ഘാനയെയും കീഴടക്കി അമേരിക്ക മുന്നോട്ട്
text_fieldsന്യൂഡല്‍ഹി: കളം നിറഞ്ഞു കളിച്ച ഘാനയെ മടക്കമില്ലാത്ത ഒറ്റ ഗോളിന് തോല്‍പിച്ച അമേരിക്ക തുടര്‍ച്ചയായ രണ്ടാം ജയവുമായി അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഗ്രൂപ് ‘എ’യില്‍നിന്ന് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പകുതിയില്‍ തുറന്നെടുത്ത അവസരങ്ങള്‍ പാഴാക്കുന്നതില്‍ ആഫ്രിക്കന്‍ സംഘം മത്സരിക്കുന്നതിനിടയില്‍ പകരക്കാരനായിറങ്ങിയ അയോ അകിനോളയാണ് 75ാം മിനിറ്റില്‍ അമേരിക്കയുടെ വിജയഗോള്‍ നേടിയത്. ഭാഗ്യം ഒപ്പമില്ലാതിരുന്ന ഘാനക്കാരെ പ്രതിരോധത്തിെൻറ കോട്ടമതില്‍ തീര്‍ത്ത അമേരിക്ക പ്രത്യാക്രമണത്തിലൂടെ വീഴ്ത്തുകയായിരുന്നു.
ആദ്യ പകുതിയുടെ ആദ്യ പത്തു മിനിറ്റ് ഘാനയുടെ കൈയിലായിരുന്നു പന്ത്. എന്നാല്‍, കളിയുടെ വേഗം കുറച്ച് പ്രത്യാക്രമണങ്ങള്‍ മെനഞ്ഞ അമേരിക്കയായിരുന്നു ആദ്യം ഗോളിനടുത്തെത്തിയത്. മറുവശത്ത് പന്തുമായി എതിര്‍ ബോക്സില്‍ കടക്കാന്‍ പ്രയാസപ്പെട്ട ഘാനക്കാര്‍ അലക്ഷ്യമായി പരീക്ഷിച്ച ലോങ് റേഞ്ചറുകള്‍ എങ്ങുമെത്തിയില്ല. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ നേരം കൈവശംവെച്ചത് അമേരിക്കക്കാരായിരുന്നുവെങ്കില്‍ രണ്ടാം പകുതിയില്‍ കളം ഭരിച്ചത് ആഫ്രിക്കന്‍ ശക്തികളായിരുന്നു.
സാദിഖും അയ്യയും ഖുദുസും ഒന്നിനുപിറകെ ഒന്നായി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ആളൊഴിഞ്ഞ പോസ്റ്റില്‍ പോലും അവര്‍ക്ക് പന്തെത്തിക്കാനായില്ല. അതിനിടയിലാണ് വിയ്യക്ക് പകരമിറങ്ങിയ അകിനോളയുടെ ഗോൾ. ഇടതു പാര്‍ശ്വത്തില്‍നിന്ന് ഡര്‍ക്കിനിലൂടെ ഗോസ്ലിന് കൈമാറിയ പന്ത് ഗോള്‍മുഖത്ത്് തടയാനെത്തിയ രണ്ടു ഡിഫൻഡര്‍മാര്‍ക്കിടയിലൂടെ അകിനോള വലയിലേക്ക് തൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.