ബ്രൂസ്റ്റർക്ക് ഹാട്രിക്ക്; ബ്രസീലിനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ (3-1)
text_fieldsകൊൽക്കത്ത: ഒമ്പതാം നമ്പർ കുപ്പായത്തിൽ കളം നിറഞ്ഞാടിയ റിയാൻ ബ്രൂസ്റ്റർ മൂന്ന് വട്ടം നിറയൊഴിച്ചപ്പോൾ, സാൾട്ട് ലേക്കിെൻറ മുറ്റത്ത് മഞ്ഞക്കടലിന് കണ്ണീരിെൻറ ഉപ്പുരസം. 14 വർഷത്തിനു ശേഷം കൗമാര കിരീടം തേടി ഇന്ത്യയിലേക്ക് പറന്ന കാനറിപ്പടയുടെ ചിറകുകൾ സെമിഫൈനലിെൻറ പോർക്കളത്തിൽ അരിഞ്ഞുവീഴ്ത്തിയ ഇംഗ്ലണ്ടിന് കന്നി ലോകകിരീടം ഒരു ജയം മാത്രമകലെ. അണ്ടർ-17 ലോകകപ്പിലെ ആവേശകരമായ സെമിഫൈനൽ അങ്കത്തിൽ മൂന്നുതവണ കൗമാര കിരീട ജേതാക്കളായ ബ്രസീലിനെ 3-1ന് തരിപ്പണമാക്കിയായിരുന്നു ഇംഗ്ലണ്ടിെൻറ പടയോട്ടം.
ഗുവാഹതിയിലെ മോശം കാലാവസ്ഥയെ തുടർന്ന് കൊൽക്കത്തയിലേക്ക് തിരക്കിട്ട് മാറ്റിയ സെമി പോരാട്ടം നിറഗാലറിയോടെയായിരുന്നു ബംഗാളിലെ ഫുട്ബാൾ പ്രേമികൾ വരവേറ്റത്. സാൾട്ട്ലേക്കിലെ ഇരിപ്പിടങ്ങളിലേക്ക് ഒഴുകിയെത്തിയത് ടൂർണമെൻറിലെ ഏറ്റവും മികച്ച ജനക്കൂട്ടങ്ങളിലൊന്ന് (63,881). ഗാലറിയുടെ അകമഴിഞ്ഞ പിന്തുണയും ടൂർണമെൻറിലുടനീളമുള്ള അപരാജിത കുതിപ്പുമൊന്നും പക്ഷേ, കളത്തിൽ ബ്രസീലിന് തുണയായില്ല. അവരുടെ ഇരുതലമൂർച്ചയുള്ള ആക്രമണത്തെ തന്ത്രപരമായ പ്രതിരോധമൊരുക്കി നേരിട്ട ഇംഗ്ലീഷുകാർ ചാട്ടുളി വേഗത്തിലെ മിന്നലാക്രമണവുമായി കളം ഭരിച്ചു. പന്ത് കൈവശം വെക്കാനും തുടരെ തുടരെ ആക്രമണം നയിക്കാനും ബ്രസീലിന് അവസരം ലഭിച്ചെങ്കിലും പെനാൽറ്റി ബോക്സിനുള്ളിൽ കോട്ടകെട്ടിയ ഇംഗ്ലീഷ് പ്രതിരോധത്തിനും ഗോൾ കീപ്പർ ആൻഡേഴ്സെൻറ രക്ഷാപ്രവർത്തനങ്ങൾക്കും മുന്നിൽ തളർന്നു.
ഹാട്രിക് ബ്രൂസ്റ്റർ
പൗളീന്യോ, അലൻ സൂസ മുതൽ ബ്രണ്ണർ വരെയുള്ള ബ്രസീലിെൻറ താരപ്പട നിരായുധരായപ്പോൾ, സാൾട്ട്ലേക്കിൽ റിയാൻ ബ്രൂസ്റ്റർ എന്ന ലിവർപൂൾ യൂത്ത് താരം വാണു. ടൂർണമെൻറിെൻറ പാതിവഴിയിൽ ജാഡൻ സാഞ്ചോയെ ബൊറൂസിയ ഡോർട്മുണ്ട് തിരികെവിളിച്ചപ്പോൾ പകരമാരുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമായി ക്വാർട്ടർ ഫൈനലിൽ അവതരിച്ച ബ്രൂസ്റ്റർ അതേ മികവുമായി ബ്രസീലിനെയും കണ്ണീർ കടലിലാഴ്ത്തി. തുടർച്ചയായി രണ്ടാം മത്സരത്തിലും ഹാട്രിക്. അഞ്ച് കളിയിൽ ഏഴ് ഗോളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുമായി.
കളിയുടെ 10, 39, 77 മിനിറ്റുകളിലായിരുന്നു ബ്രൂസ്റ്ററുടെ ബൂട്ടുകൾ ബ്രസീലിെൻറ നെഞ്ചു പിളർത്തിയത്. തുടക്കത്തിൽ വീണ ഗോളിന് പത്ത് മിനിറ്റ് കഴിയുംമുേമ്പ വെസ്ലി ഡേവിഡിലൂടെ ബ്രസീൽ തിരിച്ചടി നൽകിയെങ്കിലും ആദ്യ പകുതി പിരിയുംമുേമ്പ ഇംഗ്ലീഷുകാർ ലീഡ് പിടിച്ചിരുന്നു. രണ്ടാം പകുതിയിൽ തിരക്കഥ പൂർത്തിയാക്കുകയും ചെയ്തു.
പ്രതിരോധം, പ്രത്യാക്രമണം
ജർമനിയെ വീഴ്ത്തിയ ക്വാർട്ടറിൽ നിന്നും ഒരു മാറ്റം മാത്രമേ കാർലോസ് അമാഡിയോ ബ്രസീൽ നിരയിൽ വരുത്തിയുള്ളൂ. സൂപ്പർ സബ്സ്റ്റിറ്റ്യൂട്ടായെത്തി ഗോളടിച്ച് ടീമിനെ ഉണർത്തിയ വീവേഴ്സൻ പ്ലെയിങ് ഇവലനിൽ ഇടംപിടിച്ചു. അതേസമയം, അമേരിക്കയെ (4-1) തകർത്ത അതേ ടീമിനെ അണിനിരത്താനായിരുന്നു ഇംഗ്ലണ്ട് കോച്ച് സ്റ്റീവ് കൂപ്പറിെൻറ തീരുമാനം. എന്നാൽ, ബ്രസീൽ ഗെയിംപ്ലാനിെൻറ നെട്ടല്ലൊടിച്ച് അവർ ടീമിനെ വിന്യസിച്ചത് വഴിത്തിരിവായി. ഒപ്പം മഞ്ഞപ്പടയുടെ പ്രതിരോധം ഇതാദ്യമായി ഇടതടവില്ലാതെ പരീക്ഷിക്കപ്പെടുകയും ചെയ്തു. അവരുടെ ബുദ്ധികേന്ദ്രമായ അലൻ സുസയുടെ ബൂട്ടിന് കത്രിക പൂട്ടിട്ട കൂപ്പറിെൻറ തന്ത്രം വിജയം കാണുകയായിരുന്നു. ഇതോടെ, മുന്നേറ്റത്തിൽ ലിങ്കണും ബ്രണ്ണറിനും പന്ത് ലഭിക്കാതായി. ലഭിച്ചപ്പോഴാവെട്ട ജൊനാഥൻ പാൻസോയും മാർക് ഗ്യൂഹിയും വൻമതിൽ തീർത്തു. ഗോൾ പോസ്റ്റിനു കീഴെ പെനാൽറ്റി ഹീറോ ആൻഡേഴ്സനും മിന്നുന്ന ഫോമിലായിരുന്നു. പൗളീന്യോയുടെ അരഡസൻ ഷോട്ടുകളെങ്കിലും ആൻഡേഴ്സനിൽ തട്ടിയകന്നു.
അതേസമയം, മധ്യനിരയിൽ ഫിൽ ഫോഡനെ കേന്ദ്രീകരിച്ചായിരുന്നു ഇംഗ്ലണ്ടിെൻറ മുന്നേറ്റങ്ങൾ. വിങ്ങിലൂടെ അവസരങ്ങൾ സൃഷ്ടിച്ച് ഫോഡൻ നൽകിയ പാസുകളിലായിരുന്നു മൂന്നുവട്ടവും ബ്രൂസ്റ്റർ വല ചലിപ്പിച്ചത്. ഇതിൽ രണ്ട് ഗോളും ബ്രസീൽ ഗോളി ഗബ്രിയേൽ ബ്രസാവോയുടെയും പ്രതിരോധക്കാരുടെയും മണ്ടത്തരങ്ങളിൽ നിന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.