അണ്ടർ 17 ലോകകപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയോട് തോറ്റു (3-0)
text_fieldsന്യൂഡല്‍ഹി: പ്രതീക്ഷകളുടെ അമിത ഭാരത്തില്‍ ഗാലറിയില്‍ ആവേശംതീര്‍ത്ത കാണികള്‍ക്ക് മുന്നില്‍ ചരിത്ര പോരാട്ടത്തില്‍ ഇന്ത്യ തോറ്റു മടങ്ങിയത് തലയുയര്‍ത്തി. ഇരു പകുതികളിലായി വഴങ്ങിയ മൂന്നു ഗോളിന് തോറ്റെങ്കിലും ഇന്ത്യയുടെ കൗമാരം നാളെയിലേക്ക് പ്രതീക്ഷ നല്കുന്നു. മത്സരപരിചയത്തിെൻറയും ശാരീരിക മികവിെൻറയും ദൗര്‍ബല്യം ആദ്യമേയുണ്ടെങ്കിലും അമേരിക്കയുടെ കരുത്തറിഞ്ഞ് കളിച്ച അമര്‍ജിത് സിങ്ങ് കിയാമും സംഘവും കാണികളുടെ മനം കവരുകതന്നെ ചെയ്തു. അവസാനം വരെ പൊരുതിനിന്ന് കളിക്ക് മുമ്പെ ഡിമാറ്റിസും അമര്‍ജിതും 130 കോടി ജനതക്ക് നല്കിയ വാക്ക് അവർ പാലിച്ചു. ഒരശനിപാതം പോലെ കടന്നുവന്ന പെനാല്‍ട്ടി ആദ്യ ഗോളിന് വഴിമരുന്നിട്ടപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകച്ചുപോയ പ്രതിരോധത്തിെൻറ വീഴ്ച രണ്ടാം ഗോളിന് വഴിയൊരുക്കി. ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള അവസാന പ്രയത്നത്തിനിടയിലായിരുന്നു അമേരിക്കയുടെ മൂന്നാം ഗോൾ.
അമേരിക്കയുടെ കരുത്ത് നേരിടാന്‍ പ്രതിരോധക്കോട്ട തീര്‍ക്കുന്നതായിരുന്നു ആദ്യം മുതലേ ആതിഥേയ തന്ത്രം. മുന്‍നിരയില്‍ അനികേത് ജാദവിന് മാത്രം ഇടം നല്കിയ ഡി മാറ്റിസ്, കയറിയും ഇറങ്ങിയും കളിക്കാന്‍ മധ്യനിരക്കാര്‍ക്ക് അവസരം നല്‍കുകയായിരുന്നു. ജിതേന്ദ്ര സിങ്ങിനും അന്‍വര്‍ അലിക്കും സഞ്ജീവ് സ്റ്റാലിനുമായിരുന്നു പ്രതിരോധ ചുമതല. ഇന്ത്യക്കാര്‍ പന്ത് തൊട്ടപ്പോഴൊക്കെ ആര്‍ത്തിരമ്പിയ ഗാലറികള്‍ക്ക് മുന്നില്‍ തോറ്റുപോയ അമേരിക്കക്കാര്‍ക്ക് ആദ്യ പകുതിയില്‍ ഏറെ നേരം പന്ത് കൈവശം വെക്കാനായെങ്കിലും ഗോളിെൻറ മണമുള്ള നീക്കങ്ങള്‍ വിരളമായിരുന്നു. തടിമിടുക്കിലും കളിമികവിലും ഒരു കാതം മുന്നിലായിരുന്ന അമേരിക്ക അവസരങ്ങള്‍ക്കായി കാത്തു നിന്നു.
യൂറോപ്യന്‍ ലീഗില്‍ കൂടുമാറ്റത്തിനൊരുങ്ങുന്ന ജോഷ് സാര്ജൻറിനെയും ടിം വിയ്യയെയും കെട്ടിപൂട്ടിയിടുന്നതില് ഇന്ത്യക്കാര്‍ ആദ്യ അരമണിക്കുറോളം വിജയിച്ചു. അഞ്ചാം മിനിറ്റില്‍ സാര്ജൻറിെൻറ ഗോളിലേക്കുള്ള ആദ്യ ശ്രമം നെഞ്ച് കൊണ്ടു തടുത്ത ധീരജും ബാറിന് കീഴില്‍ എളുപ്പം കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. 4 -3- 3 രീതിയില്‍ കളിക്കാനിറങ്ങിയ അമേരിക്കയുടെ കളിക്ക് വേഗത കുറവായിരുന്നതിനാല്‍ കൂടുതല്‍ അവസരങ്ങളും തുറന്നെടുക്കാനായില്ല. അപ്പോഴാണ് അത്ര അപകടകരമല്ലാത്ത സര്ജൻറിെൻറ നീക്കം പെനാൽറ്റിയില്‍ കലാശിക്കുന്നത്. ഒറ്റക്ക് പന്തുമായി ബോക്സില്‍ കടന്ന സര്ജൻറിനെ തടയാനുള്ള ജിതേന്ദ്ര സിങ്ങിെൻറ ശ്രമം പെനാല്‍റ്റിയില്‍ കലാശിക്കുകയായിരുന്നു. കിക്കെടുത്ത സര്‍ജൻറ് ഗാലറികളെ നിശ്ശബ്ദമാക്കി പന്ത് വലയിലാക്കി. നിനക്കാതെ വഴങ്ങിയ ഗോള്‍ ഇന്ത്യന്‍ കൗമാരങ്ങളെ തളര്‍ത്തിയില്ല. ആദ്യ ഇലവനില്‍ തന്നെ ഇടംപിടിച്ച മലയാളിയായ രാഹുലും നിതങ്ങോബ മീട്ടിയും അനികേത് ജാതവും കോമള്‍ തട്ടാലും തങ്ങളുടെ പ്രതിഭയുടെ മിന്നലാട്ടവുമായി ആദ്യപകുതിയുടെ അവസാനം അമേരിക്കന്‍ പ്രതിരോധത്തിലേക്ക് ഊളിയിട്ടു.
രണ്ടാം പകുതിയിലും ഇന്ത്യ നന്നായി തുടങ്ങി. പക്ഷേ, ഏറെ കഴിയും മുമ്പെ ഒരു ഗോള്‍കൂടി വഴങ്ങിയതോടെ പോരാട്ട വീര്യം ചോര്‍ന്നു പോയി. 52ാം മിനിറ്റില്‍ കോര്‍ണര്‍കിക്കില്‍നിന്ന് ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് വന്ന പന്ത് ഡിഫൻറര്മാര്ക്കിടയിലൂടെ ക്രിസ് ഡെര്ക്കിന് ഗോളിലേക്ക് തിരിച്ചു വിട്ടപ്പോള്‍ ഗോളി ധീരജ് ഒരിക്കല്‍കൂടി നിസ്സഹായനായി. ലീഡ് കൂട്ടിയ അമേരിക്ക കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഏറ്റവുമൊടുവില്‍ അൻവർ അലിയുടെ ഗോളെന്നുറച്ച ഷോട്ട് ബാറില്‍ തട്ടി മടങ്ങിയതിന് പിന്നാലെയാണ് മൂന്നാം ഗോൾ. ആരുമില്ലാതെ പ്രതിരോധത്തിലേക്ക് പ്രത്യാക്രമണം നടത്തിയ ആന്‍ഡൂ കാള്‍ട്ടന്‍ ആതിഥേയരുടെ തോല്‍വിക്ക് കനംകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.