനിന്നുള്ള ഇളമുറക്കാർ ഏറ്റുമുട്ടുന്നത് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ആവേശം പടർത്തുമെന്നതുറപ്പ്. മൂന്നു വർഷം മുമ്പ് റയോയിലെ സ്വന്തം മണ്ണിൽ സീനിയർ ലോകകപ്പിൽ 7-1ന് നാണംകെട്ട ബ്രസീൽ ടീമിെൻറ പിൻഗാമികൾക്ക് ആ കണക്കുകൂടി തീർക്കാനുണ്ട്. ഇറാനോട് ഗ്രൂപ്പുഘട്ടത്തിൽ 4-0ത്തിന് കീഴടങ്ങിയ ജർമനി തുടക്കത്തിൽ നിരാശപ്പെടുത്തിയെങ്കിലും പ്രീക്വാർട്ടറിൽ കൊളംബിയയെ നാലു ഗോളിന് തകർത്തതോടെ ടീം ആത്മവിശ്വാസമാർജിച്ചുകഴിഞ്ഞു. കഴിഞ്ഞ നാലു കളികളിൽ ഒരു ഗോൾമാത്രം വഴങ്ങിയ ബ്രസീലിെൻറ ഡിഫൻസ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുേമ്പാഴും മധ്യനിരയിൽ ഇടക്ക് താളം നഷ്ടമാകുന്നത് കഴിഞ്ഞ കളികളിൽ പ്രകടമായിരുന്നു. എങ്കിലും അവസരങ്ങൾ മുതലെടുക്കാൻ കഴിയുന്ന മുന്നേറ്റ ത്രയവും ആക്രമണങ്ങളിലേക്ക് തേരുതെളിക്കാൻ മിടുക്കുള്ള അലനും മാർകോസ് അേൻറാണിയോയുമൊക്കെ ഒത്തുപിടിച്ചാൽ കാര്യങ്ങൾ ബ്രസീലിെൻറ വഴിക്കുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.