മാലിയെ വീഴ്ത്തി; മൂന്നാം സ്ഥാനക്കാരായി മഞ്ഞപ്പടയുടെ മടക്കം
text_fieldsകൊൽക്കത്ത: ഇരമ്പിക്കയറിയ മാലിയുടെ ഗോൾശ്രമങ്ങളെ മനസ്സാന്നിധ്യത്തോടെ നേരിട്ട ഗബ്രിയേൽ ബ്രസാവോയുടെ കൈക്കരുത്ത് ബ്രസീലിന് നേടിക്കൊടുത്തത് കൗമാര ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കുള്ള വെങ്കലപതക്കം. 28 ഷോട്ടുകൾ പായിച്ച മാലിക്കെതിരെ എട്ടു ഷോട്ടുകൾ മാത്രമുതിർത്ത ബ്രസീൽ അതിൽ രണ്ടെണ്ണം വലയിലെത്തിച്ചാണ് മിടുക്കു കാട്ടിയത്. ഗോൾ ശൂന്യമായ ആദ്യ പകുതിക്കുശേഷം 55ാം മിനിറ്റിൽ എതിർ ഗോളിയുടെ പിഴവിൽ അലന് ദാനമായിക്കിട്ടിയ ഗോളിൽ മുന്നിലെത്തിയ മഞ്ഞപ്പടക്കുവേണ്ടി 88ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് യൂറി ആൽബർേട്ടായും ലക്ഷ്യം കണ്ടു. അണ്ടർ 17 ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് ബ്രസീൽ മൂന്നാം സ്ഥാനക്കാരാകുന്നത്.
ആഫ്രിക്കൻ ഫുട്ബാളിെൻറ പരമ്പരാഗതമായ വന്യവേഗവുമായി മാലി ആക്രമിച്ചുകയറിയപ്പോൾ മറുപടിയില്ലാതെ പലപ്പോഴും ബ്രസീൽ വിയർത്തു. ഇരുഭാഗത്തേക്കും പന്ത് മാറിമാറിയെത്തിയെങ്കിലും മാലിയുടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂടുതലുണ്ടായിരുന്നു. ക്രോസ്ബാറിനു കീഴിൽ ഗോളി ഗബ്രിയേൽ ബ്രസാവോയുടെ മെയ്വഴക്കമാണ് പലപ്പോഴും ബ്രസീലിെൻറ രക്ഷക്കെത്തിയത്. ലസാന എൻഡായെയും സലാം ജിദ്ദൂവുമൊക്കെ ലോങ് റേഞ്ചറുകളിലൂടെ ബ്രസാവോയെ പരീക്ഷിച്ചുകൊണ്ടിരുന്നു. മധ്യനിരയിൽ ആധിപത്യം കാട്ടാനാകാതെപോയ ബ്രസീൽ നിരയിൽ േപ്ലമേക്കർ അലൻ ഒട്ടും ഫോമിലായിരുന്നില്ല. ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളിൽ ബ്രസീലിേൻറത് തീർത്തും നിറംമങ്ങിയ കളിയായിരുന്നു. മഞ്ഞപ്പടയെ ഏറെ ഇഷ്ടപ്പെടുന്ന സാൾട്ട് ലേക്കിലെ അരലക്ഷത്തിലധികം കാണികൾ മാലിയുടെ നീക്കങ്ങളെയാണ് ഇൗ ഘട്ടത്തിൽ ഹർഷാരവങ്ങളോടെ സ്വീകരിച്ചത്.
ഇടവേള കഴിഞ്ഞ് കളിയെത്തിയതും മാലിയുടെ ഇരച്ചുകയറ്റത്തിലേക്കാണ്. പകരക്കാരനായിറങ്ങിയ റോഡ്രിഗോ ഗുത്തിനെ സ്റ്റോപ്പർബാക്കിെൻറ പൊസിഷനിൽ നിർത്തി ക്യാപ്റ്റൻ വിറ്റാവോ ഹോൾഡിങ് മിഡ്ഫീൽഡറുടെ റോളിൽ കയറിയെത്തിയിട്ടും ബ്രസീലിന് ഉണർവൊന്നുമുണ്ടായില്ല. മാലി തുടരൻ മുന്നേറ്റങ്ങൾ നടത്തുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് ബ്രസീലിന് ഗോൾ വീണുകിട്ടുന്നത്. ഒറ്റപ്പെട്ട പ്രത്യാക്രമണത്തിനൊടുവിൽ എതിർ ബോക്സിനു പുറത്ത് മാലി ഡിഫൻഡറിൽനിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച അലൻ ഗോളി മാത്രം നിൽക്കേ നിലംപറ്റെ തൊടുത്തത് അതിദുർബലമായൊരു ഷോട്ടായിരുന്നു. അപകടഭീഷണിയൊന്നുമില്ലാതിരുന്ന പന്ത് കൈയിലൊതുക്കാനുള്ള മാലി ഗോളി യൂസുഫ് കൊയ്റ്റയുടെ ശ്രമം അവിശ്വസനീയമായി പാളിയപ്പോൾ കാലിനിടയിലൂടെ പന്ത് വലയിലേക്ക് ഉരുണ്ടുനീങ്ങി.
ഇതോടെ ബ്രസീൽ അൽപമൊന്നുണർന്നു. ഗോൾ തിരിച്ചടിക്കാനുള്ള ശ്രമം മാലി ശക്തമാക്കിയപ്പോൾ പിൻനിരയിൽ പടുകോട്ടകെട്ടി ബ്രസീൽ ലക്ഷ്യംനേടുകയായിരുന്നു. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് മാലിയെ കൈവിട്ടുപോയത്. അവസാന ഘട്ടത്തിൽ കാണികളുടെ നിറപിന്തുണയോടെ ആക്രമണം കനപ്പിച്ചിട്ടും ആഫ്രിക്കക്കാർക്ക് വലയിലേക്കുള്ള വഴി മാത്രം തുറന്നുകിട്ടിയില്ല. ഒടുവിൽ മറ്റൊരു പ്രത്യാക്രമണത്തിൽ 89ാം മിനിറ്റിൽ ബ്രസീൽ ലീഡുയർത്തി. വലതുവിങ്ങിൽനിന്ന് ബ്രണ്ണർ നൽകിയ പാസിൽ പന്തെടുത്ത യൂറി തൊടുത്ത േക്ലാസ്റേഞ്ച് ഷോട്ട് കൊയ്റ്റക്ക് പഴുതൊന്നും നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.