കൗമാരക്കാലുകളിൽ പ്രതീക്ഷയർപ്പിച്ച് തുർക്കി; കപ്പിലേക്ക് കുതിക്കാൻ മാലി
text_fieldsമുംബൈ: കായികമായി ഒരുപടി മുന്നിൽനിൽക്കുന്ന മറ്റു രാജ്യങ്ങളെ തങ്ങളുടെ കൗമാര താരങ്ങൾ കഴിവുകൊണ്ട് മറികടക്കുമെന്ന പ്രതീക്ഷയിലാണ് തുർക്കി. വെള്ളിയാഴ്ച ‘ബി’ഗ്രൂപ്പിലെ ആദ്യ പോരിന് വൈകീട്ട് അഞ്ചിന് നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങുേമ്പാൾ കിവികളെയാണ് തുർക്കി നേരിടുക. 2005 ലെ അണ്ടർ 17 ലോകകപ്പിൽ സെമിയോളമെത്തിയ തുർക്കി കുട്ടികളുടെ ലക്ഷ്യം ഫൈനൽ തന്നെയാണ്.
ന്യൂസിലൻഡ് പക്ഷത്തും വിജയം തന്നെയാണ് ലക്ഷ്യം. മുംബൈയിൽ നടന്ന പരിശീലന മത്സരങ്ങളിൽ കണ്ട പ്രതിരോധ പിഴവുകൾ കിവികളെ അലട്ടുന്നു. മാക്സ് മാട്ടയിലും ഒലിവർ വൈറ്റിലുമാണ് കിവികളുടെ ആക്രമണ പ്രതീക്ഷ. എട്ടാം തവണയാണ് കാൽപന്ത് കളിയുടെ കൗമാര വിശ്വമേളയിൽ ന്യൂസിലൻഡ് കളിക്കാനിറങ്ങുന്നത്. ഇതുവരെ ക്വാർട്ടർ ഫൈനലിൽ ഇടംനേടിയിട്ടില്ല.
രാത്രി എട്ടിന് ഗ്രൂപ്പിലെ കരുത്തരായി കരുതുന്ന മാലിയും പരഗ്വേയും തമ്മിലാണ് മത്സരം. ജയം തന്നെയാണ് കഴിഞ്ഞ തവണത്തെ ലോക കപ്പിൽ രണ്ടാമന്മാരായ കറുത്ത കുതിരകളുടെ ലക്ഷ്യം. 2015ൽ ചിലിയിൽ നൈജീരിയയോട് തോറ്റ മാലി ഇക്കുറി ജയിക്കാനുറച്ചാണ് വരവ്. കപ്പ് നേടാനായാൽ അത് നാട്ടിലെ ഫുട്ബാൾ സംസ്കാരത്തിന് കരുത്താകുമെന്ന് മുഖ്യ പരിശീലകൻ കാകോവ് കോമൾ പറയുന്നു. ആദ്യ കളിയിൽതന്നെ ജയിക്കാനായാൽ അത് ആത്മവിശ്വാസം പകരുമെന്ന് അദ്ദേഹം പറയുന്നു. എതിരാളി പരഗ്വേ ഇത് നാലാം തവണയാണ് ലോകകപ്പിന് എത്തുന്നത്. ഇതുവരെ അഞ്ചാം സ്ഥാനത്തിന് അപ്പുറം കടക്കാനായിട്ടില്ല. കഴിഞ്ഞ ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ മൂന്നാമന്മാരാണ് പരഗ്വേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.