Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമധുരപ്പതിനേഴ്

മധുരപ്പതിനേഴ്

text_fields
bookmark_border
മധുരപ്പതിനേഴ്
cancel

ഫുട്ബാൾ ആൾക്കൂട്ടത്തി​െൻറ ബാലെയാണെന്ന് പറഞ്ഞത് റഷ്യൻ കമ്പോസറും പിയാനിസ്​റ്റുമായ ദിമിത്രി ഷൊസ്​തകോവിച്ചാണ്. ഒരു പന്തിനെ കേന്ദ്രീകരിച്ച് ആയിരങ്ങൾ ഉന്മാദനൃത്തം ചവിട്ടുകയും മനസ്സുരുകുകയുമൊക്കെ ചെയ്യുന്ന ലക്ഷണമൊത്തൊരു പെർ ഫോർമൻസ്​ ഡാൻസ്​. ആസ്വാദ്യതയുടെ ഈ ഉത്സവപ്പറമ്പിൽ ബാലെയെപ്പോലെ സമകാലികമായാലും ക്ലാസിക്കലായാലും റൊമാൻറിക്കായാലും ഇവയുടെയെല്ലാം ഉൾച്ചേരലുകളായാലും പരസഹസ്രംപേർ ഈ കളിയാട്ടത്തിൽ പങ്കാളികളാകുന്നു. രസച്ചരടു മുറിയാത്ത ഈ വശ്യബാലെയുടെ വീറുറ്റ വേദികളാണ് എന്നും വിശ്വപോരാട്ടങ്ങൾ. ലോകത്തുടനീളമുള്ള അതിർവരമ്പുകളിൽനിന്ന് ആറ്റിക്കുറുക്കിയെടുത്ത കളിസംഘങ്ങൾ -അത് ഇളമുറക്കാരുടേതാണെങ്കിലും- ലോകകപ്പി​െൻറ അരങ്ങിലിറങ്ങുമ്പോൾ അലയൊലിയൊന്നു വേറെ. ഇന്ത്യൻമണ്ണിൽ കാൽപ്പന്തുകളിയുടെ കൗമാര ലോകകപ്പിന് കേളികൊട്ടുയരുമ്പോൾ ആവേശം അനൽപമാകുന്നത് കാഴ്ചക്കാരെന്ന പതിവുമാറി നീലക്കുപ്പായക്കാർ ബ്യൂട്ടിഫുൾ ഗെയിമി​െൻറ ചാരുതക്കൊപ്പം ബൂട്ടണിയുന്നതുകൊണ്ടുതന്നെയാണ്. 

ശുഭ്രരേഖയാൽ പകുത്തിരിക്കുന്ന ദീർഘചത്വരത്തിൽ നിഷ്കർഷതകളാൽ നിയന്ത്രിതമായ നേരങ്കങ്ങൾ. ആധിപത്യം സ്​ഥാപിക്കാനുള്ള വിഭിന്നവും നൂതനവുമായ അടവുകളുടെ ബലത്തിൽ ഓരോ കാലത്തെയും അതങ്ങനെ ഓർമകളുടെ ഗാലറിയിൽ പിടിച്ചിരുത്തും. അതിശയങ്ങളുടെ മാന്ത്രികച്ചെപ്പ് തുറക്കാനുള്ള അളവറ്റ കരുത്താണ് കളിയുടെ ആകർഷണം. അതുതന്നെയാവും കുട്ടിക്കൂട്ടങ്ങളുടെ ലോകമേള ഇന്ത്യൻമണ്ണിൽ പുറത്തെടുക്കാനിരിക്കുന്നതും. പതിനേഴി​െൻറ ചെറുപ്പം എന്നത് കളിയഴകി​െൻറ ബാലെയിൽ ചുവടുവെക്കാൻ പറ്റിയ ചോരത്തിളപ്പി​െൻറ ഉച്ചസ്​ഥായിയാണ്. മുതിർന്നവരുടെ വിശ്വമേളയേക്കാൾ ഒട്ടും മൂർച്ച കുറയില്ല അതിനും. പറന്നുയരാൻ വെമ്പുന്നവരുടെ ചിറകടികൾക്ക് കരുത്തുകൂടുമെന്നതുതന്നെ കാരണം. ലോകത്തിനു മുമ്പാകെ തലയെടുപ്പുകാട്ടാൻ ഒരുങ്ങിയിറങ്ങുന്നവർക്കുള്ള പ്രഥമ വേദിയാണിത്.  

ആളറിയാതെത്തി കത്തിജ്വലിച്ച് വരവറിയിച്ചവർ പിന്നീട് ലോകം ജയിച്ച കഥകളൊരുപാടുണ്ട്. ലൂയി ഫിഗോയും റൊണാൾഡീന്യോയും സാവിയും മുതൽ ടോണി ക്രൂസും നെയ്മറും അടക്കമുള്ളവരിലേക്ക് ആ കഥ നീളുന്നു. ആൻഡേഴ്സണിനെയും ഫ്ലോറൻറ്് സിനാമ പൊൻഗോലെയെയുമൊക്കെപ്പോലെ തിമിർത്താടി പ്രതീക്ഷ നൽകിയശേഷം വാടിത്തളർന്നുപോയവരുടെ വ്യഥകളും ഇതോടൊപ്പം ചേർത്തുവായിച്ചേ തീരൂ. റയൽ മഡ്രിഡുമായി കരാറൊപ്പിട്ട വിൻഷ്യസ്​ ജൂനിയർ (ബ്രസീൽ), യൂറോ ചാമ്പ്യൻഷിപ്പിലെ ടോപ്സ്​കോറർ അമീൻ ഗൂയിരി (ഫ്രാൻസ്​), ബാഴ്സലോണ അക്കാദമിയിൽ കളിപഠിച്ച ആബേൽ റൂയിസ്​ (സ്​പെയിൻ), അണ്ടർ 20 ലോകകപ്പിൽ ഇതിനകം ബൂട്ടണിഞ്ഞ ജോഷ് സാർജ​െൻറ് (യു.എസ്​.എ), ജേഡൻ സാഞ്ചോ (ഇംഗ്ലണ്ട്) അടക്കമുള്ളവരിലേക്ക് ഇതിനകം സ്​പോട്ട്​ലൈറ്റുകൾ വെളിച്ചംവിതറിത്തുടങ്ങിയിട്ടുണ്ട്. 

24 ടീമുകളിലായി മൊത്തം 504 കളിക്കാർ. ബ്രസീൽ, സ്​പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്​, ജർമനി, യു.എസ്​.എ തുടങ്ങിയ ഫുട്ബാൾ പവർ ഹൗസുകളിൽനിന്നുള്ള ഇളമുറസംഘങ്ങൾ. ഒപ്പം ഒരു ഫിഫ ടൂർണമ​െൻറിൽ ആദ്യമായി മാറ്റുരക്കാൻ ആതിഥേയരായ ഇന്ത്യയും നൈജറും ന്യൂകാലിഡോണിയയും. ആതിഥേയരൊഴികെ മറ്റെല്ലാവരുമെത്തുന്നത് യോഗ്യതറൗണ്ടി​െൻറ കൈവഴികൾ നീന്തിക്കയറിയാണ്. ബ്രസീൽ തെക്കനമേരിക്കൻ ചാമ്പ്യന്മാരെന്ന പകിട്ടുമായെത്തുമ്പോൾ സ്​പെയിൻ യൂറോപ്പി​െൻറ ജേതാക്കളാണ്. ഇംഗ്ലണ്ടും ജർമനിയും ഫ്രാൻസും തുർക്കിയുമൊന്നും കരുത്തിൽ ഒട്ടും പിറകിലല്ല. 

ഇതൊക്കെ പറയുമ്പോഴും ഭയക്കുന്നത് കാണികൾ ശുഷ്കമായിപ്പോവുന്ന കൽപ്പടവുകളെയാണ്​. ‘‘ശൂന്യമായ സ്​റ്റേഡിയത്തേക്കാൾ കൂടുതൽ ശൂന്യമായതൊന്നും ഈ ഭൂമിയിലില്ല’’ എന്ന് എഡ്വാർഡോ ഗലിയാനോ പറഞ്ഞതാണ് നേര്. കളിയിൽ വരാനിരിക്കുന്ന നല്ല നാളുകളിലേക്കുള്ള നമ്മുടെ ഏറ്റവും വലിയ നിക്ഷേപം കേരള ബ്ലാസ്​റ്റേഴ്സിനെ കലൂർ സ്​റ്റേഡിയം മഞ്ഞയിൽ പുതച്ച് നെഞ്ചേറ്റുന്നതുപോലുള്ള ആവേശത്തള്ളിച്ചതന്നെയാണ്. ആരവങ്ങൾ പതഞ്ഞൊഴുകുന്ന ആറു കളിത്തട്ടുകൾ ഈ ലോകത്തിന് മുമ്പാകെ ഉയർത്തിക്കാട്ടാൻ കഴിഞ്ഞാലുള്ള കരുത്ത് ആലോചിച്ചുനോക്കൂ. കളിയുടെ മുന്നോട്ടുള്ള വ്യവഹാരങ്ങളിൽ നമ്മുടെ വാദഗതികൾക്ക് അതിലും വലിയ ന്യായവും സാക്ഷ്യവും നൽകാനുണ്ടാവില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 world cup football-Sports news
Next Story