ഉത്തര കൊറിയൻ പ്രതിരോധം തകർത്ത് ബ്രസീൽ (2-0)
text_fieldsകൊച്ചി: ഉത്തര കൊറിയൻ പ്രതിരോധത്തെ കളിമികവ് കൊണ്ട് മറികടന്ന് ബ്രസീൽ. രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ കൊറിയയെ കീഴ്പ്പെടുത്തിയത്. ഗോൾ മാറിനിന്ന ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിൽ ലിങ്കണും പൗളിഞ്ഞ്യോയുമാണ് ബ്രസീലിനായി ഗോൾ നേടിയത്.
ആദ്യ മത്സരത്തിൽ സ്പെയിനെതിരെ നേടിയ മികച്ച വിജയത്തിെൻറ ആത്മവിശ്വാസവുമായാണ് ബ്രസീൽ രണ്ടാം മത്സരത്തിെനത്തിയത്. അതേസമയം നിർണായക മത്സരത്തിൽ ജയം തേടിയാണ് കൊറിയ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽനിന്ന് മാറ്റങ്ങളൊന്നുമില്ലാതെ ഇറങ്ങിയ ഇരു ടീമുകളും പ്രതിരോധം ശക്തിപ്പെടുത്തിയാണ് കളിക്കാരെ വിന്യസിച്ചത്. 4-4-2 ശൈലിയിൽ കൊറിയയും 4-1-4-1 ശൈലിയിൽ ബ്രസീലും കളി നെയ്തു. കുറിയ പാസുകളിലൂടെ കളിനെയ്ത ബ്രസീലിന് ശക്തമായ പ്രതിരോധം തീർത്താണ് ഉത്തര കൊറിയ കളി തുടങ്ങിയത്. രണ്ടാം മിനിറ്റ് മുതൽ ബ്രസീൽ ആക്രമണം അഴിച്ചുവിട്ടതോടെ ഗോൾ വഴങ്ങാതിരിക്കുക എന്ന തന്ത്രമാണ് കൊറിയ സ്വീകരിച്ചത്. ലിങ്കൺ തുടങ്ങിയ ആക്രമണത്തിൽ അലനും പൗളീഞ്ഞ്യോയും മാര്‍ക്കസ് അൻറോണിയോയും പങ്കാളിയായതോടെ ബ്രസീൽ നിരന്തരം കൊറിയയെ പരീക്ഷിച്ചു. 14 ഷോട്ടുകളിൽ അഞ്ചെണ്ണം ലക്ഷത്തിലേക്ക് പാഞ്ഞെങ്കിലും ഗോളായില്ല. ഇതിനിടെ ലഭിച്ച ചുരുക്കം അവസരങ്ങളെ മുതലാക്കാൻ കൊറിയൻ താരങ്ങൾക്കുമായില്ല. വലത് വിങ്ങിലൂടെ നടത്തിയ ചില മുന്നേറ്റങ്ങൾക്ക് ബ്രസീൽ ഗോളിയെ വെല്ലുവിളിക്കാനായില്ല. ദുർബല ഷോട്ടുകൾ ഗോളിയുടെ കൈകളിലൊതുങ്ങിയപ്പോൾ ചില നേരങ്ങളിൽ കണക്ട് ചെയ്യുന്ന പന്തുകളിൽ താരങ്ങൾ ഓഫ് സൈഡായതോടെ ഒന്നാം പകുതി ഗോൾരഹിതമായി.
നിർത്തിയയിടത്തുനിന്നാണ് ബ്രസീൽ രണ്ടാംപകുതി തുടങ്ങിയത്. ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചുകളിച്ചു. 56 മിനുറ്റിൽ മികച്ച ഹെഡ്ഡറിലൂടെ ലിങ്കൺ കൊറിയൻ വല കുലുക്കി. 61ാം മിനുറ്റിൽ ബ്രണ്ണർ തള്ളിയ പന്ത് ലക്ഷ്യത്തിലേക്ക് പായിച്ച് പൗളിഞ്ഞ്യോയും വല കുലുക്കിയതോടെ കളി ബ്രസീൽ നിയന്ത്രണത്തിലായി. പ്രത്യാക്രമണത്തിനുള്ള കൊറിയൻ തന്ത്രങ്ങൾക്ക് ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. 81-ാം മിനിറ്റില്‍ ബ്രസീല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്ത കൊറിയൻ നായകൻ യുന്‍ മിനിെൻറ ഷോട്ട് ബ്രസീലിയന്‍ പ്രതിരോധത്തെ മറികടന്നെങ്കിലും മുഴുനീളെ പറന്ന ഗോളി ഗബ്രിയേല്‍ ബ്രാസോ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം കിം പോം ഹ്യോകിന്റെ ഷോട്ടും ബ്രസീല്‍ ഗോളി കൈയിലൊതുക്കി. അവസാന നിമിഷങ്ങളിൽ ടീമുകളുടെ മുന്നേറ്റത്തിന് ഗോൾ കൊണ്ടുവരാനായില്ല. ബ്രസീലിെൻറ ഒരു ഗോൾ ഓഫ്സൈഡുമായി.
രണ്ട് കളിയിൽനിന്ന് ആറ് പോയിൻറുമായി ഗ്രൂപ്പിൽ മുന്നിലുള്ള ബ്രസീൽ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പാക്കി. അതേസമയം രണ്ട് മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്തുള്ള കൊറിയയുടെ പ്രീക്വാർട്ടർ സ്വപ്നങ്ങൾ ഏറെക്കുറെ അസ്തമിച്ചു. മറ്റു മത്സരങ്ങളുടെ ഫലം അനുസരിച്ചിരിക്കും അവരുടെ ഭാവി. 13ന് സ്പെയിനിനോടാണ് കൊറിയയുടെ അടുത്ത മത്സരം. ഗോവയിൽ നൈജറിനെതിരെയാണ് ബ്രസീലിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.