പടിക്കൽ കലമുടക്കല്ലേ...
text_fieldsകൊച്ചി: കായിക കേരളം അഭിമാനത്തോടെ കാത്തിരുന്ന കൗമാര ഫുട്ബാളിന് പന്തുരുളാൻ 20 ദിവസം മാത്രം ബാക്കി. ഇന്ത്യൻ ഫുട്ബാളിെൻറ തലയെടുപ്പായി മാറുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് ഇതരവേദികളെല്ലാം അഭിമാനത്തോടെ ഒരുങ്ങിയേപ്പാൾ കൊച്ചിയെ അവസാന നിമിഷത്തിലും വിവാദം വിെട്ടാഴിയുന്നില്ല. വേദി നിർമാണം സംബന്ധിച്ച മെല്ലെപ്പോക്കാണ് ആദ്യം നാണക്കേടായതെങ്കിൽ ഇപ്പോൾ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കട ഒഴിപ്പിക്കൽ കോടതി കയറിയതോടെ ഇരട്ടി നാണക്കേടായി. 21ന് സ്റ്റേഡിയം ഫിഫക്ക് കൈമാറണമെന്നിരിക്കെയാണ് കട ഒഴിപ്പിക്കൽ കോടതിയിലെത്തിയത്. കോടതിയിൽ നിന്ന് വിരുദ്ധ പരാമർശമോ ഉത്തരവോ ഉണ്ടായാൽ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) സ്വന്തം വഴിനോക്കുകയാണെങ്കിൽ തിരിച്ചടി കേരള ഫുട്ബാളിന് മാത്രമായി മാറും.
ഒഴിപ്പിക്കേണ്ടത് 250 സ്ഥാപനങ്ങൾ
സി-ഡിറ്റ്, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, കെ.എസ്.ഇ.ബി, ഐ.ടി പാർക്ക്, വ്യവസായസ്ഥാപനങ്ങൾ, ഹോട്ടലുകൾ, വർക്ക്ഷോപ്പുകൾ, ഇലക്ട്രോണിക്സ് കടകൾ, വാഹനങ്ങളുടെ സർവിസ് സ്റ്റേഷനുകൾ, പത്രം ഉൾപ്പെടെ 250ലധികം സ്ഥാപനങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. സെപ്റ്റംബർ 15 മുതൽ കളി കഴിയുന്നതുവരെ കടകൾ ഒഴിയണമെന്ന് കാണിച്ച് രണ്ടാഴ്ച മുമ്പ് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇക്കാലയളവിലെ വാടകയും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി കടയുടമകൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തൊഴിലാളികൾക്ക് ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്ന നിലപാടിലാണ് കച്ചവടക്കാർ.
കരാർ 2015 ജൂണിൽ; നോട്ടീസ് നൽകിയത് രണ്ടാഴ്ച മുമ്പ് !
2015 ജൂണിൽ ഫിഫയുമായുണ്ടാക്കിയ കരാർ അനുസരിച്ചാണ് ഒഴിപ്പിക്കലെന്ന് ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു. ഈമാസം 15 മുതൽ കൊച്ചിയിലെ കളി അവസാനിക്കുന്നതുവരെ കടകൾ അടച്ചിടണമെന്നാണ് നിർദേശം. പ്രത്യേക സാഹചര്യത്തിൽ 25 വരെ സമയം നീട്ടിയിട്ടുണ്ട്. കരാർ ഒപ്പിട്ടപ്പോൾതന്നെ ഇക്കാര്യങ്ങൾ കടക്കാരെ അറിയിച്ചിരുന്നു. ആഗസ്റ്റ് 24ന് നോട്ടീസും നൽകി. വാടക ഒഴിവാക്കുമെന്നും അറിയിച്ചു. കരാർ പ്രകാരമുള്ള സൗകര്യങ്ങൾ ഫിഫക്ക് ചെയ്തുനൽകാൻ ജി.സി.ഡി.എ ബാധ്യസ്ഥമാണ്. കരാർ ലംഘിച്ചാൽ ഫിഫ ചോദിക്കുന്ന നഷ്ടപരിഹാരം ജി.സി.ഡി.എ നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അന്തർദേശീയ മത്സരങ്ങൾ കേരളത്തിലെത്തിക്കാൻ ഫിഫക്കുള്ള ക്ഷണക്കത്തായാണ് കൊച്ചിയിലെ മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ 25 കോടിയോളമാണ് സ്റ്റേഡിയം നവീകരണത്തിനും മറ്റുമായി നൽകുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ പാകപ്പെടുത്താൻ ഫിഫ സാങ്കേതിക സഹായവും നൽകി. ലോകത്തൊരിടത്തും ഉണ്ടാകാത്ത പ്രതിസന്ധിയാണ് കൊച്ചിയിൽ സംഭവിച്ചിരിക്കുന്നത്. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയത്തിലൊന്നും കടയോ കച്ചവടമോ ഇല്ല. കായികമത്സരത്തിെൻറ ഏത് മാനദണ്ഡം അനുസരിച്ച് നോക്കിയാലും ഇക്കാര്യങ്ങൾ അനുവദനീയമല്ല. അന്തർദേശീയ കായികതലത്തിൽ കേരളത്തിന് പേരുണ്ടാക്കാൻ കഴിയുന്ന ഇൗ അവസരവും കച്ചവടക്കണ്ണോടെയുള്ള ഇടപാടുകൾക്കായി മുതലാക്കുകയാെണന്നാണ് ആക്ഷേപം. മറ്റ് വേദികളിൽ കൊൽക്കത്ത സ്റ്റേഡിയം കൈമാറി. ഗുവാഹതി ഈയാഴ്ച കൈമാറും. ഗോവ, മുംബൈ, ഡൽഹി സ്റ്റേഡിയങ്ങൾ അവസാന മിനുക്കുപണിയിലാണ്. അതിനിെട വിവാദംകൊണ്ട് കളിക്കുകയാണ് കേരളം.
ഒഴിപ്പിക്കലിനെതിരായ ഹരജിയിൽ വിശദവാദം ഇന്ന്
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട സുരക്ഷ കാരണങ്ങളാൽ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ കടകൾ ഒഴിപ്പിക്കൽ അനിവാര്യമെന്ന് സർക്കാർ. സ്ഥാപനയുടമകളുടെ ഉപജീവനാവകാശം സംരക്ഷിക്കാൻ എന്ത് ബദൽ സംവിധാനമാണ് ഏർപ്പെടുത്താൻ കഴിയുകയെന്ന് ഹൈകോടതി. സ്റ്റേഡിയത്തിലെ കടകൾ ഒന്നര മാസത്തോളം പൂട്ടണമെന്ന ഉത്തരവ് ചോദ്യംചെയ്ത് എറണാകുളം ചങ്ങമ്പുഴ നഗറിലെ വി. രാമചന്ദ്രൻ നായരടക്കം അമ്പതോളം കടയുടമകൾ നൽകിയ ഹരജിയിലാണ് സർക്കാറിെൻറയും കോടതിയുടെയും അഭിപ്രായപ്രകടനങ്ങൾ. കൂടുതൽ വാദത്തിന് ഹരജി ശനിയാഴ്ചത്തേക്ക് മാറ്റി.
ലോകകപ്പ് മത്സരങ്ങൾക്ക് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 25 വരെ സ്റ്റേഡിയത്തിലെ സ്ഥാപനങ്ങളെ ഒഴിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ പേരിൽ കലക്ടർ ഉത്തരവിട്ടിരുന്നു. ഇത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹരജി പരിഗണനക്കെത്തിയപ്പോൾ കോടതി സർക്കാറിെൻറ വിശദീകരണം ആരാഞ്ഞു. തുടർന്നാണ് സർക്കാർ വിശദീകരണം നൽകിയത്. സ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ വൈകിയാൽ മത്സരങ്ങൾ നഷ്ടമാകുമെന്നും സുരക്ഷയുടെ ഭാഗമായി താൽക്കാലികമായി ഒഴിപ്പിക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും തദ്ദേശഭരണ ഡെപ്യൂട്ടി സെക്രട്ടറി സി.എസ്. ശ്രീകല നൽകിയ വിശദീകരണപത്രികയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.