കൗമാര ലോകകപ്പ് ഫൈനലിൽ നാളെ ഇംഗ്ലണ്ട്-സ്പെയിൻ പോരാട്ടം
text_fieldsകൊൽക്കത്ത: സാൾട്ട്ലേക്കിലെ യുവഭാരതി ക്രിരംഗൻ കോംപ്ലക്സിലെ മുഖ്യപാത ഒരു കൂട്ടം യുവാക്കൾ കൈയടക്കിയിരിക്കുന്നു. പാത്രങ്ങളിൽ നിറച്ച വിവിധ വർണക്കൂട്ടുകൾ ചേർത്ത് കളിയുടെ കലാശപ്പോരിലേക്ക് വലിയ ആഘോഷമൊരുക്കുകയാണവർ. പന്തുകൊണ്ട് പൂക്കളം തീർക്കുന്ന ബംഗാളിെൻറ പാരമ്പര്യത്തിലേക്ക് കണ്ണിനിമ്പമേറിയ ചിത്രങ്ങളുടെ വലിയൊരു നിരതന്നെ കളിക്കമ്പക്കാരെ സ്വീകരിക്കാൻ കോപ്പുകൂട്ടുകയാണ് പെൺകുട്ടികളടക്കമുള്ള ഇൗ കലാവിദ്യാർഥികൾ. കൊൽക്കത്ത ഗവ. ആർട്ട് കോളജിലേതുൾപ്പെടെ 88 വിദ്യാർഥികൾ ചേർന്നാണ് പ്രധാന കവാടം മുതൽ സ്റ്റേഡിയം വരെയുള്ള പാത വൈവിധ്യമേറിയതും വർണമനോഹരവുമായ ചിത്രങ്ങൾകൊണ്ട് അലങ്കരിക്കുന്നത്. ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമായി കൊൽക്കത്ത മാറുന്ന ഇൗ ദിവസത്തെ അതിെൻറ പ്രാധാന്യമുൾക്കൊണ്ട് ആകർഷകമായി അവതരിപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ഇതിന് നേതൃത്വം നൽകുന്ന വിദ്യാർഥികളിലൊരാളായ തന്മയ് മജൂംദാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ശനിയാഴ്ച സ്പെയിനും ഇംഗ്ലണ്ടും കൗമാര ലോകകപ്പ് കിരീടം തേടി അന്തിമ അങ്കത്തിറങ്ങുമ്പോൾ അതൊരു ഉത്സവമാക്കി മാറ്റാനുറച്ചുതന്നെയാണ് കൊൽക്കത്ത ഒരുങ്ങുന്നത്. വിശ്വ ബംഗ്ലാ എന്ന വിശേഷണവുമായി കൗമാര ലോകകപ്പിനെ ആവേശപൂർവം കൊണ്ടാടുകയാണ് വംഗനാട്. ആേഘാഷത്തലേന്നത്തെ ഒരുക്കങ്ങളും ഉണർവുമൊക്കെയുണ്ട് സാൾട്ട്ലേക്കിന്. മത്സരത്തലേന്ന് പൊലീസുകാരുടെ ഗൗരവം മാത്രം നിറയുന്ന കൊച്ചിയിലെ സംഘാടകരൊക്കെ കണ്ടുപഠിക്കേണ്ട ആവേശം. ലോകകപ്പിനായി അടിമുടി വൃത്തിയിലും വെടിപ്പിലും ഒരുങ്ങിക്കഴിഞ്ഞ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബാൾ സ്റ്റേഡിയവും പരിസരവും പെരുന്നാൾരാവുപോലെ ബഹളത്തിലും നിറങ്ങളിലുമൊക്കെ മുങ്ങിനിൽക്കുകയാണ്. വിവിധ നിറങ്ങളിലുള്ള ദീപങ്ങളാൽ അലംകൃതമാണ് സ്റ്റേഡിയ പരിസരം.
ആദ്യമായി നഗരത്തിലെത്തിയ സ്പാനിഷ് ടീമിെൻറ ചലനങ്ങൾ സസൂക്ഷ്മം വീക്ഷിക്കാൻ കൊൽക്കത്തയിലെ മാധ്യമപ്പട ഇരുട്ടിയിട്ടും സ്റ്റേഡിയത്തിൽ കാത്തുനിന്നിരുന്നു. സ്റ്റേഡിയേത്താടു ചേർന്ന പരിശീലനമൈതാനത്ത് സ്പെയിൻ കലാശപ്പോരിനുള്ള ഒരുക്കങ്ങൾക്കായി ബൂട്ടണിഞ്ഞെത്തിയത് രാത്രി ഏഴരയോടെ. മുംബൈയിൽ സെമിഫൈനൽ കഴിഞ്ഞ് വ്യാഴാഴ്ച നഗരത്തിലെത്തിയ സ്പെയിൻ നിശ്ചയിച്ചതിലും ഒന്നര മണിക്കൂറോളം വൈകിയാണ് പരിശീലനത്തിനിറങ്ങിയത്.
നഗരം കലാശപ്പോരിെൻറ ലഹരിയിലമർന്നുകഴിഞ്ഞു. ഗുവാഹതിയിൽ കളി നടക്കാതെ പോയതോടെ നിനച്ചിരിക്കാതെ ബ്രസീൽ-ഇംഗ്ലണ്ട് സെമിഫൈനലിന് വേദിയൊരുക്കാൻ കഴിഞ്ഞതും കൊൽക്കത്തയിൽ ലോകകപ്പ് ജ്വരം മൂർധന്യത്തിലെത്താൻ സഹായകമായി. ശനിയാഴ്ച നിറഗാലറിക്കു മുമ്പാകെ ഫൈനലിനൊപ്പം ബ്രസീലും മാലിയും മാറ്റുരക്കുന്ന ലൂസേഴ്സ് ഫൈനൽ മത്സരവും അരങ്ങേറുമെന്നത് നഗരത്തിന് ഇരട്ടി മധുരമാകും. ഫിഫ പ്രസിഡൻറ് ജിയോവാനി ഇന്ഫൻറീനോ വ്യാഴാഴ്ച കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. ഫിഫയുടെ എക്സിക്യൂട്ടിവ് യോഗം വെള്ളിയാഴ്ച നഗരത്തിൽ ചേരും.
ഫൈനലിന് സ്റ്റേഡിയത്തിലെത്തുന്ന കളിക്കമ്പക്കാരെ വരവേല്ക്കാന് മോഹന് ബഗാൻ, ഇൗസ്റ്റ് ബംഗാൾ അടക്കമുള്ള ക്ലബുകളും വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. സാള്ട്ട്ലേക്ക് സ്റ്റേഡിയത്തിന് മുന്നില് പ്രത്യേക കൗണ്ടറുകള് ഇതിനായി ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.