അണ്ടർ 17 ലോകകപ്പിൽ സ്പെയിൻ-ഇംഗ്ലണ്ട് ഫൈനൽ ഇന്ന്
text_fields‘വിശ്വ ബംഗ്ലാ’യിൽ ഭൂമിയിലെ മനോഹര ഗെയിമിെൻറ യുവരാജ പട്ടാഭിഷേകത്തിലേക്ക് പന്തുരുളാൻ മണിക്കൂറുകൾ ബാക്കി. ആറ്റിക്കുറുക്കിയ പോരാട്ടങ്ങൾക്കൊടുവിൽ അന്തിമാങ്കത്തിലേക്ക് ചുവടുവെച്ചെത്തുന്നത് രണ്ടു പ്രഗല്ഭ നിരകൾ. കളി കണ്ടുപിടിച്ചവരും കളിയഴകിന് പുതിയ പാഠഭേദം ചമച്ചവരും. കടൽകടന്ന് ഇരുനിരയുമെത്തിയത് ഒരേ വൻകരയിൽനിന്ന്. കളിയുടെ കണക്കുപുസ്തകങ്ങളിൽ വലിയ സംഖ്യാബലമൊന്നും അവകാശപ്പെടാനില്ലാത്തൊരു നാട് ചരിത്രം ഇതുവരെ കാണാത്ത ആവേശത്തിമിർപ്പോടെ കരയിൽ എല്ലാറ്റിനും സാക്ഷികളായി നിൽക്കുന്നു.
വിവേകാനന്ദ യുവഭാരതി ക്രിരംഗനിലെ വഴികൾ അഴകുവിടർത്തി വിശ്വകിരീടത്തിെൻറ ബലാബലത്തിലേക്ക് തുറക്കുകയാണിന്ന്. കൗമാര ലോകകപ്പിെൻറ അടർക്കളത്തിൽ സ്പെയിനും ഇംഗ്ലണ്ടും ഫൈനൽ പോരാട്ടത്തിലേക്ക് ശനിയാഴ്ച ബൂട്ടണിഞ്ഞിറങ്ങുേമ്പാൾ അനൽപമായ ആവേശം വിതറാൻ കൊൽക്കത്ത ഒരുങ്ങിക്കഴിഞ്ഞു. ടൂർണമെൻറിൽ ഏറ്റവും ആക്രമണാത്കമായി കളിച്ച ഇരുനിരയും കന്നിക്കിരീടം തേടിയാണ് കലാശപ്പോരിനിറങ്ങുന്നത്. 17ാമത് അണ്ടർ 17 ലോകകപ്പിൽ സ്പെയിനിന് ഇത് നാലാം ഫൈനലാണെങ്കിൽ ഇംഗ്ലീഷുകാർ നടാടെയാണ് കൗമാര ലോകകപ്പിെൻറ ഫൈനലിന് കച്ചമുറുക്കുന്നത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തിൽ ശനിയാഴ്ച ബ്രസീലും മാലിയും ഏറ്റുമുട്ടും. സാൾട്ട് േലക് സ്റ്റേഡിയത്തിൽ അഞ്ചു മണിക്കാണ് േപ്ലഒാഫ് മത്സരത്തിെൻറ കിക്കോഫ്.
ഒരേ ഭൂഖണ്ഡം, രണ്ടു രീതികൾ
ഇരുടീമും ഇക്കുറി യൂറോ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം സ്പെയിനിനൊപ്പമായിരുന്നു. ടൂർണമെൻറിെൻറ ചരിത്രത്തിലാദ്യമായി ഒാൾ യൂറോപ്യൻ ഫൈനൽ അരങ്ങേറുേമ്പാൾ ആ തിരിച്ചടിക്ക് കണക്കുതീർക്കുകയെന്ന അജണ്ട കൂടിയുണ്ട് ഇംഗ്ലീഷുകാർക്ക്. പന്തിന്മേൽ മേധാവിത്വം നേടുന്ന പൊസഷൻ ഗെയിമിൽ അധിഷ്ഠിതമാണ് സ്പാനിഷ് ശൈലിയെങ്കിൽ മുനകൂർത്ത പ്രത്യാക്രമണങ്ങളും അടിയുറച്ച പ്രതിരോധവും കോർത്തിണക്കുന്ന സമതുലിതമായ ഗെയിമാണ് ഇംഗ്ലണ്ട് ഫലപ്രദമായി പയറ്റുന്നത്. ജയത്തിലേക്ക് തലപുകച്ചുണ്ടാക്കുന്ന വിഭിന്ന തന്ത്രങ്ങളുമായാണ് ഇംഗ്ലണ്ട് ഒാരോ ടീമിനെയും എതിരിടുന്നത്. വിസ്മയക്കുതിപ്പുമായി ക്വാർട്ടറിലെത്തിയ ഇറാനെ കൃത്യമായ മറുതന്ത്രം മെനഞ്ഞ് പന്തുനൽകാതെ നിഷ്പ്രഭമാക്കിയ പ്രകടനം പോലൊന്നാണ് സ്പാനിഷ് കോച്ച് സാൻറിയാഗോ ഡെനിയയുടെ മനസ്സിൽ. ഇംഗ്ലണ്ട് ആക്രമിക്കാൻ കയറിയെത്തുേമ്പാൾ ലഭിക്കുന്ന സ്പേസ് ഫലപ്രദമായി ഉപയോഗിച്ച് വലയിലേക്ക് വഴിതുറക്കാനാവുമെന്ന് അവർ കണക്കുകൂട്ടുന്നു. തുടക്കത്തിൽ ഗോൾ നേടി ഇംഗ്ലീഷ് നില തെറ്റിക്കാനാവും സ്പെയിനിെൻറ ഉന്നം. ബ്രൂസ്റ്ററെ പൂട്ടാൻ തന്ത്രം മെനയുമെന്നും വിങ്ങുകളിലൂടെ കയറിയെത്താനുള്ള എതിർശ്രമം പൊളിക്കുമെന്നും ഡെനിയ പറയുന്നു.
എന്നാൽ, വമ്പന്മാരായ ബ്രസീലിനെതിരെ അവലംബിച്ച കരുനീക്കങ്ങളാവും ഫൈനലിലും ഇംഗ്ലണ്ടിേൻറത്. അപകടകാരികളായ താരങ്ങളെ പ്രത്യേകം മാർക്ക് ചെയ്ത് നിർവീര്യമാക്കാൻ ടീം ശ്രദ്ധപുലർത്തും. തുടക്കത്തിലേ മുൻതൂക്കം നേടി പിൻനിരയിലേക്കിറങ്ങി പ്രതിരോധിക്കുക, എതിർ ടീം തിരിച്ചടിക്കാൻ ഇരച്ചുകയറുേമ്പാൾ പ്രത്യാക്രമണം ശക്തമാക്കി നില ഭദ്രമാക്കുക എന്നിവയിലൂന്നിയ അടിസ്ഥാന സൂത്രങ്ങളാവും ഇംഗ്ലണ്ടിെൻറ ആയുധം. എതിരാളികൾ ആരായാലും അവരേക്കാൾ മികച്ച കളി പുറത്തെടുക്കാൻ തെൻറ കുട്ടികൾക്ക് കഴിയുമെന്ന് കോച്ച് സ്റ്റീവ് കൂപ്പർ പറയുന്നു. ‘‘സ്പെയിൻ കരുത്തുറ്റ ടീമാണെന്നത് തികഞ്ഞ ബോധ്യമുണ്ട്. കിരീടം നേടാനുറച്ചാകും പോരാട്ടം. ഞങ്ങൾ ഒരിക്കലും ശൈലി മാറ്റില്ല. അതിൽതന്നെ ഉറച്ചുനിൽക്കും.’’
കലാശപ്പോരിലേക്കുള്ള വഴി
ഇംഗ്ലണ്ട്
ഗ്രൂപ്: ചിലി (4-0), മെക്സികോ (3-2), ഇറാഖ് (4-0) (ഗ്രൂപ് എഫ് വിജയി)
പ്രീക്വാർട്ടർ: ജപ്പാൻ (0-0) ഷൂട്ടൗട്ട്- 5-3
ക്വാർട്ടർ ഫൈനൽ: അമേരിക്ക 4-1
സെമിഫൈനൽ: ബ്രസീൽ 3-1
ടോപ് സ്കോറർ: റിയാൻ ബ്രൂസ്റ്റർ-7
സ്പെയിൻ
ബ്രസീൽ (1-2), നൈജർ (4-0), കൊറിയ (2-0)
(ഗ്രൂപ് ‘ഡി’ രണ്ടാം സ്ഥാനം)
പ്രീക്വാർട്ടർ: ഫ്രാൻസ് 2-1
ക്വാർട്ടർ: ഇറാൻ 3-1
സെമിഫൈനൽ: മാലി 3-1
ടോപ് സ്കോറർ: ആബേൽ റൂയിസ്-6
കൗമാരോത്സവം ഇതുവരെ
48 കളി, 170 ഗോൾ
ഗോൾ ശരാശരി: ഒാരോ കളിയിലും 3.5 ഗോൾ
കാണികൾ: 12,24,027
നിലവിലെ റെക്കോഡ്: 1985 ചൈന ലോകകപ്പ് (12,30,976 പേർ)
ഗോൾ സ്കോറർ:
റിയാൻ ബ്രൂസ്റ്റർ (ഇംഗ്ലണ്ട്) -7
ആബേൽ റൂയിസ് (സ്പെയിൻ)-6
ലസാന എൻഡായെ (മാലി)-6
സമ്മാനത്തുകയില്ല, ജേതാക്കൾക്ക് ട്രോഫി
●ഫിഫയുടെ എല്ലാ ചാമ്പ്യൻഷിപ്പുകൾക്കും വൻ തുകയാണ് ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുക. എന്നാൽ, കൗമാര ഫുട്ബാളിെൻറ വികസനം ലക്ഷ്യമിട്ടുള്ള അണ്ടർ17 ചാമ്പ്യൻഷിപ് ജേതാക്കൾക്ക് സമ്മാനമായി കാഷ് അവാർഡില്ല. പെങ്കടുക്കുന്ന മുഴുവൻ ടീമിനും ഫിഫ നിശ്ചിത തുക നൽകുന്നുണ്ട്.
●ചാമ്പ്യന്മാർക്കുള്ള കിരീടം ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ സമ്മാനിക്കും.
അവാർഡുകൾ
●ആദ്യ മൂന്നു സ്ഥാനങ്ങളിലെ ടീം അംഗങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും സ്വർണം, വെള്ളി, വെങ്കല മെഡലുകൾ സമ്മാനിക്കും.
●ഗോൾഡൻ ബൂട്ട്: ടോപ് ഗോൾ സ്കോറർക്ക്
●ഗോൾഡൻ ബാൾ: ടൂർണമെൻറിലെ ഏറ്റവും മികച്ച താരത്തിന്
●ഗോൾഡൻ ഗ്ലൗ: മികച്ച ഗോൾ കീപ്പർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.