ഇന്ത്യക്കുവേണ്ടി ആരാണ് കൈയടിക്കുക?
text_fieldsകൊച്ചി: ഫിഫ ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നത് ഫുട്ബാൾ ചരിത്രത്തിൽ ആദ്യം. കൗമാര ലോകകപ്പിെൻറ രൂപത്തിൽ എത്തിയ കായിക മാമാങ്കത്തിൽ ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യൻ ചുണക്കുട്ടികൾ ബൂട്ടണിയുമ്പോൾ അഭിമാനവും സന്തോഷവും ഇരട്ടിക്കുന്നു. എന്നാൽ, ലോക ഫുട്ബാളിലെ അതികായന്മാർക്കായി കാത്തിരിക്കുന്നതിനിടെ ഇന്ത്യൻ ടീമിന് കൈയടിക്കാൻ ആളില്ല എന്നതാണ് യാഥാർഥ്യം. ഡൽഹിയിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന ദിവസം ഉൾപ്പെടെ ഡൽഹിയിലെ മത്സരങ്ങളുടെ ടിക്കറ്റുകളിൽ ചെറിയ ശതമാനം മാത്രമാണ് വിറ്റുപോയത്.
ഇന്ത്യ ഉൾപ്പെടുന്ന എ ഗ്രൂപ്പിലെ മത്സരങ്ങൾക്കാണ് ഡൽഹി വേദിയാകുന്നത്. ഉദ്ഘാടന ദിവസം രാത്രി എട്ട് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എസ്.എയാണ് എതിരാളികൾ. 55,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ഓൺലൈനിൽ ഇതുവരെ 15,000 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. 60 മുതൽ 600 വരെയുള്ള ടിക്കറ്റുകൾ ഇവിടെ ലഭ്യമാണ്. 300, 600 രൂപയുടെ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. ഇന്ത്യന്‍ ടീമിെൻറ മൊത്തംകളി കാണാനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത് വെറും 27,000 പേരാണ്. കൊളംബിയക്കെതിരായ മത്സരത്തിന് 7000 പേരും ഘാനക്കെതിരായ കളിക്ക് 5000 കാണികളുമാണ് ടിക്കറ്റിന് അപേക്ഷിച്ചത്.
ക്രിക്കറ്റ് കളി കാണാൻ ആളുകൾ തടിച്ചുകൂടുന്ന ഡൽഹിയിൽ ഫുട്ബാളിന് ആളെത്തില്ലെന്നതാണ് സത്യം. ഫുട്ബാൾ പ്രേമികൾ ഏറെയുള്ള വേദികളിൽ ഇന്ത്യക്ക് കളിയുമില്ല. ഇതോടെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആശയക്കുഴപ്പത്തിലാണ്. വിൽപന കൂട്ടാന്‍ കൗണ്ടര്‍ തുറന്നിട്ടും ആരും ടിക്കറ്റ് വാങ്ങിയില്ല. സ്റ്റേഡിയം നിറക്കാന്‍ സ്കൂള്‍, കോളജ് കാമ്പസുകളിൽ 25,000 സൗജന്യ ടിക്കറ്റ് വിതരണം ചെയ്ത് ആളെ കൂട്ടേണ്ട ഗതികേടിലാണ് ഫെഡറേഷൻ. വാഹന സൗകര്യവും ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്.
അതേസമയം, കൊച്ചിയില്‍ ടിക്കറ്റ് ഇല്ലാത്ത സ്ഥിതിയാണ്. കടുത്ത ഫുട്ബാള്‍ ആരാധകരുള്ള കേരളത്തില്‍ ബ്രസീലും സ്പെയിനും കൊറിയയും നൈജറുമാണ് കളിക്കാന്‍ വരുന്നത്. പത്തു മത്സരങ്ങള്‍ നടക്കുന്ന കൊല്‍ക്കത്തയിലാകട്ടെ ഉദ്ഘാടന മത്സരത്തിെൻറ ചുരുക്കം ടിക്കറ്റുകളേ ബാക്കിയുള്ളൂ. ഫൈനല്‍ മത്സരത്തിെൻറ എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ തീര്‍ന്നു. കൊല്‍ക്കത്തയും ഗോവയും കൊച്ചിയും ഒഴിച്ചാല്‍ ലോകകപ്പിെൻറ മറ്റു വേദികളിലും ഓണ്‍ലൈന്‍ ടിക്കറ്റ് വിൽപനക്ക് കാര്യമായ പുരോഗതിയില്ല. ഗോവ നെഹ്റു സ്റ്റേഡിയത്തിൽ എട്ട് മത്സരങ്ങളുണ്ട്. ഇവിടെയും ടിക്കറ്റുകൾ പൂർണമായി വിറ്റഴിഞ്ഞിട്ടില്ല. ടിക്കറ്റ് വിൽപന ഊർജിതപ്പെടുത്താൻ ഫിഫ കൗണ്ടറുകൾ തുറന്നിട്ടുണ്ട്.
കൗണ്ടർ വഴി ടിക്കറ്റ് വിൽപന തുടങ്ങി
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ കൗണ്ടറിലൂടെയുള്ള വിൽപനക്ക് തുടക്കമായി. എല്ലാ മത്സരവേദികളിലും കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗ്രൂപ് ഡി മത്സരങ്ങൾ നടക്കുന്ന കൊച്ചിയിൽ സ്േറ്റഡിയത്തിന് സമീപമാണ് പ്രധാന ടിക്കറ്റ് കൗണ്ടർ. ബുധനാഴ്ച മുതൽ ഇവിടെ വിൽപന ആരംഭിച്ചു. ലോകകപ്പ് സ്പോൺസർമാരായ ബാങ്ക് ഓഫ് ബറോഡയുടെ പനമ്പിള്ളി നഗർ ശാഖയിലും ടിക്കറ്റുകൾ ലഭ്യമാണ്. അവസാന മത്സരം നടക്കുന്ന 22വരെ ടിക്കറ്റുകൾ ലഭിക്കും. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് ടിക്കറ്റ് വിൽപന. ഒക്ടോബര്‍ അഞ്ചു വരെ ടിക്കറ്റ് വിലയിൽ 25 ശതമാനം ഇളവ് ലഭിക്കും. 60, 150,300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ ആറു മുതല്‍ 80, 200,400 രൂപ നിരക്കിലായിരിക്കും ടിക്കറ്റ് വില്പന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.