സിരകളിൽ സംഗീതവും ഫുട്ബാളും
text_fieldsമൈതാനത്ത് പന്തുമായി നൃത്തംചവിട്ടിയ ജോര്‍ജ് വിയ്യയുടെ ദുഃഖം വിശ്വമേളയിൽ ഒരിക്കല്‍പോലും ബൂട്ടണിയാനായില്ലെന്നതാണ്. ആഫ്രിക്കന്‍ വന്യതയുടെ കരുത്തുമായി ലൈബീരിയ എന്ന കൊച്ചു രാജ്യത്തിെൻറ കുപ്പായത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വിയ്യയുടെ സങ്കടം മാറ്റാന്‍ മൂത്തമകന് ജോര്‍ജ് വിയ്യ ജൂനിയറിനുമായില്ല. കളിക്കളത്തില്‍ വാണരുളിയ കാലം പിന്നിട്ട് രാഷ്ട്രീയത്തില്‍ അങ്കംവെട്ടുന്ന വിയ്യയുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള വഴിയിലാണ് രണ്ടാമത്തെ മകന് ടിം വിയ്യ. കപ്പ് ജയിക്കാന്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ ടീമിെൻറ മുന്‍നിരക്കാരില്‍ പ്രധാനിയാണ് തിമ്മോത്തി വിയ്യ എന്ന ടിം. ബാലൺ ഡി ഒാര് പുരസ്കാരവും ആഫ്രിക്കന്‍ ഫുട്ബാള്‍ ഓഫ് ദി ഇയര്‍ പട്ടവും നേടിയ പിതാവിന് ലോകകപ്പിലൊരിടത്തും കളിക്കാനായിെല്ലങ്കിലും ജൂനിയര്‍ വിയ്യ അമേരിക്കയുടെ അണ്ടര്‍ 20 ടീമില്‍ കളിച്ചിരുന്നു. പിന്നാലെ ടിമ്മിനും ആ അവസരം കൈവന്നു. 2018ലെ റഷ്യ ലോകകപ്പും കഴിഞ്ഞ് ലോകപോരാട്ടം 2022ല്‍ ഖത്തറിലെത്തുമ്പോള്‍ അമേരിക്കന്‍ നിരയിൽ ഇടംനേടുകയാണ് ടിമ്മിെൻറ ലക്ഷ്യം. പിതാവിനും ജ്യേഷ്ഠനും ലഭിക്കാതെപോയ ഭാഗ്യം തേടിയുള്ള പടയൊരുക്കം.
കാല്പന്തുകളിയിൽ ഒരിക്കലും മായാത്ത പേരാണ് വിയ്യ. പന്തടക്കത്തിലും വേഗത്തിലും കരുത്തിലും മറ്റാരെയും പിന്നിലാക്കിയ വിയ്യ പാരിസ് സെൻറ് ജര്‍മയ്നില്‍ തുടങ്ങിയ യൂറോപ്യന്‍ വീരഗാഥ ഒന്നരപ്പതിറ്റാണ്ടോളം തുടര്‍ന്നു. എ.സി മിലാനിലും ചെല്‍സിയിലും മാഞ്ചസ്റ്റര്‍ സിറ്റിയിലുമായി നീണ്ട കളിജീവിതം ഒടുവിൽ എത്തിനിന്നത് അല്‍ജസീറയിലായിരുന്നു.
പിതാവിെൻറ കളിജീവിതത്തിനിടയില്‍ അമേരിക്കയില്‍ പിറന്ന ടിം കൊച്ചുനാളിലേ പന്തുതട്ടി തുടങ്ങിയതില്‍ യാദൃച്ഛികതകളില്ല. ഒമ്പതാം വയസ്സില്‍ ന്യൂയോര്‍ക്കിലെ റോസ് ഡെയ്ല്‍ ടീമിലെത്തി. ഒരു വര്‍ഷത്തിനകം യു.എസ് ഫുട്ബാള്‍ അക്കാദമിയിലേക്ക്.
പിന്നാലെ പിതാവിെൻറ വഴിയേ പാരിസ് സെൻറ് ജര്മയ്നിലേക്ക് ചേക്കേറി. ടിം പിതാവിെൻറ വഴിയേ ലോകം കീഴടക്കാനൊരുങ്ങുന്ന കളിക്കാരന് മാത്രമല്ല, സംഗീതജ്ഞന് കൂടിയാണ്. വേഗംകൊണ്ട് ഏത് പ്രതിരോധവും കീറിമുറിച്ച് ലക്ഷ്യത്തിലേക്ക് പന്ത് ഉതിര്‍ക്കുന്ന ടിമ്മിെൻറ അപാര പാടവം എതിരാളികളില്‍ ഉള്ക്കിടിലമുളവാക്കുമ്പോഴും ആ ഹൃദയത്തില്‍ പെയ്തിറങ്ങുന്നത് പാട്ടും സംഗീതവുമാണ്. ഫുട്ബാളെന്നപോലെ സംഗീതം ലഹരിയാണ് ടിമ്മിന്. ആ താളവും മേളവും കളിയിലുമുണ്ട്. ടിം എഴുതി സംഗീതം പകര്‍ന്ന ആല്‍ബങ്ങൾ ഒരുകൂട്ടം ഹൃദയങ്ങൾ കീഴടക്കി ഹിറ്റായപ്പോൾ തന്നെയാണ് പന്തിലെ വിസ്മയംകൊണ്ടും ആരാധകരെ സൃഷ്ടിക്കുന്നത്. സീനിയർ ലോകകപ്പിൽ ബൂട്ടണിയണം, അമേരിക്കയിലും ലൈബീരിയയിലും സംഗീത സ്റ്റുഡിയോകള്‍ സ്ഥാപിക്കണം -സിരകളിൽ സംഗീതവും ബൂട്ടിൽ ഫുട്ബാളും തുടിക്കുന്ന ടിമ്മിെൻറ സ്വപ്നങ്ങൾക്ക് അതിരുകളില്ല. കൗമാര ഫുട്ബാളിെൻറ 16ൽ 15 തവണയും കളിച്ച അമേരിക്കക്ക് ഒരിക്കല്‍പോലും കലാശക്കളിക്ക് അര്‍ഹത നേടാനായിട്ടില്ല. ഇത്തവണ ആ കഥ മാറ്റിയെഴുതാനുള്ള പുറപ്പാടിലാണ് അവർ. ജോഷ് സാര്ജൻറാണ് ടീമിലെ മറ്റൊരു സൂപ്പർ താരം. പൂര്‍ണാര്‍ഥത്തില്‍ ഫുട്ബാള്‍ കുടുംബത്തില്‍നിന്ന് വളര്‍ന്നുവന്ന ജോഷ് ഇതിനകം അമേരിക്കയുടെ അണ്ടര്‍ 20 ടീമിലും ബൂട്ടണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.