ക്ലാസിക് സെമി
text_fieldsകൗമാര പോരാട്ടം അവസാന ലാപ്പിലേക്ക്. കിരീടപ്പോരാട്ടത്തിൽ കൊമ്പുകോർക്കുന്നവർ ആരെന്ന് ഇന്നറിയാം. അണ്ടർ 17 ലോകകപ്പിൽ കൊൽക്കത്തയിലും മുംബൈയിലുമായി നടക്കുന്ന സെമിഫൈനൽ അങ്കങ്ങളിൽ ബ്രസീൽ ഇംഗ്ലണ്ടിനെയും, സ്പെയിൻ മാലിയെയും നേരിടും. വൈകീട്ട് അഞ്ചിനും രാത്രി എട്ടിനുമായി നടക്കുന്ന മത്സരങ്ങളിലെ വിജയികൾ 28ന് കൊൽക്കത്ത സാൾട്ട് ലേക്കിലെ കിരീടരാവിൽ ബൂട്ടണിയും.
കൊൽക്കത്തയിൽ ബ്രസീൽ x ഇംഗ്ലണ്ട്
കൊൽക്കത്ത: ബ്രസീൽ അല്ലെങ്കിൽ ഇംഗ്ലണ്ട്. ആര് പുറത്തായാലും ആരാധകർക്ക് നഷ്ടമാണ്. 60,000ത്തിൽ ഏറെ വരുന്ന കാണികളുടെ ആരവങ്ങൾക്ക് നടുവിൽ ജർമനിയെ കശക്കിയെറിഞ്ഞ് വന്ന ബ്രസീലും വൻകര അങ്കത്തിൽ അമേരിക്കയെ തരിപ്പണമാക്കിയ ഇംഗ്ലണ്ടും കൊമ്പുകോർക്കുന്ന അണ്ടർ 17 ലോകകപ്പിലെ സെമി ഫുട്ബാളിലെ രണ്ടു ശൈലികളുടെ മാറ്റുനോക്കൽ കൂടിയാവും.
കേളികേട്ട സാംബാശൈലിയിൽ അഴകും വേഗവും അളവുചേർത്തായിരുന്നു ബ്രസീലിെൻറ ഇതുവരെയുടെ ജൈത്രയാത്ര. ഇംഗ്ലണ്ടിേൻറതാവെട്ട വിങ്ങുകളിലൂടെ ഇരച്ചുകയറിയുള്ള ആക്രമണവും. പ്രീക്വാർട്ടറിൽ ജപ്പാനു മുന്നിൽ വിറച്ചുജയിച്ച ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ അമേരിക്കക്കെതിരെ ഉഗ്രരൂപം പ്രാപിച്ച ആവേശത്തിലാണ് കൊൽക്കത്തയിലെത്തുന്നത്. മുൻനിരയിലുള്ള ബ്രണ്ണർ, പൗളീന്യോ, ലിങ്കൺ, പ്ലേമേക്കറുടെ റോളിൽ അലൻ സുസയും മിന്നുന്ന ഫോമിലാണ്. ഇംഗ്ലണ്ട് നിരയിലാവെട്ട ജാഡൻ സാഞ്ചോയുടെ അഭാവത്തിൽ ഹാട്രിക്കുമായി നിറഞ്ഞ റിയൻ ബ്രെസ്റ്ററും ഗിബ്സ്, ഫിൽ ഫോഡൻ എന്നിവരുമുണ്ട്.
മുംബൈയിൽ മാലി x സ്പെയിൻ
മുംബൈ: ജയിക്കണം. സെമി മാത്രമല്ല; ഫൈനലും. കപ്പ് നേടി ചരിത്രം കുറിക്കാനായാൽ അത് തങ്ങളുടെ നാടിെൻറ ഫുട്ബാൾ സംസ്കാരത്തിന് മുതൽക്കൂട്ടാകുമെന്ന് മാലിയുടെ കൗമാരപ്പടയും അവരുടെ കോച്ച് ജോനാസ് കോംലയും വിശ്വസിക്കുന്നു. നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി പരിചയസമ്പന്നരായ സ്പെയിനിനെയാണ് മാലി നേരിടുന്നത്. സ്പെയിനും മാലിയും ഇതുവരെ കൗമാര വിശ്വപോരിലെ കപ്പിൽ മുത്തമിട്ടിട്ടില്ല. പോരാട്ടവീര്യത്തിൽ സ്പെയിനിനെക്കാൾ മുന്നിലാണ് മാലി.
ഗോളടിയിലും പ്രതിരോധത്തിലും ആക്രമണത്തിലും ഗോൾവലക്കു മുന്നിലെ ജാഗ്രതയിലും മാലിയെ കരുതണം. 128 ആക്രമണങ്ങളാണ് ഇതുവരെയുള്ള കളിയിൽ അവർ അഴിച്ചുവിട്ടത്. 15 ഗോളുകൾ എതിരാളികളുടെ വലയിലാക്കി. ഗോളടിക്കാനായി പിറന്നവനെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന ലാസന എൻഡ്യായെ അഞ്ചു തവണ എതിരാളികളുടെ വല കുലുക്കി മികച്ച ഗോളടി വീരന്മാരുടെ പട്ടികയിൽ മൂന്നാമനാണ്. 19 സേവുകൾ നടത്തി അവരുടെ ഗോൾവല കാക്കുന്ന യൂസഫ് കോയിത്ത ചില്ലറക്കാരനല്ല. യൂറോപ്യൻ കൗമാരതാരങ്ങളായ ആബേൽ റൂയിസും (4 ഗോളുകൾ) സെർജിയോ ഗോമസും നന്നായി വിയർക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.