ആരവങ്ങൾക്കിടയിലെ ചെറു വേദനകൾ
text_fieldsഅണ്ടർ 17 ലോകകപ്പ് ആവേശത്തിനിടയിൽ വേദനയായി ആരാധകരുടെ ഇഷ്ട ടീമുകളുടെ അസാന്നിധ്യം
ബ്രസീൽ, സ്പെയിൻ, ജർമനി, ചിലി, കൊളംബിയ... കാൽപന്തുകളിയിലെ സ്വപ്നസംഘങ്ങളെല്ലാം ഇന്ത്യൻ മണ്ണ് വിരുന്നൊരുക്കുന്ന കൗമാര ലോകകപ്പിൽ പന്തുതട്ടാനെത്തുന്നു. ചാമ്പ്യൻടീമുകളുടെ നിറസാന്നിധ്യത്തിലും ആരാധകർക്ക് നിരാശയായി ഏതാനും ചിലരുടെ അസാന്നിധ്യമുണ്ട്. േലാകമെങ്ങും ആരാധകർ പിന്തുടരുന്ന ഇഷ്ട ടീമുകൾ. കൊച്ചിയുൾപ്പെടെ ആറ് ഇന്ത്യൻ വേദികളിൽ കളി ഉണരുേമ്പാൾ അർജൻറീന, ഉറുഗ്വായ്, നൈജീരിയ, ഇറ്റലി, ആസ്ട്രേലിയ തുടങ്ങിയ വമ്പന്മാരുടെ അസാന്നിധ്യമാവും ശ്രദ്ധേയമാവുന്നത്.
മങ്ങിപ്പോയ ഗോൾഡൻ ഇൗഗ്ൾസ്
കൗമാര ലോകകപ്പിലെ ബ്രസീലാണ് ആഫ്രിക്കൻ പവർഹൗസായ നൈജീരിയ. അഞ്ചു തവണ അണ്ടർ17 ഫിഫ കിരീടമണിഞ്ഞവർക്ക് ഇക്കുറി ആഫ്രിക്കൻ യോഗ്യതാറൗണ്ടായ നേഷൻസ് കപ്പിലേക്കുപോലും ഇടംപിടിക്കാനായില്ല. 2007, 2013 ലോകകപ്പുകളിൽ കിരീടമണിഞ്ഞവർ ഇക്കുറി ഹാട്രിക് മോഹിച്ചിറങ്ങിയപ്പോഴാണ് ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതയിൽ ഇടറിവീണത്. രണ്ടാം റൗണ്ടിൽ അയൽക്കാർകൂടിയായ നൈജറായിരുന്നു ഗോൾഡൻ ഇൗഗ്ൾസ് എന്ന വിളിപ്പേരുകാരായ നൈജീരിയയുടെ വഴിമുടക്കിയത്. ആദ്യ പാദത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഇൗഗ്ൾസ് 1-0ത്തിന് ജയിച്ചെങ്കിലും എവേമാച്ചിൽ നൈജർ തിരിച്ചടിച്ചു. 3-1െൻറ തകർപ്പൻജയത്തിലൂടെ അവർ ആഫ്രിക്കെയ ഞെട്ടിച്ച അട്ടിമറിയിലൂടെ ഗോൾഡൻ ഇൗഗ്ൾസിെൻറ ഹാട്രിക് സ്വപ്നം തകർത്തു. ജോൺ ഒബി മൈകൽ, ഫിലിപ് ഒസോൻഡു, മുഹമ്മദ് അലിയ, ന്വാൻകോ കാനു, കെലീചി ഇഹനാചോ തുടങ്ങി പ്രമുഖ താരങ്ങളെ കൗമാര ലോകകപ്പിലൂടെ സംഭാവനചെയ്ത നൈജീരിയയുടെ നഷ്ടം ഇൗ ലോക പോരാട്ടത്തിെൻറ മനോഹാരിതയും കുറക്കും.
അർജൻറീന എന്ന നിരാശ
ബ്രസീലുണ്ടെങ്കിൽ അർജൻറീനയും വേണം. അതാണ് ലോകകപ്പിെൻറ സൗന്ദര്യം. പക്ഷേ, ഇന്ത്യൻ മണ്ണിന് ഇൗ സൗന്ദര്യം നുകരാൻ ഭാഗ്യമില്ലാതെ പോയത് ആരാധകരുടെ നഷ്ടം. അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഒരിക്കൽപോലും കിരീടമണിഞ്ഞിട്ടില്ലെങ്കിലും അർജൻറീന പതിവ് പങ്കാളിയായിരുന്നു. എന്നാൽ, യോഗ്യതാമത്സരമായ തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് റൗണ്ടിൽ പരാജയപ്പെട്ട് മെസ്സിയുടെയും മറഡോണയുടെയും പിന്മുറക്കാരുടെ ലോകകപ്പ് മോഹം പൊലിഞ്ഞു. മൂന്നു വട്ടം മൂന്നാം സ്ഥാനക്കാരായതാണ് അർജൻറീനയുടെ മികച്ച പ്രകടനം. രണ്ടു വട്ടം നാലാമതുമായി. 2005നുശേഷം ആദ്യമായാണ് അർജൻറീനക്ക് അണ്ടർ17 ലോകകപ്പ് ബർത്ത് നഷ്ടമാവുന്നത്്.
സോക്കറൂസില്ലാത്ത ലോകകപ്പ്
കൗമാര ലോകകപ്പിലെ സ്ഥിരതയാർന്ന ഫോമുള്ള ടീമാണ് ആസ്ട്രേലിയ. 16ൽ 12 തവണയും അണ്ടർ17 ലോകകപ്പിൽ അവരുണ്ടായിരുന്നു. നിത്യസാന്നിധ്യംകൊണ്ട് അമേരിക്കക്കും ബ്രസീലിനും പിന്നിൽ മൂന്നാമതായ സോക്കറൂസ്. നാലു വർഷത്തിനിടെ രണ്ടാം വട്ടമാണ് ഒാസീസ് ലോകകപ്പിന് യോഗ്യത നേടാതെ പോവുന്നത്.
ഇക്കുറി ഏഷ്യൻ യോഗ്യതാറൗണ്ടിൽ ഒരു ജയം പോലുമില്ലാതെ അവർ ഗ്രൂപ് റൗണ്ടിൽ കീഴടങ്ങി. ഏറെ തവണ കളിച്ചെങ്കിലും 1999ൽ റണ്ണർഅപ്പായതൊഴിച്ചാൽ ഒാർമയിൽ തിളങ്ങുന്ന പ്രകടനമൊന്നുമില്ലായിരുന്നു.
ഉറുഗ്വായ്
തുടർച്ചയായി രണ്ടാം തവണയാണ് ഉറുഗ്വായ് കൗമാര ലോകകപ്പിന് പുറത്താവുന്നത്. 2011ലെ റണ്ണർ അപ്പുകൾ 16ൽ ആറു തവണ മാത്രമേ അണ്ടർ 17 ലോകകപ്പിൽ കളിച്ചിട്ടുള്ളൂ. ഗ്രൂപ് റൗണ്ടിൽതന്നെ പുറത്താകാനായിരുന്നു വിധി.
ഇറ്റലി
തുടർച്ചയായി രണ്ടാം വട്ടവും അസൂറിപ്പടയില്ലാത്ത കൗമാര ലോകകപ്പ്. 2007, 2011 ചാമ്പ്യൻഷിപ്പിലും പുറത്തിരുന്ന ഇറ്റലി 2013ൽ പ്രീക്വാർട്ടർ വരെ എത്തിയിരുന്നു. സീനിയർ ടീം ലോകകപ്പിൽ പലവട്ടം മുത്തമിട്ടപ്പോൾ കൗമാരപ്പടയുടെ മികച്ച പ്രകടനം 1987ലെ നാലാം സ്ഥാനത്തിൽ അവസാനിച്ചു. യൂറോപ്യൻ യോഗ്യതാറൗണ്ടിൽ സ്പെയിനിനും തുർക്കിക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു ഇറ്റലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.