മരണഗ്രൂപ്പിലെ നാലു ടീമുകളും കൊച്ചിയിലെത്തി
text_fieldsകൊച്ചി: ചോരത്തിളപ്പിെൻറ ചുറുചുറുക്കുമായി നാലു പോർസംഘങ്ങളും കൊച്ചിയുടെ മണ്ണിൽ വിമാനമിറങ്ങി. അണ്ടർ 17 ലോകകപ്പ് ഫുട്ബാളിെൻറ കളിയരങ്ങിൽ കൊച്ചിയെ ത്രസിപ്പിക്കാൻ മരണഗ്രൂപ്പായ ‘ഡി’യിൽ ബൂട്ടുകെട്ടുന്ന സ്പെയിൻ, ബ്രസീൽ, ഉത്തര കൊറിയ, നൈജർ ടീമുകളാണ് ചൊവ്വാഴ്ച മലയാളമണ്ണിൽ പറന്നിറങ്ങിയത്. ലോകഫുട്ബാളിലെ മുൻനിര ടീമുകളുടെ ഇളമുറസംഘങ്ങൾ എത്തിയതോടെ കൗമാര വിശ്വമേളയുടെ ആവേശം ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കരുത്തരായ ബ്രസീലും സ്പെയിനും നേരങ്കം കുറിക്കുന്നതോടെ കൊച്ചിയിലെ ആവേശപ്പോരാട്ടങ്ങളിലേക്ക് കിക്കോഫ് വിസിൽ മുഴങ്ങും.
കച്ചമുറുക്കി കൊച്ചിയിൽ
പുലർച്ചെ 3.15ന് സ്പെയിൻ ടീമാണ് ആദ്യം കൊച്ചിയിൽ വിമാനമിറങ്ങിയത്. ഉച്ചക്ക് 1.20ഒാടെ മുംബൈയിൽനിന്നുള്ള വിമാനത്തിൽ ബ്രസീൽ ടീം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി. പത്തു മിനിറ്റ് കൊണ്ടുതന്നെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ആഭ്യന്തര ടെര്മിനലിലൂടെ പുറത്തേക്ക്. പച്ചവരയുള്ള കറുത്ത ഷോർട്സും നീലക്കുപ്പായവും ധരിച്ച പെലെയുടെ പിൻമുറക്കാർ ആവേശപൂർവമാണ് വിമാനത്താവളത്തിനു പുറത്തെത്തിയത്. കാത്തിരുന്ന ആരാധകർക്കുനേരെ ൈകവീശിക്കാണിച്ച് മഞ്ഞപ്പട ബസിലേക്ക് കയറി. ബ്രസീലിെൻറ മഞ്ഞ ജഴ്സിയണിഞ്ഞ ചില ആരാധകർ ബസിനു ചുറ്റും നടന്ന് ടീമംഗങ്ങളെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. ബസിൽനിന്ന് കളിക്കാർ സ്നേഹത്തോടെ പ്രത്യഭിവാദ്യം ചെയ്തു. തുടർന്ന് ടീം, കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക്.
1.41ന് വടക്കൻ െകാറിയക്കാരും കൊച്ചിയുടെ മണ്ണിലിറങ്ങി. ബെയ്ജിങ്ങിൽനിന്ന് അബൂദബിയിൽ പോയി അവിടെനിന്ന് ജെറ്റ് എയർവേയ്സിൽ കൊച്ചിയിലെത്തുകയായിരുന്നു. ക്ലിയറൻസ് കഴിഞ്ഞ് 2.30ഒാടെ ടീം വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്ന ബസിലേക്ക്. 3.30ന് ആഫ്രിക്കയിൽനിന്നുള്ള നവാഗത സംഘമായ നൈജറും കൊച്ചിയിലെത്തിയതോടെ ലോകകപ്പിൽ കലൂരിെൻറ മൈതാനത്ത് പന്തുതട്ടുന്നവരുടെ പട്ടിക പൂർണമായി.
രാജകുമാരന്മാർ മഹാരാജാസിൽ
യാത്ര കഴിഞ്ഞെത്തിയ ക്ഷീണമൊന്നും മൈതാനത്തിറങ്ങാൻ മഞ്ഞപ്പടക്ക് തടസ്സമായില്ല. വൈകീട്ട് അഞ്ചരയോടെ ബ്രസീൽ ടീം പരിശീലനത്തിനായി െമെതാനത്തെത്തി. കോച്ച് കാർലോസ് അമേഡിയൂവിെൻറ നേതൃത്വത്തിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിലായിരുന്നു പ്രാക്ടിസ്. മൈതാനെത്തത്തിയ പാടെ കോച്ചിെൻറ നേതൃത്വത്തിൽ പത്തു മിനിറ്റോളം നീളുന്ന ഗൗരവമായ ചർച്ചകൾ. തുടർന്ന് ഫിസിയോയുടെ മേൽനോട്ടത്തിൽ അൽപസമയം വ്യായാമം.
ഗ്രൗണ്ടിെൻറ മറുതലക്കൽ ഗോളിമാർക്ക് ഗോൾകീപ്പിങ് കോച്ചിെൻറ നേതൃത്വത്തിൽ പരിശീലനം തകൃതി. പിന്നാലെ ടീം രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് സ്വതഃസിദ്ധമായ പാസിങ് ഗെയിമിെൻറ പാഠങ്ങൾ. ഒേട്ടറെ ആരാധകർ ബ്രസീലിെൻറ പരിശീലനം കാണാൻ മഹാരാജാസിെൻറ ഇരുമ്പുവേലിക്കപ്പുറം കാഴ്ചക്കാരായി ഉണ്ടായിരുന്നു. തെക്കനമേരിക്കൻ ഫുട്ബാളിെൻറ ചടുലനീക്കങ്ങളിലേക്ക് പാസുകൾ കോർത്തിണക്കി ഇഴനെയ്ത ബ്രസീലിെൻറ ചുവടുകൾ കാണികൾക്ക് ഏറെ ആവേശം പകർന്നു. റയൽ മഡ്രിഡുമായി കരാറൊപ്പിട്ട പ്രതിഭാധനനായ വിനീഷ്യസ് ജൂനിയർ ഇല്ലാതെയാണ് ബ്രസീൽ കൊച്ചിയിലെത്തിയത്. താരത്തിെൻറ ക്ലബായ ഫ്ലമിങ്ങോ ഉടക്കിയതാണ് വിനീഷ്യസിെൻറ അസാന്നിധ്യത്തിന് വഴിയൊരുക്കിയത്. ഒന്നര മണിക്കൂറോളം ചിട്ടയായ പരിശീലനം നടത്തിയാണ് ടീം ഹോട്ടലിലേക്ക് മടങ്ങിയത്.
ഇൗ സമയം യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിെൻറ പടയൊരുക്കം ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലായിരുന്നു. ഗോളടി വീരൻ ആബേൽ റൂയിസിനെ കേന്ദ്രീകരിച്ചാണ് സ്പെയിനിെൻറ വിജയമോഹങ്ങൾ. പനമ്പിള്ളിനഗറിലെ മൈതാനത്ത് പരിശീലനത്തിനിറങ്ങേണ്ടിയിരുന്ന ഉത്തര കൊറിയക്കാർ ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയില്ല. നൈജറും പരിശീലനം റദ്ദാക്കി ഹോട്ടലിൽതന്നെ കഴിച്ചുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.