ഗോളടിച്ച് ലോകറെക്കോഡ് കുറിക്കാൻ കൊച്ചി
text_fieldsകൊച്ചി: ദശലക്ഷം ഗോളുകൾ പദ്ധതിയിലൂടെ ലോക റെക്കോഡ് സ്ഥാപിച്ച് ഫിഫ അണ്ടർ 17 ലോകകപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പേകാൻ സംഘാടക സമിതി തീരുമാനം. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസെൻറ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാനമാകെ വിവിധ കേന്ദ്രങ്ങളിൽ ഗോൾപോസ്റ്റുകൾ സ്ഥാപിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
ജില്ലകളിലെ ഭരണ നേതൃത്വം, നഗരസഭ, പഞ്ചായത്ത്, കായിക സംഘടനകൾ, രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാവും ഇത് നടത്തുക. ഇതുവരെയുള്ള റെക്കോഡുകൾ ഭേദിക്കലാണ് ലക്ഷ്യം. 17.77 കോടി ചെലവിട്ട് നഗര സൗന്ദര്യവത്കരണ പരിപാടികൾ നടന്നുവരുകയാണ്. ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പിനായി ആദ്യ ഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി 25 കോടി നൽകിയിരുന്നു. തുടർന്ന് ഗ്രൗണ്ടുകളുടെ പുനരുദ്ധാരണത്തിന് വീണ്ടും 25 കോടി അനുവദിച്ചു. ഇതിന് പുറമെയാണ് സംസ്ഥാന സർക്കാർ 17.77 കോടി അനുവദിച്ചിരിക്കുന്നത്. ആകെ ബജറ്റായ 70 കോടി രൂപയിൽ 50 കോടിയിലധികവും അനുവദിച്ചിരിക്കുന്നത് കേരള സർക്കാറാണെന്ന് നോഡൽ ഓഫിസർ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
മത്സരങ്ങൾക്ക് മുന്നോടിയായി വിവിധ പ്രചാരണ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. സെപ്റ്റംബർ 22,23,24 തീയതികളിൽ കൊച്ചിയിൽ വിവിധ പരിപാടികൾ നടത്തും. 22ന് ലോകകപ്പ് ട്രോഫി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കും. 23,24 തീയതികളിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ട്രോഫിയുമായി പര്യടനം നടത്തും. മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ലോഗോ പ്രകാശനം നടത്തും. ഓണക്കാലത്ത് ലോകകപ്പിെൻറ ഭാഗ്യമുദ്രയായ ‘കേലിയോ’ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കും. കൊച്ചിയിലേക്ക് ദീപശിഖാ പ്രയാണവും നടത്തും. ഇതോടൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് സെലിബ്രിറ്റി ഫുട്ബാൾ മത്സരവും സംഘടിപ്പിക്കും. യോഗത്തിൽ വിവിധ സബ് കമ്മിറ്റികളെ െതരഞ്ഞെടുത്തു. ജില്ല കലക്ടർ മുഹമ്മദ് സഫിറുല്ല, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, കെ.എഫ്.എ പ്രസിഡൻറ് കെ.എം.എ മേത്തർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.