കൗമാരങ്ങളെ തേടി യൂറോപ്പിലെ പ്രാപ്പിടിയന്മാർ
text_fieldsന്യൂഡൽഹി: തള്ളക്കോഴിയുടെ ചിറകിനടിയിൽനിന്ന് വെളിച്ചം തേടിയിറങ്ങുന്ന കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന പ്രാപ്പിടിയൻ പക്ഷിയെപ്പോലെ ഫിഫയുടെ ജൂനിയർ ലോകകപ്പ് പോരാട്ടവേദികളിലും ചില പ്രാപ്പിടിയന്മാർ വരുന്നുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കൊല്ലാനല്ല, പോറ്റിവളർത്തി വലുതാക്കാനാണ് ഇൗ വരവ്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയിലെ ആറു വേദികളിലുമുണ്ടാവും യൂറോപ്യൻ ക്ലബ് ഫുട്ബാളുകളിെല ഇൗ പ്രാപ്പിടിയന്മാർ. ഒാരോ ടീമിലെയും കൗമാര താരങ്ങളുടെ പ്രകടനം നിരീക്ഷിച്ച് വിലിയിരുത്തിയ ശേഷം സ്വന്തമാക്കാൻ വലയും വിരിച്ചാണ് ഇവരുടെ വരവ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയവർക്കൊപ്പം പിൻനിരയിലുള്ള ടീമുകളുടെ സെലക്ഷൻ സംഘവും വിവിധ വേദികളിൽ തമ്പടിക്കും. സ്പെയിനിലെ റയൽ മഡ്രിഡ്, ബാഴ്സലോണ, ഫ്രഞ്ച് ലീഗ്, ജർമൻ ലീഗ് ക്ലബുകളും ജൂനിയർ താരങ്ങളെ തേടി ഇന്ത്യൻ മണ്ണിലുണ്ടാവും. വൻകരകളുടെ യോഗ്യത റൗണ്ടിലെ മിന്നുന്ന പ്രകടനത്തിലൂടെ തന്നെ ചിലരെ യൂറോപ്യൻ ക്ലബുകൾ കണ്ണുവെച്ചുകഴിഞ്ഞു. ക്ലബുകളുടെ രാജ്യാന്തര ട്രാൻസ്ഫറിന് 18 ആണ് പ്രായം. 17 വയസ്സോ അതിന് ചുവടെയോ ഉള്ള ലോകകപ്പ് താരങ്ങൾക്ക് മാനദണ്ഡപ്രകാരമുള്ള വയസ്സ് തികയുേമ്പാൾ മാത്രമേ പുതിയ ക്ലബുകളിലേക്ക് കൂടുമാറാനാവൂ.
എറിക് അയാ
(ഘാന-എഫ്.സി പോർേട്ടാ)
ഘാന നായകൻ കൂടിയായ എറിക് അയാ ആഫ്രിക്കൻ നേഷൻസിലെ ടോപ് സ്കോററായിരുന്നു. ഘാന ക്ലബുകളിൽ കളിക്കുന്ന അയാക്കു പിന്നാലെ പോർചുഗൽ ക്ലബ് പോർടോയാണ് രംഗത്തെത്തിയത്. ലോകകപ്പിനു പിന്നാലെ കരാറിൽ ഒപ്പിടും.
അലൻ സൗസ
(ബ്രസീൽ-റയൽ മഡ്രിഡ്)
വിനീഷ്യസ് ജൂനിയറിനു പിന്നാലെ ബ്രസീൽ കൗമാര സംഘത്തിൽനിന്ന് ഇൗ മധ്യനിര താരത്തെയും റയൽ നോട്ടമിട്ടു കഴിഞ്ഞു. പാൽമിറസിനു കളിക്കുന്ന താരെത്ത വിട്ടുനൽകാനായി 50 ദശലക്ഷം യൂറോയാണ് ആവശ്യപ്പെട്ടത്. റയൽ ഇത് അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്. അലൻ സൗസയാവും കൊച്ചിയിലെ താരം.
ജാഡൺ സാഞ്ചോ
(ഇംഗ്ലണ്ട്-ബൊറൂസ്യ ഡോർട്മുണ്ട്)
മാഞ്ചസ്റ്റർ സിറ്റി യൂത്ത് താരമായിരുന്നു ജാഡൺ സാഞ്ചോ സീനിയർ കോച്ച് പെപ് ഗ്വാർഡിയോളയുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങിയാണ് ലോകകപ്പിനെത്തുന്നത്. യൂറോ ചാമ്പ്യൻഷിപ്പിലെ ഗോൾഡൻ ബാളിനുടമയായ സാഞ്ചോയുമായി ജർമനിയിലെ ബൊറൂസ്യ ഡോർട്മുണ്ട് കരാറിൽ ഒപ്പിട്ടതായാണ് വിവരം.
യാൻ ഫീറ്റ് ആർപ്
(ജർമനി- ചെൽസി)
ജർമൻ നായകനായ 17കാരൻ നിലവിൽ ബുണ്ടസ് ലിഗ ക്ലബ് ഹാംബർഗ് എസ്.വി സീനിയർ ടീമിനായി ഒരു മത്സരം കളിച്ചുകഴിഞ്ഞു. 2010ൽ ഹാംബർഗ് യൂത്ത് ടീമിലെത്തിയ ആർപിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസി നോട്ടമിട്ടുകഴിഞ്ഞു. മിറോസ്ലാവ് ക്ലോസെയുടെ പിൻഗാമിയെന്ന് ആരാധകർ വിളിച്ചുകഴിഞ്ഞ ആർപ് ടോട്ടൻഹാമിെൻറ ഗോളടിയന്ത്രം ഹാരി കെയ്നിെൻറ ഇഷ്ടക്കാരനാണ്.
അബിൽ റൂയിസ്
(സ്പെയിൻ-പ്രീമിയർ ലീഗ്)
ബാഴ്സലോണ യൂത്ത് അക്കാദമിയിൽ നിന്നുള്ള ഇൗ മുന്നേറ്റ നിരക്കാരനുവേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ വലവിരിച്ചു കഴിഞ്ഞു. ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ക്ലബുകളാണ് റൂയിസിനായി ബാഴ്സയെ സമീപിച്ചത്. അതേസമയം, ലോകകപ്പിൽ മികവു തെളിയിച്ച് ബാഴ്സയിൽ നിലനിൽക്കാനാണ് താരത്തിനിഷ്ടമെന്നാണ് റിപ്പോർട്ടുകൾ.
തകേഫുസ കുബോ
(ജപ്പാൻ-റയൽ മഡ്രിഡ്)
ജാപ്പനീസ് മെസ്സിക്കായി റയൽ മഡ്രിഡ് വലവിരിച്ചതായാണ് സൂചന. 2011ൽ ബാഴ്സലോണ യൂത്ത് അക്കാദമിയിലെത്തിയ തകേഫുസയെ 2015ൽ ബാഴ്സ രണ്ടാം ഡിവിഷൻ ടീമിൽ ഉൾപ്പെടുത്തിയതിന് ക്ലബിന് ഫിഫയുടെ പിഴയും ലഭിച്ചു. തുടർന്ന് നാട്ടിലേക്ക് മടങ്ങി എഫ്.സി ടോക്യോവിൽ തന്നെ കളിതുടർന്നു. അണ്ടർ11 ബാഴ്സ അക്കാദമിക്കായി 30 കളിയിൽ 74 ഗോളടിച്ചാണ് ജാപ്പനീസ് മെസ്സിയെന്ന പേര് സമ്പാദിച്ചത്. ലോകകപ്പിനു പിന്നാലെ താരവുമായി കരാറിലൊപ്പിടാനാണ് റയൽ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.