കൊച്ചി സ്റ്റേഡിയത്തിലെ മോഷണം; റഫറിമാരുടെ നഷ്ടപ്പെട്ട ഉപകരണങ്ങൾ കിട്ടി
text_fieldsകൊച്ചി: കൊച്ചിയിലെ അണ്ടർ 17 ലോകകപ്പ് മത്സരത്തിനുശേഷം നഷ്ടപ്പെട്ട റഫറിമാരുടെ ഉപകരണങ്ങളും ഫുട്ബാളുകളും തിരികെ ലഭിച്ചതായി വിവരം. അതേസമയം, സംഭവത്തിന് ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഞായറാഴ്ച സ്പെയിൻ-ഇറാൻ മത്സരം പൂർത്തിയായശേഷമായിരുന്നു സംഭവം.
റഫറിമാർ ഉപയോഗിച്ചിരുന്ന ചില ഉപകരണങ്ങളും പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന ഫുട്ബാളുകളുമാണ് കാണാതായത്. തുടർന്ന് കാണാതായ സാധനങ്ങൾക്കായി തെരച്ചിൽ തുടങ്ങി. ജീവനക്കാരെയും സ്റ്റേഡിയത്തിനകത്തും പുറത്തുമുണ്ടായിരുന്ന വളൻറിയേഴ്സിനെയും ചോദ്യം ചെയ്തു. എടുത്തിരിക്കുന്ന സാധനങ്ങൾ എത്രയും വേഗം തിരികെയേൽപ്പിക്കണമെന്ന് വളൻറിയേഴ്സിന് ഓഫിസർമാർ നിർേദശവും നൽകി.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിെൻറയും മറ്റു സുരക്ഷ ഉദ്യോഗസ്ഥരുടെയും സഹായവും തേടിയിരുന്നു. അതേസമയം, ഞായറാഴ്ച രാത്രിയോടെതന്നെ പ്രശ്നം പരിഹരിച്ചെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേഡിയത്തിനകത്തു നിന്നുതന്നെ സാധനങ്ങൾ ലഭിച്ചെന്നാണ് വിവരം. എന്നാൽ മോഷണമാണോ കാണാതായതാണോ ആരാണ് ഉത്തരവാദിയെന്നോ വിശദീകരിക്കാൻ വളൻറിയേഴ്സ് ഓഫിസർമാരോ ബന്ധപ്പെട്ടവരോ തയാറായിട്ടില്ല.
സംഭവത്തിന് ഉത്തരവാദിയാരെന്ന് വ്യക്തമാക്കാതെ വളൻറിയേഴ്സിനെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനമാണ് പ്രാദേശിക സംഘാടക സമിതി ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. ആർക്കോവേണ്ടി കുറ്റം മുഴുവൻ തങ്ങളിൽ ആരോപിക്കുകയാണെന്ന് വളൻറിയേഴ്സിൽ ഒരാൾ പറഞ്ഞു. ഏറെ ഉത്തരവാദിത്തം കാണിക്കേണ്ട എൽ.ഒ.സി ഓഫിസർമാർ അതോടെ ആരോപണത്തിൽനിന്നും രക്ഷപ്പെട്ടു. ഇത്രയും ദിവസം രാവുംപകലും കഷ്ടപ്പെട്ടിട്ടും മറ്റുള്ളവർക്കുമുന്നിൽ മോഷ്ടാക്കളെന്ന പരിവേഷമാണ് തങ്ങൾക്ക് ബാക്കിയായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.