പടയൊരുക്കം ഇങ്ങനെ
text_fieldsരണ്ടുവർഷത്തെ ചിട്ടയായ പരിശീലനം, പത്തോളം വിദേശപര്യടനം, 60ഒാളം സൗഹൃദ മത്സരങ്ങൾ... ആദ്യമായി ആതിഥ്യമരുളുന്ന അണ്ടർ 17 ലോകകപ്പിന് ഇന്ത്യൻ യുവതാരങ്ങൾ അണിഞ്ഞൊരുങ്ങിയത് ഇങ്ങനെയൊക്കെയാണ്. 2013ൽ ഇന്ത്യയെ ലോകകപ്പ് വേദിയായി ഫിഫ പ്രഖ്യാപിക്കുേമ്പാൾ രാജ്യത്തിന് മുന്നിലുണ്ടായിരുന്നത് രണ്ട് വെല്ലുവിളികളായിരുന്നു. ഒന്ന്, ലോകോത്തര ടീമുകളോട് കിടപിടിക്കുന്ന ടീമിനെ ഒരുക്കുക. രണ്ട്, ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങൾ തയാറാക്കുക. വൈകിയാണെങ്കിലും ഇന്ത്യ 2015ഒാടെ ഒരുക്കങ്ങൾ സജീവമാക്കി. ടീമിനെ ഒരുക്കാനുള്ള ചുമതല ജർമൻ പരിശീലകൻ നിക്കോളായ് ആദമിനെ ഏൽപിച്ചായിരുന്നു തുടക്കം. വിവിധ സംസ്ഥാനത്തുനിന്ന് കണ്ടെത്തിയ 54 താരങ്ങളിൽ നിന്ന് 20 പേരെ തെരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹത്തിെൻറ ആദ്യ ലക്ഷ്യം. അതിനുശേഷം താരങ്ങളുമായി അദ്ദേഹം ജർമനിയിലേക്ക് പറന്നു. കഴിഞ്ഞവർഷം ടീം അംഗങ്ങളുടെ എണ്ണം 36 ആയി ഉയർത്തി. ഇവരെയെല്ലാം തെരഞ്ഞെടുത്തത് ആദമായിരുന്നു. പതിനായിരത്തോളം താരങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവർക്ക് ദുബൈയിൽ മത്സരത്തിനും പരിശീലനത്തിനും അദ്ദേഹം അവസരെമാരുക്കി. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ടീമിെൻറ പരിശീലനം. എന്നാൽ, ഏഴ് മാസം മുമ്പ് താരങ്ങളുടെ പരാതിയെതുടർന്ന് അദ്ദേഹത്തെ മാറ്റി. മോശമായി പെരുമാറുന്നു എന്നായിരുന്നു പരാതി.
ഇൗ വർഷം തുടക്കത്തിലാണ് പുതിയ പരിശീലകനായി ലൂയിസ് നോർടൺ ഡി മാറ്റോസ് എന്ന പോർചുഗീസുകാരൻ ചുമതലയേൽക്കുന്നത്. മാറ്റോസിെൻറ കീഴിൽ മിനർവാ അക്കാദമി ടീമിനെ നേരിടാനിറങ്ങിയ ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. ഇതിനിടെ സ്പെയിൻ, ദക്ഷിണാഫ്രിക്ക, ലക്സംബർഗ്, ഫ്രാൻസ്, നോർവേ, ഇറ്റലി, ഹംഗറി, ബ്രസീൽ, പോർചുഗൽ, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്ത്യൻ ടീം വണ്ടികയറി. ഇവിടങ്ങളിലെ ദേശീയടീമുകൾക്കെതിരെയും ക്ലബുകൾക്കെതിരെയും 60ഒാളം സൗഹൃദമത്സരങ്ങൾ കളിച്ചു. ജയവും തോൽവിയും സമനിലയുമെല്ലാം സമ്മിശ്രമായ പര്യടനമായിരുന്നു ഇന്ത്യയുടേത്. ഇറ്റലിയിലെ അണ്ടർ 17 ദേശീയടീമിനെ തോൽപിെച്ചന്നും ഇന്ത്യൻ ടീം അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇറ്റലിയിലെ ക്ലബിനെതിരായാണ് ഇന്ത്യ വിജയിച്ചതെന്ന് അവരും വ്യക്തമാക്കി. കഴിഞ്ഞവർഷം നടന്ന ബ്രിക്സ് കപ്പിലെ നാല് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. റഷ്യ, ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക ടീമുകേളാടായിരുന്നു തോൽവി. ജനുവരിയിൽ റഷ്യയിലെത്തിയ ഇന്ത്യൻ ടീം ആറ് മത്സരങ്ങൾ കളിച്ചെങ്കിലും അഞ്ചിലും തോറ്റു. റഷ്യ എതിരില്ലാത്ത എട്ട് ഗോളിനാണ് ഇന്ത്യയെ തകർത്തത്. എന്നാൽ, ബെലറൂസിനെതിരെ ഒരു ഗോളിന് ജയിച്ചത് ഇന്ത്യക്ക് ആശ്വാസമായി. ഹംഗറിയിലെത്തിയ ഇന്ത്യ രണ്ട് കളിയിലും ഗോളടിച്ചില്ലെങ്കിലും സമനില പിടിച്ചു. അടുത്തപര്യടനം മെക്സിേകായിലേക്കായിരുന്നു. കൊളംബിയയോടും മെക്സിേകായോടും തോറ്റെങ്കിലും ശക്തരായ ചിലിയെ 1-1ന് സമനിലയിൽ തളക്കാനായത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോവയിൽ െമാറീഷ്യസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചത് ശുഭസൂചന നൽകുന്നു.
എന്നാൽ, അവസാനമായി ഇന്ത്യ കളിച്ച 31 പ്രധാന മത്സരങ്ങളിൽ അഞ്ച് ജയം മാത്രമാണ് നേടാനായത്. ഇത്രയൊക്കെ പരിശീലനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ടീമിെൻറ കാര്യത്തിൽ പരിശീലകർക്കുപോലും പൂർണ ആത്മവിശ്വാസമില്ലെന്നതാണ് സത്യം. കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെടുകയാണ് ലക്ഷ്യമെന്ന് ഇവർ വ്യക്തമാക്കിക്കഴിഞ്ഞു. ഗ്രൂപ് എയിലെ ശക്തരായ അമേരിക്ക, കൊളംബിയ, ഘാന ടീമുകൾക്കെതിരെ സമനിലയെങ്കിലും പിടിച്ചാൽ ഇന്ത്യൻ യുവടീമിെൻറ ഇതുവരെയുള്ള പരിശ്രമങ്ങൾ വിജയിച്ചുവെന്ന് പറയാം.
ഇന്ത്യയിൽ ‘ക്രസവ’ ഉരുളും
ന്യൂഡൽഹി: കൗമാര ലോകകപ്പിന് ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി. കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ പുറത്തിറക്കിയ ‘ക്രസവ’ എന്ന പന്തായിരിക്കും ഇന്ത്യൻ മൈതാനങ്ങളിലും ഉരുളുക. അഡിഡാസാണ് പന്തിെൻറ നിർമാതാക്കൾ. കായിക ലോകത്തെ മികച്ച പ്രകടനങ്ങളെ റഷ്യൻ ആരാധകർ വിശേഷിപ്പിക്കുന്ന പേരാണ് ക്രസവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.