ആഫ്രിക്കൻ കരുത്തിന് മുന്നിലും ഇന്ത്യ വീണു; ലോകകപ്പിൽ നിന്നും പുറത്ത് (4-0)
text_fieldsന്യൂഡല്‍ഹി: ഇനിയൊരു ലോകകപ്പ് വിദൂരതയില്‍ നിര്‍ത്തി ഇന്ത്യന്‍ കൗമാരത്തിെൻറ പോരാട്ടം അവസാനിച്ചു. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഗ്രൂപ് എയിലെ അവസാന മത്സരത്തില്‍ മുമ്പ് രണ്ടു തവണ കപ്പ് നേടിയ ഘാനയോട് എതിരില്ലാത്ത നാലു ഗോള്‍ വഴങ്ങിയ ആതിഥേയര്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയുമായി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് വിടചൊല്ലി. ചരിത്രത്തിലേക്ക് പന്ത് തട്ടിയ ആദ്യ മത്സരങ്ങളില്‍ അമേരിക്കയോടും കൊളംബിയയോടും വീരോചിതം പൊരുതിയ അമര്‍ജിത് സിങ് കിയാമിനും സംഘത്തിനും ആഫ്രിക്കന്‍ ഫുട്ബാളിലെ വന്യശക്തിക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. ആടിയുലഞ്ഞ ഇന്ത്യന്‍ പ്രതിരോധത്തില്‍ ആടിത്തിമിര്‍ത്ത നായകന് എറിക് അയ്യയാണ് ഇരുപകുതികളിലുമായി ഘാനയുടെ രണ്ടു ഗോളടിച്ചത്. പകരക്കാരായിറങ്ങിയ റിച്ചാഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടോക്കുവും മറ്റു രണ്ടു ഗോളുകള്‍ നേടി. ജയത്തോടെ ആറു പോയൻറുമായി ഘാന ഗ്രൂപ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലും ഇടം പിടിച്ചു. ആറ് പോയൻറുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിെൻറ അടിസ്ഥാനത്തിൽ കൊളംബിയയാണ് രണ്ടാം സ്ഥാനത്ത്. ആറ് പോയൻറുള്ള അമേരിക്ക മൂന്നാമനായി പിന്തള്ളപ്പെെട്ടങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്കെത്താൻ സാധ്യതയുണ്ട്.
ഗാലറികളെ ത്രസിപ്പിക്കുമെന്ന് കരുതിയ ഇന്ത്യ പോരിെൻറ വീര്യം മറന്നാണ് കളത്തിലിറങ്ങിയത്. തൊട്ടതെല്ലാം പിഴച്ച അവര്‍ക്ക് വ്യാഴാഴ്ച നല്ല ദിവസമായിരുന്നില്ല. കരുത്തരായ ഘാനയോടുള്ള തോല്‍വിയുടെ ആഘാതം കനത്തതായിട്ടും സ്റ്റേഡിയം നിറഞ്ഞ കാണികൾ എഴുന്നേറ്റ് നിന്ന് യാത്രയാക്കിയത് അവര്‍ക്കുള്ള ആദരമായിരുന്നു.
കൊളംബിയക്കെതിരെ കളിച്ച ആദ്യ ഇലവനില്‍ നാലു മാറ്റങ്ങള്‍ വരുത്തി ഭാഗ്യം പരീക്ഷിച്ച ഡി മാറ്റിസിെൻറ തന്ത്രങ്ങളൊന്നും വ്യാഴാഴ്ച ഫലം കണ്ടില്ല. പ്രതിരോധത്തില്‍ നമിത് ദേശ് പാണ്ഡെക്ക് പകരം ജിതേന്ദര്‍ സിങ്ങും മുന്‍നിരയില്‍ റഹീം അലിക്ക് പകരം അനികേത് ജാദവും തിരിച്ചെത്തിയപ്പോള്‍ അഭിജിത് സര്‍ക്കാറിനും നിന്തോയിബ മീട്ടിക്കും പകരം നോങ്ദാംബ നൗറമും സുരേഷ് വാങ്ജമും മധ്യനിരയിലിടം പിടിച്ചു. മുന്‍നിരയില്‍ ക്യാപ്റ്റന്‍ എറിക് അയ്യമിനെ മാത്രം നിര്‍ത്തിയ ഘാന എഡ്മണ്ട് ആര്കോയെ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തിയാണ് പന്ത് തട്ടിയത്. എറിക് അയ്യമിെൻറയും സാദിഖ് ഇബ്രാഹിമിെൻറയും വേഗത്തിനൊപ്പമെത്താന്‍ ഇന്ത്യന്‍ പ്രതിരോധം കളിയുടെ തുടക്കം മുതല്‍ വിഷമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാനം വരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. മധ്യനിരയില്‍ നിന്ന് വെട്ടിച്ചു കയറി ആതിഥേയ പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയ ആഫ്രിക്കന്‍ കരുത്ത് ഇടക്ക് ലോങ്ങ് റേഞ്ചറുകളും ഉതിര്‍ത്തെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. ധീരജും അന്‍വര്‍ അലിയും സ്റ്റാലിനും പ്രതിഭക്കൊത്തുയര്ന്നതാണ് ഘാനയെ ഗോളില്‍ നിന്നകറ്റി നിര്‍ത്തിയത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങിയ നൗറോം പന്തടക്കം കാട്ടിയെങ്കിലും കൂട്ടുകാര്‍ക്ക് പാകത്തില്‍ നല്കുന്നതില് പരാജയപ്പെട്ടു.
മറുവശത്ത് മലയാളിയായ രാഹുല്‍ അധ്വാനിച്ച് കളിച്ചെങ്കിലും ആഫ്രിക്കന്‍ പ്രതിരോധം കീറിമുറിക്കാന്‍ പോന്നതായില്ല. ഇരു വശത്തും പന്ത് കയറിയിറങ്ങുന്നതിനിടയില്‍ പരുക്കനടവുകള്‍ കണ്ട കളിയില്‍ ആതിഥേയര്‍ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനായില്ല. ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് വിപരീതമായി ഒന്നാം മിനിറ്റില്‍ തന്നെ ആതിഥേയരുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. കോര്‍ണര്‍ കിക്കില്‍ കലാശിച്ച നീക്കം എങ്ങുമെങ്ങിയില്ല. എട്ടാം മിനിറ്റില്‍ ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ച അയ്യ ഓഫ് സൈഡില്‍ കുരുങ്ങിയത് ഗാലറിക്ക് ആശ്വാസമായി. തുടര്‍ന്ന് അധിക നേരവും ഘാനക്കാര്‍ പന്ത് കൈവശം വെച്ചെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. അങ്ങനെ ഘാനയെ ഗോളടിക്കാന്‍ വിടാതെ ഇടവേളക്ക് പിരിയാമെന്ന ഇന്ത്യയുടെ കണക്ക് കൂട്ടലുകളാണ് 43 ാം മിനിറ്റില്‍ തകര്‍ന്നത്. കൂടുതല്‍ ആസൂത്രിതമായി മുന്നേറിയ ഘാനയുടെ സാദിഖ് ഇബ്രാഹിം ബോക്സില്‍ കടന്ന് ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ട പന്ത് ധീരജ് വീണു കിടന്നു തട്ടിത്തെറിപ്പിച്ചെങ്കിലും ഇന്ത്യന്‍ ഡിഫൻഡര്‍മാര്‍ക്കിടയില്‍ പാകത്തിന് കിട്ടിയ ഐയ്യക്ക് ഉന്നം പിഴച്ചില്ല.
ഒരു ഗോള്‍ ലീഡുമായി കളിക്കാനിറങ്ങിയ ഘാനയുടെ തേരോട്ടമായിരുന്നു രണ്ടാം പകുതിയില്‍. ഗാലറികളില്‍ നിറപിന്തുണ ലഭിച്ചിട്ടും കളിക്കളത്തില്‍ കാഴ്ചക്കാരായി മാറിയ ഇന്ത്യയുടെ യുവനിര 53ാം മിനിറ്റില്‍ വീണ്ടും ഗോള്‍ വഴങ്ങി. ഇത്തവണ റാഷിദ് അല്‍ ഹസനില്‍ നിന്ന് കിട്ടിയ പന്ത് ഇന്ത്യന്‍ പ്രതിരോധത്തിന് ഒരവസരവും നല്‍കാതെ ഐയ്യ അതിസമര്‍ഥമായി വലയിലടിച്ചു കയറ്റി. പിന്നീടങ്ങോട്ട് ഇന്ത്യന്‍ വലയില്‍ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന നിലയായിരുന്നു. അല്പം ഭാഗ്യത്തിെൻറ പിന്ബലത്തോട് കൂടി തട്ടിമുട്ടി രക്ഷപ്പെട്ട ുകൊണ്ടിരുന്ന ഇന്ത്യന്‍ വലയിലേക്ക് അവസാന മിനിറ്റുകളില്‍ രണ്ടു ഗോള്‍ കൂടി പതിഞ്ഞു. പകരക്കാരായിറങ്ങിയ റിച്ചാഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടോക്കുവും രണ്ട് ഗോള്‍ കൂടി അടിച്ചു കയറ്റി. ഇടക്ക് റഹീം അലി, ലാലങ്ങ്മാവിയ, മീട്ടി എന്നിവരെ കളത്തിലിറക്കിയ മാറ്റിസിെൻറ മാറ്റങ്ങളും ഗുണം ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.