സീറ്റും ടിക്കറ്റും കുറഞ്ഞിട്ടാ... ഐ.എസ്.എൽ എത്തട്ടെ പൊളിക്കും
text_fieldsകൊച്ചി: കൗമാര ലോകകപ്പോടെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കാൽപന്തുകളിയുടെ ആഘോഷരാവുകൾക്കാണ് തുടക്കമായത്. ഇന്ത്യ കാത്തിരുന്ന ലോകകപ്പിൽ ബ്രസീലും സ്പെയിനും ജർമനിയും ഉൾപ്പെടെ ടീമുകളുടെയും മത്സരങ്ങൾ കൊച്ചിയിൽ കാണാം. 18ന് പ്രീക്വാർട്ടറിനും 22ന് ക്വാർട്ടർ ഫൈനലിനും കൊച്ചി വേദിയാകും. ഒരു മാസം പിന്നിടുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗെത്തും. നവംബർ 24ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൊച്ചിയിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. ഒക്ടോബർ ഏഴിന് ലോകകപ്പോടെ തുടങ്ങിയ ആവേശക്കാഴ്ചകൾ ഫെബ്രുവരി 23ന് കൊമ്പന്മാരുടെ അവസാന ഹോം മാച്ച് വരെ തുടരും. അഞ്ചുമാസം നീളുന്ന ആഘോഷരാവുകൾക്കാണ് കൊച്ചി ഒരുങ്ങുന്നത്.
കൗമാര ലോകകപ്പിന് കാണികൾ ഒഴുകിയെത്തുമെന്നായിരുന്നു സംഘാടകരുടെയും ഫിഫ ഭാരവാഹികളുടെയും പ്രതീക്ഷ. ഉദ്ഘാടനദിനം ബ്രസീലും സ്പെയിനും ഏറ്റുമുട്ടിയപ്പോൾ 29,000 സീറ്റിൽ 21,000 നിറഞ്ഞു. എന്നാൽ, ഫിഫയുടെ കാർക്കശ്യ നിർദേശങ്ങൾക്കൊപ്പം മികച്ച സൗകര്യങ്ങളൊരുക്കുന്നതിലെ പോരായ്മയും കാണികളെ പിന്നോട്ടടിച്ചു. രണ്ടാമത്തെ കളിയുടെ ദിവസം ആദ്യമത്സരത്തിന് എണ്ണായിരത്തോളവും രണ്ടാമത്തെ കളിക്ക് 15,000 പേരുമെത്തി. കാണികൾക്കുള്ള സൗകര്യങ്ങളൊരുക്കിയും മത്സരദിവസംവരെ കൗണ്ടറുകൾ തുറന്ന് ടിക്കറ്റ് വിൽക്കാനുമുള്ള ശ്രമത്തിലാണ് സംഘാടകർ. വരുംദിനങ്ങളിൽ ആളുകളെത്തുമെന്നാണ് പ്രതീക്ഷ.
കൗമാര ലോകകപ്പിെൻറ താളത്തിൽനിന്ന് കൊച്ചി ഉണരുന്നത് ഇന്ത്യൻ സൂപ്പർ ലീഗിെൻറ ആരവങ്ങളിലേക്ക്. നാലാം സീസണിലെ കൊച്ചിയിലെ അങ്കത്തിന് 24ന് അരങ്ങുണരുമ്പോൾ കന്നിക്കാരായ ജംഷഡ്പുർ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ. രണ്ട് സീസണുകളിൽ കൈവിട്ട കിരീടത്തിൽ ഇത്തവണ മുത്തമിടാനുള്ള തയാറെടുപ്പിലാണ് കൊമ്പന്മാർ. സ്പെയിനിൽ തുടരുന്ന വിദേശ പരിശീലനത്തിനിടെ സൗഹൃദ മത്സരങ്ങളിൽ ജയിച്ച് മുന്നേറിയാണ് ടീം തയാറെടുപ്പ് തുടരുന്നത്. മികച്ച ആക്രമണ നിരയുമായാണ് കളത്തിലിറങ്ങുന്നത്. ഇയാം ഹ്യൂമെന്ന മലയാളികളുടെ ഹ്യൂമേട്ടൻ തിരിച്ചെത്തിയതോടെ കേരളം ഒന്നടങ്കം ആവേശത്തിലാണ്. ഇതിഹാസതാരം ബെർബറ്റോവ്, കഴിഞ്ഞ സീസണിലെ ഹീറോ മലയാളിതാരം സി.കെ. വിനീത്, ജാക്കിചന്ദ് സിങ്, ബ്ലാസ്റ്റേഴ്സിെൻറ വൻമതിൽ സന്ദേശ് ജിങ്കാൻ, റിനോ ആേൻറാ, ലാൽലുതാര, പ്രീതം സിങ്, കെ. പ്രശാന്ത്, മിലൻ സിങ്, അരാറ്റ ഇസുമി. സന്ദീപ് നന്ദി, വിദേശ താരങ്ങളായ നെമഞ്ച ലാകിക് പെസിക്, വെസ്റ്റ് ബ്രൗൺ എന്നിങ്ങനെ പരിചയ സമ്പന്നരായ സ്വദേശി^വിേദശി കളിക്കാരുമായി ടീം കളത്തിലിറങ്ങുമ്പോൾ കൊച്ചിയിലെ ആവേശം പതിന്മടങ്ങ് വർധിക്കും. ‘ഇതിന് സീറ്റും ടിക്കറ്റും കുറഞ്ഞിട്ടാ... ഐ.എസ്.എൽ എത്തട്ടെ, ഇവിടെ മത്സരം പൊളിക്കും...’ ലോകകപ്പ് കാണാനെത്തിയ ഫുട്ബാൾ പ്രേമിയുടെ വാക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.