സമവാക്യങ്ങൾ ചിലതു മാറുന്നുണ്ട്
text_fieldsകൊച്ചി: കൗമാര ലോകകപ്പിൽ കാര്യങ്ങൾ ചിലതെങ്കിലും ഒട്ടും പ്രതീക്ഷിച്ചതു പോലെയല്ല. പകിട്ടും പാരമ്പര്യവുമുള്ള ടീമുകൾക്കെതിരെ ഫുട്ബാൾ ഭൂമികയിൽ വലിയ മേൽവിലാസമൊന്നുമില്ലാത്ത കുഞ്ഞന്മാർ ചങ്കുറപ്പോടെ നേർക്കുനേർ വെല്ലുവിളിക്കാൻ ധൈര്യംകാട്ടുന്നത് ഇന്ത്യൻ മണ്ണിലെ അണ്ടർ 17 ലോകകപ്പ് മുന്നോട്ടുവെക്കുന്ന ശുഭസൂചനകളായി മാറുന്നു. ഗ്രൂപ് പോരാട്ടങ്ങളിലെ വമ്പൻ അതിശയമായി മാറിയ ഇറാെൻറ തകർപ്പൻ കുതിപ്പു തന്നെയാണ് അതിലേറ്റവും ശ്രദ്ധേയം. ഗ്രൂപ് ‘സി’യിൽ സീനിയർ ലോകകപ്പ് ജേതാക്കളായ ജർമനിയുടെ ഇളമുറക്കാർക്കൊപ്പമായിരുന്നു ഇറാൻ. നാട്ടിലെ സാദാ ക്ലബുകൾക്ക് പന്തുതട്ടിക്കളിക്കുന്ന ഒരു പറ്റം കൗമാര താരങ്ങളെ അണിനിരത്തിയ ഇറാൻ ഗ്രൂപ്പിൽ ജർമനിക്കും മുകളിൽ വെന്നിക്കൊടി നാട്ടുമെന്ന് കരുതിയവർ തുലോം വിരളം. ഇറാനു പുറമെ കോസ്റ്ററീകയും ഗിനിയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് ജർമനി അനായാസം അവസാന 16ൽ എത്തുമെന്ന് ഉറപ്പിച്ചവരായിരുന്നു ഏറെയും. എന്നാൽ, യൂറോപ്പിലെ അതിപ്രഗല്ഭർക്കെതിരെ മൂന്നു ടീമുകളും അത്യുജ്ജ്വലമായി ചെറുത്തുനിന്നപ്പോൾ സമവാക്യങ്ങൾ മാറി.
ഗോവയിലെ ഫേട്ടാർഡ സ്റ്റേഡിയം അരങ്ങൊരുക്കിയ കൗമാര ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ജർമൻ മതിൽ പൊളിച്ചടുക്കി ഇറാൻ കരുത്തരായ എതിരാളികളുടെ വലയിലേക്ക് എയ്തുവിട്ടത് എണ്ണംപറഞ്ഞ നാലു ഗോളുകൾ. ലോക ഫുട്ബാളിെൻറ കനകസിംഹാസനത്തിൽ വാഴുന്നതിനൊപ്പം ആദ്യമായി കൗമാര ലോകകപ്പിൽ മുത്തമിട്ട് ഭാവി ഭദ്രമെന്നു തെളിയിക്കാൻ വെമ്പൽ കാട്ടിയെത്തിയ ജർമനി വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഏഷ്യൻ ഫുട്ബാളിലെ ഒരു ടീമിനു മുന്നിൽ അമ്പേ തകർന്നടിയുന്നത് ലോകം അത്രമേൽ അതിശയത്തോടെയാണ് നോക്കിക്കണ്ടത്. ബയേൺ മ്യൂണിക്കും ബയേർ ലെവർകൂസനും ഹാംബർഗും അടക്കം കേളികേട്ട ക്ലബുകളുടെ അത്യാധുനിക രീതികളിൽ കളി പഠിച്ച താരനിരയാണ് പരിമിത സൗകര്യങ്ങളിൽ പന്തുതട്ടി വളർന്ന ടീമിനോട് സമസ്ത മേഖലകളിലും അതിദയനീയമായി പിന്നാക്കം പോയത്. കോസ്റ്ററീകക്കെതിരെ അവസാനഘട്ട ഗോളിൽ 2-1ന് കഷ്ടിച്ച് കരകയറിയ ജർമനിയുടെ ദൗർബല്യങ്ങൾ മുഴുവൻ ഇറാനിയൻ കൗമാരം ലോകത്തിനു മുമ്പാകെ തുറന്നുകാട്ടുകയായിരുന്നു. യൂറോപ്പിെൻറ കളിക്കരുത്തിനെ വെല്ലാൻ മറ്റു വൻകരകളിലും പോരാളികൾ പിറവിയെടുക്കുന്നുവെന്ന് ഗ്രൂപ് ‘സി’യിലെ കളികൾ കൃത്യമായി വരച്ചുകാട്ടി.
ആദ്യ രണ്ടു കളിയും ആധികാരികമായി ജയിച്ച് ഇറാൻ അനായാസം പ്രീ ക്വാർട്ടർ ഉറപ്പിക്കുന്ന നേരത്ത് ജർമനിയുടെ മുന്നോട്ടുള്ള പ്രയാണം ത്രിശങ്കുവിലായിരുന്നു. ആ അങ്കലാപ്പുമായാണ് അവർ ഗോവയിൽനിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയത്. ആഫ്രിക്കൻ ടീമായ ഗിനിക്കെതിരെ ബൂട്ടുകെട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ജർമനിയെ തുണക്കുമായിരുന്നില്ല. എന്നാൽ, കളത്തിൽ ജർമൻ ഗോൾമുഖത്തെ നിരന്തരം വിറകൊള്ളിച്ച ഗിനിയാണ് കൊച്ചിയുടെ കൈയടി നേടിയത്. മത്സരം 3-1ന് ജർമനി ജയിച്ചെങ്കിലും അതൊരിക്കലും കളിയിലെ മേധാവിത്വത്തെ സൂചിപ്പിക്കുന്നതായിരുന്നില്ല. ഒരു പെനാൽറ്റി കിക്ക് ഉൾപ്പെടെ ജർമനി നേടിയ മൂന്നു ഗോളും ഗിനിയുടെ ഗുരുതര പിഴവിൽ ദാനമായി കിട്ടിയതായിരുന്നു. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശംവെച്ചതും കൂടുതൽ ഷോട്ടുതിർത്തതുമെല്ലാം ഗിനിയായിരുന്നെങ്കിലും ഫിനിഷിങ്ങിലെ മൂർച്ചയില്ലായ്മയും ഡിഫൻസിലെ പാളിച്ചകളും ജർമനിയെ വമ്പൻ നാണക്കേടിൽനിന്ന് രക്ഷിക്കുകയായിരുന്നു. നിറം മങ്ങിയ രണ്ടു ജയവുമായി ജർമനി കടന്നുകൂടുമ്പോൾ ഗോവയിൽ കോസ്റ്ററീകയെയും തകർത്ത് ഇറാൻ ഗ്രൂപ്പിലെ അമരക്കാരായി മാറിയിരുന്നു.
വിദേശത്ത് പരിശീലനം നടത്താൻ അവസരമൊന്നും ലഭിക്കാതെ നാട്ടിലെ പട്ടാളച്ചിട്ടയിൽ കളി പരിശീലിച്ചെത്തിയ വടക്കൻ കൊറിയ ടൂർണമെൻറിലെ ഏറ്റവും കരുത്തരായ ബ്രസീലിനെയും സ്പെയിനിനെയും ചെറുത്തുനിന്നതിൽപോലും പുൽത്തകിടികളിൽ പുതിയ പുലരികളിലേക്ക് പന്തുരുളാമെന്നതിെൻറ സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.