അവർ വരുന്നത് വിറപ്പിക്കാൻ
text_fieldsഏറ്റവും ഒടുവിൽ ഫുട്ബാൾ ചെന്നെത്തിയ വൻകരകളിൽ ഒന്നാണ് ആഫ്രിക്ക. അതുകൊണ്ട് അവർ അതിൽ പിൻനിരക്കാരായിപ്പോയി എന്ന് പെെട്ടന്നങ്ങു കരുതരുത്. വന്നത് വൈകിയാണെങ്കിലും കിട്ടിയ വരവേൽപ് മറ്റു വൻകരകളിലെ വമ്പന്മാർക്ക് കിട്ടിയതിലുമെത്രയോ മികച്ചതും വിസ്മയിപ്പിക്കുന്നതുമായിരുന്നു. ഇല്ലായ്മയായിരുന്നു ആഫ്രിക്കൻ വൻകരയുടെ ഫുട്ബാൾ മികവിെൻറ സ്ഥിതിവിവരക്കണക്കുകളുടെ ബാക്കിപത്രം. മറ്റുള്ളവർ വമ്പൻ സ്റ്റേഡിയങ്ങളിലും കളിക്കളങ്ങളിലും അത്യാധുനിക ഉപകരണങ്ങളുമായി മുന്നേറിയപ്പോൾ കിട്ടുന്ന വസ്തുക്കൾകൊണ്ടൊക്കെ അവർ പന്തുകളുണ്ടാക്കി. ചേരികളിലും വയലേലകളിലും കാനനനടുവിലും വെറുംകാലിൽ പന്തുകളിച്ചുകൊണ്ട് അതിനവർ ഹൃദയത്തിൽ സ്ഥാനം നൽകി. പ്രായ ലിംഗ വ്യത്യാസമില്ലാതെ തട്ടിക്കളിച്ചു. അതോടെ അതിനൊരു വന്യതയും മറ്റെങ്ങും കാണാനാകാത്ത സൗന്ദര്യവും കൈവന്നു. ലോകത്ത് എവിടെ പന്തുരുണ്ടാലും ഓരോ ടീമിലും ഒരു കറുത്തവനെങ്കിലും വേണം അതിനു സൗന്ദര്യഭാവമേകാൻ എന്ന അവസ്ഥയുമുണ്ടായി.
അധിനിവേശമായെത്തിയ ഫുട്ബാൾ
ആഫ്രിക്കൻ ഫുട്ബാളിെൻറ ചരിത്രം പരിശോധിക്കുമ്പോൾ പീറ്റർ അലെഗി എന്ന ചരിത്രകാരെൻറ വാക്കുകൾ കടംകൊള്ളേണ്ടിവരും. 1862ൽ ആദ്യമായി അധിനിവേശത്തിെൻറ സംഭാവനയായി അവർക്കു കൈവന്ന സൗഭാഗ്യമായ കാൽപന്തുകളി വിസ്മയിപ്പിക്കുന്ന വേഗത്തിലാണ് കറുത്ത വൻകരയെ കീഴടക്കിയത്. ആഫ്രിക്കൻ വൻകരയിൽ ഒരു തോൽപന്ത് ഉരുണ്ടത് സാൻസിബാറിൽ 1862ൽ ആണെന്ന് കുറിച്ചുെവച്ചതും ഈ ചരിത്രകാരനായിരുന്നു.
ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ഹോളണ്ട്, ജർമനി, പോർചുഗൽ എന്നീ രാജ്യങ്ങൾ വീതംെവച്ചിരുന്ന കൊടുംകാടുകളും മലനിരകളും ഖനി മേഖലകളുമൊക്കെ ഒരു കാലത്തു ചൈതന്യനിരതമായത് അവിടെയെത്തിയ പട്ടാളക്കാരുടെയും നിർമാണത്തൊഴിലാളികളുടെയും കൈവശമുണ്ടായിരുന്ന തുകൽപന്തിെൻറ ചലനത്തോടൊപ്പമായിരുന്നു. സംശയത്തോടെ നോക്കിനിന്ന തദ്ദേശവാസികൾ അത് ചെകുത്താെൻറ സംഭാവനയായായിരുന്നു അന്ന് നോക്കിക്കണ്ടത്. അതാകട്ടെ ഇന്നും ആഫ്രിക്കൻ ഫുട്ബാളിലെ ദുർമന്ത്രവാദത്തിെൻറയും ആഭിചാരക്രിയകളുടെയും ആരംഭവുമായി. എന്നാൽ, ഇത് കാൽപന്തുകളിയുടെ ആഫ്രിക്കൻ ജൈത്രയാത്രയുടെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അതിവേഗമായിരുന്നു ഈ വൻകരയെ കാൽപന്തുകളി കീഴടക്കിയത്. പട്ടാളക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും സമയംകൊല്ലി വിനോദമായി ആഫ്രിക്കയിൽ എത്തിയ പന്തുകളി നാടും നഗരവും കടന്നതിനൊപ്പം നാലാൾ കൂടുന്നിടത്തൊക്കെ അത് അവതരിപ്പിക്കപ്പെട്ടു.
ഈജിപ്തിലും അൽജീരിയയിലും അംഗീകൃത ക്ലബുകൾ രൂപംകൊണ്ടു. ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരെയ്സ്ബുർഗിലെ സാവേജ് എഫ്.സിയും ഗെസീറ സ്പോർട്സ് ക്ലബും ഈജിപ്തിലെ അലക്സാൻഡ്രിയ ക്ലബും നിലവിൽവന്നതോടെ അവരുടെ സ്ഥാനം ലോകത്തിലെ മറ്റു വൻകിട ഫുട്ബാൾ രാജ്യങ്ങൾക്കൊപ്പമായി. തുടർന്ന് ദേശീയ ഫെഡറേഷനും നിലവിൽവന്നു. ഇതോടെ അവിടത്തെ പന്തുകളിക്ക് ഒരു സാർവദേശീയ ഭാവവും കൈവന്നു. ഇംഗ്ലീഷുകാരിൽനിന്ന് കളി പഠിച്ച നൈജീരിയക്കാരുടെ രീതിയും ശൈലിയുമല്ല ഫ്രഞ്ചുകാരിൽനിന്ന് മനസ്സിലാക്കിയ അൽജീരിയയിലും കാമറൂണിലും കാണുന്നത്. പോർചുഗീസുകാരിൽനിന്ന് കളി പഠിച്ച യൂസബിയയുടെ മൊസാംബീകിൽ മറ്റൊരു രീതിയിലും കളി പുരോഗമിച്ചു.ഈജിപ്ത്, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക, സുഡാൻ രാജ്യങ്ങൾ അംഗങ്ങളായി 1957ൽ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ നിലവിൽവന്നതോടെ ഈ വൻകരയിലെ കളിക്കാർക്കും തനതായ മത്സര ക്രമങ്ങളുണ്ടായി. നൈജീരിയയും ഘാനയും കാമറൂണും ഈജിപ്തും അൽജീരിയയും ഒക്കെ ലോകകപ്പുകളിലെ നിത്യസാന്നിധ്യമായി.
കൗമാരത്തിലെ ആഫ്രിക്കൻ കരുത്ത്
ലോക ഫുട്ബാളിന് മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടും കറുത്ത വൻകരക്കു മുതിർന്നവരുടെ ലോകകപ്പിൽ കാര്യമായ നേട്ടങ്ങൾ ഒന്നുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, കൗമാരക്കാരുടെ കളിയിൽ മറ്റു വൻകരകളെ വിസ്മയിപ്പിച്ച് അവരുടെ കുരുന്നുകൾ ലോകം കീഴടക്കി മുന്നേറുന്നു.
32 വർഷം മുമ്പ് അണ്ടർ 16 ചാമ്പ്യൻഷിപ് എന്നപേരിൽ ആരംഭിച്ച ഇന്നത്തെ അണ്ടർ 17 മത്സരങ്ങളിൽ അഞ്ചു തവണയാണ് ഗോൾഡൻ ഈഗ്ൾസ് എന്ന വിശേഷണമുള്ള നൈജീരിയയിലെ കുട്ടികൾ ലോകജേതാക്കളായത്. നിലവിലെ ജേതാക്കളും അവരാണ്. രണ്ടു തവണ ഘാനയും അത് നേടിയെന്നത് കാണുമ്പോഴേ കറുപ്പിെൻറ കളിയഴകും മികവും മനസ്സിലാകൂ. ആറു തവണ ഇവരുടെ പ്രതിനിധികൾ രണ്ടാം സ്ഥാനക്കാരായപ്പോൾ 1993ൽ നൈജീരിയയും ഘാനയും 2015ൽ നൈജീരിയയും മാലിയും കലാശക്കളിയിലും ഏറ്റുമുട്ടി. നിർഭാഗ്യകരമെന്നു പറയെട്ട, നിലവിലെ ജേതാക്കൾ ഇല്ലാതെയാണ് ഇത്തവണ ഇന്ത്യയിൽ മത്സരങ്ങൾ. പകരമെത്തുന്നത് ഘാനയും ഗിനിയും മാലിയും നൈജറുമാണ്.1996ലും 2000ത്തിലും ഒളിമ്പിക്സ് കിരീടം നേടിയതും ആഫ്രിക്കയിൽനിന്നുള്ള നൈജീരിയയും കാമറൂണും ആണെന്നറിയുമ്പോഴേ അവരുടെ യുവനിരയുടെ കരുത്തു മനസ്സിലാകൂ.
എന്നാൽ, ഇതേ കളിക്കാർ സീനിയർതലത്തിൽ എത്തുമ്പോഴേക്കും അവരുടെ മുൻ നേട്ടങ്ങൾ എന്തുകൊണ്ട് ആവർത്തിക്കപ്പെടാതെ പോകുന്നു?. ഇതേ കുറിച്ച് ബി.ബി.സി നടത്തിയ പഠനത്തിൽ വ്യക്തമായത് കുട്ടികളുടെയും കൗമാരക്കാരുടെയും ടീമുകൾ ആഫ്രിക്കയിലെ അതതു രാഷ്ട്രങ്ങളിൽത്തന്നെ സ്ഥിരമായി ഒരേ സംവിധാനത്തിൽ പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുന്നതുകൊണ്ട് സാങ്കേതിക മികവും കെട്ടുറപ്പും അവരെ അജയ്യരാകുന്നു. എന്നാൽ, ഇതിനെതിരെ എക്കാലത്തും യൂറോപ്പ് അടക്കം മറ്റു ഭൂഖണ്ഡങ്ങളിൽനിന്ന് സംശയങ്ങളും പരാതികളും ഉയർന്നു വരാറുണ്ട്. അതിൽ പ്രധാനം പ്രായതട്ടിപ്പ് ആരോപണമായിരുന്നു.
ഈ അപഗ്രഥനത്തിെൻറ രണ്ടാം ഭാഗം പരിശോധിച്ചതാകട്ടെ എന്തുകൊണ്ട് ഈ കളിക്കാർ പ്രഫഷനുകൾ ആകുമ്പോൾ കെട്ടുറപ്പും ഗതിവേഗവും ഒക്കെ നഷ്ടപ്പെടുന്നു എന്നതായിരുന്നു. ആഫ്രിക്കൻ താരങ്ങളെ യൂറോപ്പിലെ വിവിധ ക്ലബുകളിലേക്ക് വീതിക്കപ്പെടുമ്പോൾ അവരുടെ ഒത്തിണക്കം നഷ്ടമാവുന്നു. ടെക്നിക്കിലും ടാക്റ്റിക്കിലും മുന്നിലായിട്ടുപോലും ഇവർക്ക് അവരുടെ മുൻകാല മികവ് നേടിയെടുക്കാനാകാതെ പോകുന്നു. ഇതേ പരാതി ബ്രസീൽ കളിക്കാർക്കെതിരെയും നിലവിലുണ്ട്.
എന്തായാലും കറുത്ത വൻകരയിലെ കുട്ടിക്കളിക്കാർ ലോക ഫുട്ബാളിലെ വൻശക്തികൾക്ക് ഇപ്പോഴും ഭീഷണി തന്നെ. ഇത്തവണ കപ്പ് തേടിയെത്തുന്നതിൽ പരിചയസമ്പന്നതയിൽ മുന്നിലുള്ളത് ഘാനയാണെങ്കിലും നൈജറും മാലിയും അതിശക്തരാണ്. ഗതിവേഗത്തിൽ ഏറെ മുന്നിലാണ് നൈജറിെൻറ കളിക്കാർ. അതുപോലെ ഏതു ടീമിനെയും അവരുടെ ദിവസങ്ങളിൽ അട്ടിമറിക്കാൻ കഴിവുള്ളവരാണ് നിലവിലെ രണ്ടാം സ്ഥാനക്കാർ കൂടിയായ മാലി. ഗിനിയെയും അങ്ങനെ എഴുതിത്തള്ളാൻ നമുക്കാകില്ല. 24 ടീമുകൾ ഏറ്റുമുട്ടുന്ന ലോകകപ്പിൽ ഇൗ നാലു ടീമുകളാണ് ബ്രസീൽ അടക്കമുള്ള സൂപ്പർ പവറുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.