കൊച്ചിപ്പോരിൽ ഇറാനെ തകർത്ത് സ്പെയിൻ സെമിയിൽ (3-1)
text_fieldsകൊച്ചി: പേർഷ്യയിലെ രാജകുമാരന്മാർക്കുമേൽ സ്പാനിഷ് രാജവാഴ്ച. ആദ്യ കളികളിലെ ആധികാരിക പ്രകടനങ്ങളോടെ ഫുട്ബാൾ ലോകത്തിെൻറ ശ്രദ്ധയാകർഷിച്ച ഇറാനെ നിഷ്പ്രഭമാക്കി കൗമാരലോകകപ്പിൽ സ്പാനിഷ് പടയോട്ടം. അണ്ടർ-17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇറാനെ തകർത്ത് സ്പെയിൻ സെമിഫൈനലിൽ ഇടംപിടിച്ചു. ഇൗമാസം 25ന് നടക്കുന്ന സെമിയിൽ ആഫ്രിക്കൻ കരുത്തരായ മാലിയാണ് എതിരാളികൾ. കൗമാരലോകകപ്പിൽ മലയാളമണ്ണിലെ അവസാന മത്സരത്തിൽ 28,436 കാണികളെ സാക്ഷിനിർത്തിയായിരുന്നു സ്പാനിഷ് വിജയഭേരി. ക്യാപ്റ്റൻ ആബേൽ റൂയിസിെൻറ ഗോളിൽ 13ാം മിനിറ്റിൽ മുന്നിലെത്തിയ സ്പെയിനിനുവേണ്ടി 60ാം മിനിറ്റിൽ സെർജിയോ ഗോമസും 67ാം മിനിറ്റിൽ ഫെറാൻ ടോറസും ലക്ഷ്യംകണ്ടു. 70ാം മിനിറ്റിൽ സഇൗദ് കരീമിയുടെ ബൂട്ടിൽനിന്നായിരുന്നു ഇറാെൻറ ആശ്വാസ ഗോൾ. ജർമനിയെ ഗ്രൂപ് ഘട്ടത്തിൽ 4-0ത്തിന് നിലംപരിശാക്കി വാർത്തകളിൽ നിറഞ്ഞ ഇറാൻ ആ പ്രകടനത്തിെൻറ അടുത്തുപോലുമെത്താതെ എളുപ്പം കീഴടങ്ങുകയായിരുന്നു.
കളിയഴകിൽ കളംവാണ് സ്പെയിൻ
സ്പെയിനിെൻറ പൊസഷൻ ഗെയിം കളം ഭരിക്കുന്നതുകണ്ടാണ് കളിക്ക് തുടക്കമായത്. തീർത്തും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ഇറാൻ പിൻനിരയിൽ തമ്പടിച്ച് എതിർമുന്നേറ്റങ്ങളുടെ മുനയൊടിക്കുകയെന്ന അജണ്ടയിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു ആദ്യ പകുതിയിൽ. കൃത്യമായ പരസ്പരധാരണയോടെ സ്പാനിഷ് താരങ്ങൾ പന്തുതട്ടിയപ്പോൾ പ്രത്യാക്രമണമെന്ന ഇറാൻ തന്ത്രങ്ങൾക്ക് സാധ്യതയൊന്നും തുറന്നുകിട്ടിയില്ല. തുടക്കത്തിലെ ഒന്നുരണ്ടു അർധാവസരങ്ങൾക്കുശേഷം ലഭ്യമായ തുറന്ന അവസരത്തിൽ സ്പെയിൻ ലീഡിലേക്ക് നിറയൊഴിക്കുകയും ചെയ്തു. വലതു വിങ്ങിലൂടെ വന്ന നീക്കത്തിനൊടുവിൽ ഫെറാൻ ടോറസ് നൽകിയ ക്രോസ് എതിർ വിങ്ങിൽ സെർജിയോ ഗോമസിെൻറ കാലുകളിലേക്ക്. ആദ്യതവണ റൂയിസിനെ ലക്ഷ്യമാക്കി ഗോമസ് നീട്ടിയ പന്ത് എതിർ ഡിഫൻഡറുടെ കാലിൽതട്ടി െതറിച്ചു. റീബൗണ്ടിൽ ഗോമസിെൻറ പാസ് കൃത്യമായി റൂയിസിലേക്ക്. േക്ലാസ്റേഞ്ചിൽനിന്ന് സ്പാനിഷ് ക്യാപ്റ്റൻ തൊടുത്ത ഷോട്ട് ആമിർ സാദെ തടഞ്ഞു. റീബൗണ്ടിൽ പന്ത് വീണ്ടും റൂയിസിനു മുന്നിൽ. ഉടനടി ബാഴ്സലോണക്കാരൻ നിലംപറ്റെ വലയിലേക്ക് ഷോട്ടുപായിച്ചപ്പോൾ ഇറാന് മറുപടിയുണ്ടായില്ല.
ഒരു ഗോളിന് പിന്നിലായതിനു ശേഷവും ഇറാന് ഉശിരൊന്നും കാട്ടാനായില്ല. ലീഡുയർത്താനുള്ള എതിർമോഹങ്ങളെ പടുകോട്ട കെട്ടി പ്രതിരോധിച്ചുനിർത്തുക മാത്രമായിരുന്നു അവർക്ക് മുന്നിലുള്ള ഏകവഴി. ആദ്യ അരമണിക്കൂറിൽ ഒരു ഷോട്ടുപോലും സ്പെയിൻ വല ലക്ഷ്യമിട്ട് പായിക്കാൻ കഴിയാതെപോയ ഇറാന് കാണികളുടെ നിറഞ്ഞ പിന്തുണപോലും പ്രചോദനമായി മാറിയില്ല. ഭാഗ്യംകൊണ്ടാണ് ഇടവേളക്കുമുമ്പ് ഒരുതവണകൂടി ഏഷ്യക്കാരുടെ വലയിലേക്ക് പന്തെത്താതെ പോയത്. 35ാം മിനിറ്റിൽ ടോറസിെൻറ ക്രോസ് ഗോളി തട്ടിമാറ്റിയത് സെസാർ ഗിലാബർട്ടിന് മുന്നിലേക്കായിരുന്നു. ഷോെട്ടടുക്കുംമുമ്പ് ഇറാൻ ഡിഫൻഡർ ഇടപെട്ടപ്പോൾ പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. സ്പെയിനിെൻറ പാസിങ് ഗെയിമിനെ മിഡ്ഫീൽഡിലും വിങ്ങുകളിലുമൊന്നും പ്രതിരോധിച്ചുനിർത്താൻ കഴിയാതെപോയ ഇറാൻ ആദ്യപകുതിയിൽ ആകെ ഒരു ഷോട്ട് മാത്രമാണ് ഉതിർത്തത്. പന്തു കൈവശം വെച്ചതാകെട്ട 28 ശതമാനം സമയം മാത്രവും.
സർവത്ര സ്പെയിൻ
ഇടവേള കഴിഞ്ഞും പന്തുരുണ്ടത് സ്പെയിനിെൻറ കളിയഴകിലേക്ക് തന്നെയായിരുന്നു. കൗണ്ടർ അറ്റാക്കിങ്ങിെൻറ ബലത്തിൽ മുൻ മത്സരങ്ങളിൽ എതിർനിരകളെ ഭയപ്പാടിലാഴ്ത്തിയ ഇറാൻ സ്പെയിനിന് ഭീഷണിയായതേയില്ല. കളി ഒരുമണിക്കൂർ പിന്നിടവേ ഗോമസിെൻറ മനോഹരഗോളിൽ സ്പെയിൻ ഒരുപടികൂടി മുന്നേറി. വലതു പാർശ്വത്തുനിന്ന് ടോറസ് നൽകിയ പാസിൽ ബോക്സിന് പുറത്തുനിന്ന് ഗോമസ് അളന്നുകുറിച്ചു തൊടുത്ത ലോങ്റേഞ്ചർ ഇറാൻ ഗോളി അലി സാദെയുടെ കൈകൾക്ക് മുകളിലൂടെ ഉയർന്നുപൊങ്ങി ക്രോസ്ബാറിനടിയിലുരുമ്മിയെന്നോണം വലയുടെ മോന്തായത്തിലേക്ക് പാഞ്ഞുകയറി. ഗോൾ നേടിയതിനു പിന്നാലെ ഗോമസ് പരിക്കേറ്റ് പിന്മാറുകയും ചെയ്തു. ഇതുകൊണ്ടും നിർത്താൻ യൂറോപ്യൻ ചാമ്പ്യന്മാർ ഒരുക്കമായിരുന്നില്ല. തിരിച്ചടിക്കാനായി ഇറാൻ ആഞ്ഞുകയറാൻ തുടങ്ങിയത് സ്പാനിഷ് പ്രത്യാക്രമണങ്ങൾക്ക് കൂടുതൽ സ്പേസ് നൽകി. അത്തരമൊരു നീക്കത്തിൽനിന്ന് മൂന്നാമതും ഇറാൻ വല കുലുങ്ങി. വലതുപാർശ്വത്തിലൂടെ കുതിച്ച നീക്കത്തിനൊടുവിൽ മുഹമ്മദ് മുഖ്ലിസിെൻറ പാസ്. പോസ്റ്റിനു മുന്നിലേക്ക് ഒാടിയെത്തിയ ഫെറാന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ.
ആശ്വാസഗോളിലേക്ക് ഉശിരുകാട്ടി
മൂന്നു ഗോളിന് പിന്നിലായതോടെ ഇറാൻ രണ്ടും കൽപിച്ച് ആക്രമിക്കാനിറങ്ങി. 70ാം മിനിറ്റിൽ ആശ്വാസഗോളായിരുന്നു ഇതിനുള്ള പ്രതിഫലം. മധ്യനിരയിൽനിന്നു ഉയർന്നുവന്ന പന്തിനെ അൽ അഹ്യാർ സയ്യാദ് ഹെഡറിലൂടെ പോസ്റ്റിനുമുന്നിലേക്ക് മറിച്ചപ്പോൾ ഒാടിയെത്തിയ സബ്സ്റ്റിറ്റ്യൂട്ട് സയീദ് കരീമി വലയിലേക്ക് ഷോട്ടുതിർക്കുകയായിരുന്നു. സ്പെയിൻ അവസരങ്ങൾ തുലച്ചുകൊണ്ടിരുന്ന അവസാനഘട്ടത്തിൽ ഇറാന് സ്വതസിദ്ധമായ വീര്യത്തോടെ ചില പ്രത്യാക്രമണങ്ങൾ നടത്താനായി. സയ്യാദിെൻറ ഗോളെന്നുറച്ച ഷോട്ടിനെ കോർണർ വഴങ്ങിയാണ് ആൽവാരോ പ്രതിരോധിച്ചത്. അന്തിമവേളകളിൽ ലഭിച്ച കോർണർ കിക്കുകളും ഇറാന് മുതലെടുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.