തോൽവിയിലും തലതാഴ്ത്താതെ ഇന്ത്യ; ചരിത്ര ഗോൾ ജാക്സണിലൂടെ
text_fieldsന്യൂഡല്‍ഹി: ഗാലറികളില്‍ ആവേശത്തിെൻറ തീപ്പൊരി വിതറിയ പോരാട്ടത്തില്‍ കരുത്തരായ കൊളംബിയയോടും അവസാന ശ്വാസം വരെ പൊരുതി ഇന്ത്യ പതറി വീണു. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിെൻറ ഗ്രൂപ് എ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളെ അമ്പരപ്പിച്ച കൗമാരക്കൂട്ടം ഇന്ത്യന്‍ ഫുട്ബാളിെൻറ ഭാവിപ്രതീക്ഷകളാണ് തങ്ങളെന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തെ സാക്ഷിനിര്‍ത്തി ഒരിക്കല്‍ക്കൂടി വിളിച്ചുപറഞ്ഞു. പരിചയ സമ്പത്തിലും മെയ്ക്കരുത്തിലും കളിമികവിലും ഒരുപാട് മുന്നിലുള്ള ലാറ്റിനമേരിക്കന്‍ ശക്തികളോട് പരിചയക്കുറവ് മാത്രമാണ് ഇന്ത്യക്ക് വിനയായത്. സമനില ഗോള്‍ നേടിയ സമയത്ത് പ്രതിരോധം കാക്കാന്‍ മറന്നുപോയ അവര്‍ക്ക് നഷ്ടമായത് ചരിത്രം. ബാറിന് കീഴില്‍ ജ്വലിച്ച് നിന്ന ധീരജും പ്രതിരോധത്തില്‍ കോട്ടകെട്ടിയ അന്‍വര്‍ അലിയും ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയ ജാക്സണുമാണ് തിങ്കളാഴ്ച ഇന്ത്യയുടെ ചെറുത്തുനില്പ് നയിച്ചത്. അവസരം കിട്ടിയപ്പോഴൊക്കെ അഭിജിത്തും റഹിം അലിയും ജാക്സണുമെല്ലാം കൊളംബിയന്‍ പ്രതിരോധത്തെ കീറിമുറിച്ചു. മുന്നിരക്കാരന് യുവാന്‍ പെനലോസയാണ് വിജയികളുടെ രണ്ടു ഗോളും നേടിയത്.
ടീമില്‍ അപ്രതീക്ഷിത മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അമേരിക്കക്കെതിരായ ചരിത്രപോരാട്ടത്തിനിറങ്ങിയ നാലു പേരെ കോച്ച് ലൂയിസ് നോര്‍ട്ടണ്‍ ഡിമാറ്റിസ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച കാണികളെ ഒന്നടങ്കം കൈയിലെടുത്ത കോമള്‍ തട്ടല്‍, അനികേത്, ജിതേന്ദര്‍ സിങ്, സുരേഷ് വാങ്ജം എന്നിവര്‍ക്ക് പകരം പ്രതിരോധത്തില്‍ ബോറിസ് താങ്ജമിനെയും നമിത് ദേശ്പാണ്ഡെയെയും മധ്യനിരയില്‍ ജാക്സണെയും മുന്നേറ്റ നിരയില്‍ റഹിം അലിയെയും അണിനിരത്തി.
ആദ്യ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്ക് മാറിയ മലയാളി താരം രാഹുല്‍ മധ്യ നിരയില്‍ ഇടം നേടി. അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലെന്ന പോലെ ആദ്യ 15 മിനിറ്റ് നേരം ആതിഥേയര്‍ പകച്ചുനിന്നപ്പോള്‍ പന്ത് ഏറെ നേരവും കൊളംബിയക്കാരുടെ കൈവശമായിരുന്നു. എന്നാല്‍ 4- 5- 1 രീതി അവലംബിച്ച ആതിഥേയരുടെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ മുന്‍നിരയില്‍ മൂന്ന് പേരെ കളിപ്പിച്ച കൊളംബിയക്കാര്ക്കായില്ല. ലാറ്റിനമേരിക്കയുടെ കരുത്ത് കാട്ടി ലിയാന്‍ഡ്രോ കാംപസും യുവാന്‍ പെനലോസയും ലൂയിസ് ലോപസും ഡെയ്മണ്‍ കോര്‍ട്ടിസും ഇന്ത്യന്‍ ഗോള്‍മുഖത്ത് തമ്പടിച്ചുവെങ്കിലും പ്രതിരോധത്തില്‍ കോട്ട തീര്‍ത്ത അന്‍വർ അലിയും ഗോള്‍ വലയം കാത്ത ധീരജ് സിങ്ങും വഴങ്ങിയില്ല. ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍ ധീരജ് അത്ഭുതകരമായി രക്ഷപ്പെടുത്തി.
യാദിര്‍ മെനസിസിെൻറയും പെനസോലയുടെയും ഫ്രീകിക്കുകള്‍ തട്ടിത്തെറിപ്പിച്ച ധീരജ് ലിയാന്‍ഡ്രോ കാംപസിെൻറ എണ്ണം പറഞ്ഞ ഹെഡറും വിഫലമാക്കി. ആദ്യ പകുതിയുടെ മുക്കാല്‍ ഭാഗവും കളി കൈയിലെടുത്ത എതിരാളികള്‍ക്കെതിരെ ഒന്നാം പകുതിയുടെ അധികസമയത്ത് ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ഗോള്‍ രാഹുലില്‍ നിന്നും ഒഴിഞ്ഞുപോയി. കൊളംബിയന്‍ ഡിഫൻഡര്‍മാര്‍ക്കിടയിലൂടെ മീട്ടി നല്കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാത നിന്ന രാഹുല്‍ ഗോളിലേക്ക് തിരിച്ചുവിട്ടത് ബാറില്‍ തട്ടി മടങ്ങുന്നത് കണ്ട് ഗാലറി തരിച്ചുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ അപ്രതീക്ഷിത ഗോള്‍ വഴങ്ങി. ഇടത് പാര്‍ശ്വത്തിലൂടെ കാംപസ് നല്കിയ പന്ത് നിയന്ത്രിച്ചെടുത്ത പെനലോസ ഇടങ്കാലനടിയിലൂടെ രണ്ടാം പോസ്റ്റില്‍ പന്തടിച്ച് കയറ്റിയപ്പോള്‍ ഇന്നലെ ആദ്യമായി ധീരജ് നിസ്സഹായനായി.
പകരക്കാരനായി ഇറങ്ങിയ അനികേതും നറോമും കൂടി ചേര്‍ന്ന് ഗോള്‍ തിരിച്ചടിക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ തുടരുന്നതിനിടെ 130 കോടി ജനത കാത്തിരുന്ന ആ മുഹൂര്‍ത്തം പിറന്നു. 82ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ജാക്സണ് തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചു വിട്ടപ്പോള്‍ ഗാലറി ഒന്നടങ്കം പൊട്ടിത്തെറിച്ചു. എന്നാല്‍ ആരവമടങ്ങും മുമ്പെ കൊളംബിയ ലീഡ് വീണ്ടെടുത്തു. ആളില്ലാത്ത ഇന്ത്യന്‍ പ്രതിരോധത്തിലേക്ക് ഓടിക്കയറിയ പെനലോസ ധീരജിനെ കീഴടക്കിയ നിമിഷം ഗാലറി സ്തബ്ധരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.