കൊച്ചിയിൽ ഗതാഗത ക്രമീകരണം
text_fieldsകൊച്ചി: ലോകകപ്പ് മത്സരം നടക്കുന്ന ശനിയാഴ്ച, 10, 13, 18, 22 തീയതികളിൽ കൊച്ചി സിറ്റി പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇടപ്പള്ളി ബൈപാസ് മുതൽ ഹൈകോടതി ജങ്ഷൻവരെ റോഡിൽ ചെറിയ വാഹനങ്ങൾക്കും സർവിസ് ബസുകൾക്കുമൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് രണ്ടുമുതൽ പാലാരിവട്ടം മുതൽ ഹൈകോടതി ജങ്ഷൻ വരെ റോഡിലേക്ക് പ്രവേശനമില്ല. പ്രധാന ഗേറ്റ് മുതൽ സ്റ്റേഡിയം വരെ റോഡിലും ചുറ്റുമുള്ള റോഡിലും സ്റ്റേഡിയത്തിന് പിൻവശം മുതൽ കാരണക്കോടം വരെ റോഡിലും വാഹനങ്ങൾ നിർത്തിയിടരുത്.
മത്സരം കാണാൻ ചെറിയ വാഹനങ്ങളിൽ വരുന്നവർ പാലാരിവട്ടം റൗണ്ട്-തമ്മനം റോഡ്, കാരണക്കോടം വഴിയും വൈറ്റില ഭാഗത്തുനിന്ന് എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ്, കാരണക്കോടം വഴിയും സ്റ്റേഡിയത്തിെൻറ പിൻഭാഗത്ത് എത്തി കാരണക്കോടം സെൻറ് ജൂഡ് ചർച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലെ വാട്ടർ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും വലിയ വാഹനങ്ങൾ ഇടപ്പള്ളി- വൈറ്റില ദേശീയപാതയുടെ ഇരുവശത്തുമുള്ള സർവിസ് റോഡുകളിലും സീപോർട്ട്-എയർപോർട്ട് റോഡ്, കണ്ടെയ്നർ ടെർമിനൽ റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.
വൈപ്പിൻ, ഹൈകോടതി ഭാഗങ്ങളിൽനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ സ്റ്റേഡിയത്തിന് മുൻവശെത്ത പാർക്കിങ് ഗ്രൗണ്ടുകൾ, സെൻറ് ആൽബർട്സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വൈപ്പിൻ, ചേരാനല്ലൂർ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾ കളമശ്ശേരി പ്രീമിയർ ജങ്ഷൻ /ഇടപ്പള്ളി ബൈപാസ് ജങ്ഷൻ എന്നിവിടങ്ങളിൽ എത്തി ആളുകളെ ഇറക്കി കണ്ടെയ്നർ ടെർമിനൽ റോഡിൽ പാർക്ക് ചെയ്യണം.
തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലുവ മണപ്പുറം, ആലുവ മെേട്രാ സ്റ്റേഷൻ, കളമശ്ശേരി പ്രീമിയർ ജങ്ഷൻ, ഇടപ്പള്ളി എന്നിവിടങ്ങളിൽ ആളുകളെ ഇറക്കി ആലുവ മണപ്പുറം, കണ്ടെയ്നർ ടെർമിനൽ റോഡ് എന്നിവിടങ്ങളിൽ ഗതാഗതതടസ്സമില്ലാതെ പാർക്ക് ചെയ്യണം.
യാത്രക്കാർ മെേട്രാ/ബസ് സർവിസുകൾ പ്രയോജനപ്പെടുത്തി സ്റ്റേഡിയത്തിലെത്തണം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലാരിവട്ടം ജങ്ഷനിൽ ആളുകളെ ഇറക്കി പാലാരിവട്ടം-കുണ്ടന്നൂർ ദേശീയപാതയുടെ ഇരുവശത്തുമുള്ള സർവിസ് റോഡുകളിൽ പാർക്ക് ചെയ്യണം. ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ ആളുകളെ ഇറക്കി സർവിസ് റോഡുകളിൽ പാർക്ക് ചെയ്യണം. വൈകീട്ട് 3.30നുശേഷം വൈറ്റില, തമ്മനം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തമ്മനം ജങ്ഷനിൽനിന്ന് നേരെ സംസ്കാര ജങ്ഷനിൽ എത്തി പൈപ്ലൈൻ റോഡിലൂടെ സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടുകളിൽ പ്രവേശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.