അണ്ടർ 17 ലോകകപ്പിന് ഇന്ന് തുടക്കം
text_fieldsന്യൂഡല്‍ഹി: കൗമാരത്തിെൻറ കളിയുത്സവത്തിന് ഇന്ന് കൊടിയേറ്റം. കളിയഴകിെൻറ വശ്യതയും വന്യതയും പുല്‍ത്തകിടികളെ തീപിടിപ്പിക്കുന്ന വിശ്വകിരീടം തേടിയുള്ള പോരാട്ടത്തില്‍ ഇതാദ്യമായി ആതിഥേയരായി ഇന്ത്യയും ചരിത്രത്തിലേക്ക് പന്തടിക്കുന്നു. ഇനി മൂന്നാഴ്ചക്കാലം കളിയാട്ട ഭൂമിയിലെ കൽപടവുകളില് കാൽപന്ത് കളിയുടെ ആവേശക്കാഴ്ചകളാണ്. ആറു ഭൂഖണ്ഡങ്ങളില്‍നിന്ന് കപ്പ് തേടിയെത്തിയ 24 ടീമുകളില്‍ മൈതാനങ്ങളെ ത്രസിപ്പിച്ച് നിര്‍ത്തുന്ന ബ്രസീലും ഫ്രാന്‍സും ജര്‍മനിയും സ്പെയിനും ഇംഗ്ലണ്ടും മെക്സികോയും അമേരിക്കയും ഘാനയുമൊക്കെയുണ്ട്.
ന്യൂഡൽഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് കരുത്തരായ അമേരിക്കയോടാണ് ആതിഥേയരുടെ ആദ്യ പോര്. ഗ്രൂപ് എ.യിലെ ഉദ്ഘാടനമത്സരത്തില്‍ കൊളംബിയ വൈകുന്നേരം അഞ്ചിന് ഘാനയെ നേരിടും. ഇതേ നേരത്ത് നവി മുംബൈയില്‍ തുര്‍ക്കി ന്യൂസിലൻഡിനെ നേരിടും. രാത്രി എട്ടിനാണ് മാലി-പരാഗ്വെ മത്സരം. ആറു പോരിടങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളില്‍ ഒക്ടോബര്‍ 28ന് കൊൽക്കത്തയിലാണ് കലാശക്കളി. ബ്രസീലിനും സ്പെയിനിനും പ്രാഥമിക റൗണ്ടില്‍ വേദിയൊരുക്കുന്നത് കളിയെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ മലയാളക്കരയിലെ കൊച്ചിയിലാണ്. ഗുവാഹതിയും ഗോവയുമാണ് മറ്റു രണ്ടു വേദികൾ.
പുതിയ നൂറ്റാണ്ടില്‍ ജനിച്ചവരുടെ ഈ ലോകകപ്പിന് പതിനേഴഴകാണ്. പതിനേഴുകാരുടെ പതിനേഴാം പോരാട്ടം. നിലവിലെ ചാമ്പ്യന്മാരും അഞ്ചു തവണ കപ്പ് ജയിച്ചവരുമായ നൈജീരിയയുടെയും സാക്ഷാല്‍ മറഡോണയുടെയും മെസ്സിയുടെയും നാട്ടുകാരായ അര്‍ജൻറീനയുടെയും അഭാവം ഈ ലോകകപ്പിെൻറ നഷ്ടമാണ്. ബ്രസീല്പടയില് ഇന്ത്യ കാത്തിരുന്ന വിനീഷ്യസിെൻറ പിന്മാറ്റവും കാണികളില്‍ സങ്കടം തീര്‍ക്കുന്നു. എന്നാല്‍, കളിക്കളം വാണരുളാന്‍ ഇത്തിരിപ്പോന്ന ഒത്തിരി താരങ്ങളുണ്ട് ഓരോ നിരയിലും. പ്രഗത്ഭരായ മുന്‍ഗാമികളുടെ പിന്മുറക്കാരായി അവര്‍ ഗോളടിച്ചും ഗോള്‍വല കാത്തും പ്രതിരോധം തീര്‍ത്തും ഇവിടെ ഉദിച്ചുയരും, നാളെയുടെ താരങ്ങളായി.
പ്രാഥമിക റൗണ്ടില്‍ ഓരോ ഗ്രൂപിലും മുന്നിലെത്തുന്ന രണ്ട് ടീമുകളും മികച്ച മൂന്നാം സ്ഥാനക്കാരായ നാലു ടീമുകളും പ്രിക്വാര്‍ട്ടറില്‍ ഇടം നേടും. അമേരിക്കക്കൊപ്പം കൊളംബിയയും ഘാനയുമടങ്ങുന്ന ഗ്രൂപില്‍ ആദ്യ ഘട്ട കടമ്പ ഇന്ത്യക്ക് തുലോം വിരളമാണ്. ഒരു സമനില പോലും സ്വപ്നം കാണാനില്ലാത്ത ആതിഥേയര്‍ക്ക് കൈയടിക്കാനെത്തുന്ന കാണികളുടെ ചങ്ക് പറിച്ചെടുക്കാനായാല് അതുതന്നെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.