ഇതാദ്യം ഇന്ത്യ
text_fieldsകാൽപ്പന്തുകളിയുടെ വിശ്വഭൂമികയിൽ ഇന്ത്യക്കിത് ചരിത്ര നിയോഗം. കുമ്മായവരകൾ അതിരിടുന്ന പുൽമൈതാനങ്ങളിൽ കളിയഴകിെൻറ വർണവിസ്മയങ്ങൾ തീർത്തവർക്കിടയിൽ ഇടമില്ലാതെപോയ ഒരു നാടിെൻറ കൗമാരം ഇതാദ്യമായി പ്രതീക്ഷകളുടെ ലോകേത്തക്ക് പന്തുതട്ടുന്നു. കൗമാരക്കാരുടെ വിശ്വമാമാങ്കത്തിന് അരങ്ങൊരുക്കുന്നതിലൂടെ നല്ല നാളെയിലേക്ക് ചുവടുവെക്കാൻ നമുക്ക് സുവർണാവസരം. ഒക്ടോബർ ആറിന് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കാഴ്ചകളുടെ ചെപ്പ് തുറക്കുേമ്പാൾ പോരിടങ്ങളിൽ ഒരു സമനിലപോലും അതിവിദൂര സ്വപ്നം കാണുന്ന നൂറുകോടി ജനതക്ക് ഒാർക്കാനും ഒാമനിക്കാനും നല്ല കളി വിരുന്നൊരുക്കാനുള്ള തയാറെടുപ്പിലാണ് ലൂയി നോർട്ടൻ ഡിമാറ്റോസിെൻറ കുട്ടികൾ.
ലോക ഫുട്ബാളിൽ മേൽവിലാസമില്ലാത്തവരാണ് ഇന്ത്യ. ഇവിടത്തെ ഒരു ജില്ലയുടെ വലുപ്പംപോലുമില്ലാത്ത രാജ്യങ്ങൾ ലോക ഫുട്ബാളിൽ വെന്നിക്കൊടി നാട്ടുേമ്പാൾ ഏഷ്യൻ മേഖലയിൽപോലും സാന്നിധ്യമറിയിക്കാനാകാതെ ഉഴലുകയാണ് നാം. അമ്പതുകളിൽ ബഹിഷ്കരണത്തിെൻറയും വറുതിയുടെയും കാലത്ത് റിയോയിൽ പന്തുതട്ടാൻ കിട്ടിയ അവസരം കൈവിട്ടുകളഞ്ഞ ഇന്ത്യക്ക് ലോകകപ്പ് പോരിെൻറ കനലിടങ്ങളിൽ പിന്നീടൊരിക്കൽപോലും എത്തി നോക്കാനായിട്ടില്ല. രാജ്യമോർക്കുന്ന പ്രതിഭകൾ ഒേട്ടറെ വളർന്നിട്ടും കളിക്കളത്തിൽ നാമെന്നും ഏറെ പിറകിലായിരുന്നു. കളിയുടെ സൗന്ദര്യശാസ്ത്രം സ്വായത്തമാക്കുന്നതിൽ അമാന്തിച്ച ഇന്ത്യ വളർച്ചയുടെ ശരിയായ ദിശതേടുന്നതിൽ പരാജയപ്പെട്ടു. റാങ്കിങ്ങിൽ എന്നും നൂറിനുചുറ്റും വട്ടംകറങ്ങിയവർക്കു മുന്നിൽ ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് കളിയിൽ പിന്നാക്കംപോയവർക്ക് ഉൗർജം പകരാൻ ഒരു കൈത്താങ്ങായി ഫിഫ കൗമാര ലോകകപ്പ് കൈനീട്ടിനൽകുന്നത്. അപ്പോഴും ആ തലത്തിൽ അങ്കം കുറിക്കാൻ നമുക്കൊരു ടീംപോലുമില്ലെന്നത് ദയനീയതയുടെ യഥാർഥ ചിത്രം വരച്ചുകാണിക്കുന്നു. ലോകകപ്പ് വേദി കിട്ടിയപ്പോൾ സ്വരുക്കൂട്ടിയ ഒരു കൊച്ചു കൂട്ടം വിശ്വ ഫുട്ബാളിലെ വമ്പന്മാരോട് കൊമ്പുകോർക്കുകയാണ്. അഞ്ചു വർഷത്തെ തയാറെടുപ്പുകൾ അത്ര ചെറുതല്ല. രാജ്യത്തിനകത്തും പുറത്തും കളിയുടെ തന്ത്രവും മന്ത്രവും പഠിച്ചാണ് ഇൗ സംഘം ചരിത്രത്തിലേക്ക് പന്തുതട്ടുന്നത്. ഇന്ത്യൻ ഫുട്ബാളിെൻറ ഉയിർത്തെഴുന്നേൽപിലേക്ക്.
കളിയെ നെഞ്ചോടുചേർക്കുന്ന നാടുകളിൽ ശൈശവം വിട്ടുമാറുംമുേമ്പ കുട്ടികൾ മൈതാനത്തേക്ക് എടുത്തെറിയപ്പെടുേമ്പാൾ ബാല്യത്തിലാണ് ഇവിടെ പന്തുതട്ടി തുടങ്ങുന്നത്. ആദ്യമായി ആതിഥ്യമരുളുന്ന ചാമ്പ്യൻഷിപ്പിനൊരുങ്ങുേമ്പാൾ രാജ്യം നേരിട്ട കനത്ത വെല്ലുവിളിയും അതായിരുന്നു. എന്നാൽ, പതിവിൽ കവിഞ്ഞ നിശ്ചയദാർഢ്യവുമായി പോരാട്ടവീര്യം സിരകളിലൊളിപ്പിച്ച കൊച്ചുകൂട്ടത്തെ ആദ്യം നിക്കളോയ് ആദമും ശേഷം പോർചുഗീസുകാരനായ ഡിമറ്റോസും ഒരുക്കിയെടുത്തു. നിരവധി പരിശീലനമത്സരങ്ങളിലൊന്നിൽ ചിലിയെ സമനിലയിൽ തളക്കാനുമായി.
ഗ്രൂപ് എയിൽ ശക്തരായ അമേരിക്കയും ഘാനയും കൊളംബിയയുമാണ് എതിരാളികൾ. ഒരു സമനിലയെങ്കിലും പിടിക്കാനായാൽ അത് തന്നെ പാടിപ്പുകഴ്ത്തപ്പെടും. അമർജിത് സിങ് കിയാം നയിക്കുന്ന നീലപ്പടയുടെ ആദ്യ പോര് അമേരിക്കയോടാണ്. ശേഷം, കൊളംബിയയും ആഫ്രിക്കൻ പവർഹൗസായ ഘാനയും. 1991, 95 വർഷങ്ങളിലെ ജേതാക്കളും നാലുതവണ റണ്ണർഅപ്പുമാണ് ഘാന. ഗ്രൂപ്പിൽനിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിൽ കടക്കണമെങ്കിൽപോലും അത്യത്ഭുതങ്ങൾ സംഭവിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.