ബ്രസീൽ ടീം കലൂർ സ്റ്റേഡിയം സന്ദർശിച്ചു
text_fieldsകൊച്ചി: പന്തിനൊപ്പമുള്ള പുഞ്ചിരിയാണ് ബ്രസീൽ. ഫുട്ബാൾ ഒരു നാടിെൻറ ഹൃദയരക്തത്തിൽ അലിഞ്ഞുചേർന്ന വികാരമാകുന്നത് എങ്ങനെയെന്നറിയണമെങ്കിൽ പരിശീലന സെഷനുകളിൽ ഇൗ കൗമാരസംഘത്തിെൻറ കാൽപെരുമാറ്റങ്ങൾ നിരീക്ഷിച്ചാലും മതി. പരിശീലനമായാലും പോരാട്ടമായാലും മഞ്ഞപ്പട മനസ്സുതുറന്നാണ് പന്തുതട്ടുക. കൗമാര ലോകകപ്പിെൻറ അടർക്കളത്തിലിറങ്ങാൻ ആവേശപൂർവം കാത്തിരിക്കുേമ്പാൾ ബ്രസീലിന് പ്രാക്ടീസ് സെഷനുകൾതന്നെ ആഘോഷമായി മാറുന്നു. പനമ്പിള്ളി നഗറിൽ ബുധനാഴ്ച പരിശീലനത്തിനിറങ്ങിയപ്പോൾ ഗ്രൗണ്ടിനരികെയുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ താരങ്ങളെ തങ്ങൾക്കൊപ്പം പന്തുതട്ടാൻ ക്ഷണിച്ച് ബ്രസീൽ ടീം വിസ്മയിപ്പിച്ചത് ഫുട്ബാൾ ലോകത്തെ ചേർത്തുനിർത്തുന്ന ആവേശമാണെന്ന് പൂർണാർഥത്തിൽ തിരിച്ചറിയുന്നതുകൊണ്ടായിരുന്നു.
കളിയോടുള്ള അഭിനിവേശം അതിെൻറ പാരമ്യത്തിൽ തെളിഞ്ഞുനിൽക്കുന്നതാണ് കൊച്ചിയിൽ ബ്രസീലിെൻറ പരിശീലനവേളകളോരോന്നും. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി മൂന്നര മണിക്കൂറിനുള്ളിൽ പന്തുമായി പരിശീലനത്തിനിറങ്ങിയത് അതിെൻറ സാക്ഷ്യപത്രം. തുടർന്നിങ്ങോട്ട് എല്ലാ ദിവസങ്ങളിലും നിശ്ചയിച്ചതിലും നേരത്തേ കളത്തിലെത്തി സജീവമായ പരിശീലനത്തിലേർപ്പെടുേമ്പാൾ ബ്രസീൽ കൊതിക്കുന്നത് വിശ്വകിരീടത്തിൽ കുറഞ്ഞ മറ്റൊന്നുമല്ല. മരണഗ്രൂപ്പിെൻറ അടർക്കളത്തിൽ അരങ്ങേറാനിരിക്കേ, വ്യാഴാഴ്ച പോരാട്ടവേദിയായ കലൂർ സ്റ്റേഡിയത്തിൽ വൈകീട്ട് നാലരക്ക് ടീം സന്ദർശനം നടത്തി. അരമണിക്കൂർ സ്റ്റേഡിയത്തിൽ തങ്ങിയ ടീം അവിടെ പരിശീലനമൊന്നും നടത്തിയില്ല. നേരെ പോയത് ഫോർട്ട്കൊച്ചിയിലെ വെളി ഗ്രൗണ്ടിലേക്ക്. അവിടെ രണ്ടു മണിക്കൂറോളം പന്തടക്കത്തിലൂന്നിയ പതിവു പ്രാക്ടീസ്. ഇതിനിടയിൽ അംബേദ്കർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ യുവനിരയുമായി ടീം പ്രദർശന മത്സരത്തിൽ പന്തു തട്ടുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും മഞ്ഞപ്പട വെളി ഗ്രൗണ്ടിലെ പരിശീലനത്തിന് പ്രാമുഖ്യം നൽകുകയായിരുന്നു.
മറ്റു ടീമുകളുടേതുപോലെ കടുത്ത വാംഅപ് സെഷനുകളൊന്നും ബ്രസീലിെൻറ രീതിയല്ല. ചെറുരീതിയിൽ വ്യായാമങ്ങളുമായി ഒന്നൊരുങ്ങിയശേഷം പന്തെടുത്ത് നേരെ പുൽപരപ്പിലേക്ക്. അവിടെ വട്ടമിട്ടു നിൽക്കുന്ന താരങ്ങൾക്കു നടുവിൽ പന്തു തട്ടിയെടുക്കാൻ രണ്ടോ മൂന്നോ പേരെ സജ്ജമാക്കി തനതു തെക്കനമേരിക്കൻ കളിയഴകിലൂന്നിയ പാസിങ് ഗെയിമിെൻറ പാഠങ്ങൾ. പന്തു റാഞ്ചാൻ നിർത്തിയവരെ കബളിപ്പിച്ച് ഡ്രിബ്ലിങ്ങും സ്റ്റെപ്ഒാവറുകളുമൊക്കെ ചേർന്ന് പന്തടക്കത്തിെൻറയും പാസിങ്ങിെൻറയും ചേതോഹര പ്രദർശനം. പത്തു പാസുകൾക്കിടയിൽ പന്തു തട്ടിയെടുക്കാൻ കഴിയാതെ പോയാൽ മധ്യത്തിൽ നിൽക്കുന്നവർക്ക് പുഷ്അപ്പുകളുടെ ചെറുശിക്ഷ. ചിരിയും കളിയുമായി ഇൗ പരിശീലന സെഷനുകളിൽ ബ്രസീൽ കൗമാരക്കാർ അങ്ങേയറ്റം ആസ്വദിച്ചാണ് പന്തുതട്ടുന്നത്.
പാസിങ് പരിശീലനത്തിനുശേഷം ശേഷം രണ്ടു ടീമുകളായി തിരിഞ്ഞ് കളി. മൈതാനത്തിെൻറ ഒരു ഹാഫിൽ മാത്രമായാണ് മത്സരം. തനതു ബ്രസീലിയൻ ശൈലിയുടെ മിന്നലാട്ടങ്ങളാണ് പിന്നെ കളത്തിൽ. എല്ലാറ്റിനും മേൽനോട്ടവുമായി റഫറിയുടെ റോളിൽ കോച്ച് കാർലോസ് അമേഡിയു. സ്കില്ലും ടെക്നിക്കും പന്തടക്കവുമൊക്കെയായി കളി കൊഴുക്കുേമ്പാൾ പന്ത് ഏറെ നേരം കൈവശം വെച്ചിരിക്കാതെ ദ്രുതഗതിയിലുള്ള ചെറുപാസുകളിൽ കണ്ണിനഴകായത് മാറുന്നു. ഇതിനുശേഷം കോർണറുകളും ഫ്രീകിക്കും അടക്കമുള്ളവയുടെ പ്രാക്ടീസ്. ഒരു കളിക്കാരന് മൂന്നു കിക്കുകൾ. ഗോളിമാർ ഉൗഴമിട്ട് ഗോൾപോസ്റ്റിനു മുന്നിലെത്തുന്നു. ഒാരോ 20 മിനിറ്റിനിടയിലും വെള്ളം കുടിക്കാൻ അൽപസമയം. രണ്ടു മണിക്കൂറോളമുള്ള പരിശീലന സെഷനിൽ ഒരു ബ്രസീൽ താരം പോലും ക്ഷീണിതനായോ പ്രചോദിതനല്ലാതെയോ കാണപ്പെടുന്നിെല്ലന്നതാണ് ബ്രസീൽ ടീമിെൻറ പ്രത്യേകത. 17 അംഗ സപ്പോർട്ട് സ്റ്റാഫുമായാണ് ബ്രസീലിൽനിന്ന് അവർ വിമാനം കയറിയെത്തിയിട്ടുള്ളത്. ഒരു ഫിറ്റ്നസ് കോച്ച്, ഡോക്ടർ, ഫിസിയോളജിസ്റ്റ്, കുക്ക്, രണ്ടു ഫിസിയോ തെറപിസ്റ്റുകൾ തുടങ്ങിയവർ ടീമിനെ ശാരീരികമായും മാനസികമായും പോരാട്ടത്തിന് പൂർണ സജ്ജരാക്കി നിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.